പരസ്പരം
ഡോ. കെ. വാസുകി
പൊതുവിദ്യാഭ്യാസ സെക്രട്ടറി
ജയിച്ചവർ തോറ്റവരെ കളിയാക്കരുത്!- ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് സംസ്ഥാനത്തെ പൊതുവിദ്യാലയത്തിലെ മൂന്നാംക്ലാസുകാരൻ എഴുതിയ ഉത്തരം മന്ത്രി വി. ശിവൻകുട്ടി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് അടുത്തിടെയാണ്. ഡോ. കെ. വാസുകിയുടെ 'ദി സ്കൂൾ ഒഫ് ലൈഫ്" എന്ന പുസ്തകത്തിന്റെ ആശയവും മറ്റൊന്നല്ല. ആദർശങ്ങളും മൂല്യങ്ങളും ഏറ്റവുമധികം സ്വാംശീകരിക്കേണ്ടത് ബാല്യകാലത്ത് സ്കൂളുകളിൽ നിന്നാണ് എന്നിരിക്കെ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി 'കേരളകൗമുദി" യോട് സംസാരിക്കുന്നു.
? സ്കൂൾ ഒഫ് ലൈഫ് എന്നാണല്ലോ സ്വന്തം പുസ്തകത്തിനു പേരിട്ടത്! ജീവിതം എന്ന വിദ്യാലയത്തെക്കുറിച്ച്...
വളരെ സത്യസന്ധമായ കാര്യങ്ങളാണ് 'ദി സ്കൂൾ ഒഫ് ലൈഫി"ൽ പറയുന്നത്. അത് ആളുകൾ എങ്ങനെ സ്വീകരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇതുവരെ വളരെ പോസിറ്റീവായ അഭിപ്രായങ്ങളാണ് ലഭിച്ചത്.
? വിജയപരാജയങ്ങൾ ഏറ്റവും സ്വാധീനിക്കുന്നത് സ്കൂൾ കാലഘട്ടത്തിലാണ്. വിജയത്തെ എങ്ങനെ നിർവചിക്കുന്നു.
ജയിച്ചവർ തോറ്റവരെ കളിയാക്കരുതെന്ന ആ കുട്ടിയുടെ വാക്കുകൾ തന്നെയാണ് ശരി. വിജയം എന്ന വാക്കിനെ പുനർനിർവചിക്കണം. പണം, സ്ഥാനമാനങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള നേട്ടങ്ങളെയാണ് നിലവിൽ വിജയങ്ങളായി വ്യാഖ്യാനിക്കുന്നത്. മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള ഒരു കുട്ടിയെ നമ്മൾ അംഗീകരിക്കുന്നില്ല. അനുകമ്പയും സഹാനുഭൂതിയും വൈകാരികബുദ്ധിയുടെ ഭാഗമാണ്. ഉയർന്ന വൈകാരികബുദ്ധി ഉള്ളവരാണ് പലപ്പോഴും ലോകത്തെ നയിച്ചതെങ്കിലും ലോകം ആഘോഷിക്കുന്നത് ബൗദ്ധികമായ ബുദ്ധിയെ മാത്രമാണ്. മഹാത്മാഗാന്ധിയെ പോലുള്ളവർ പകർന്ന മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുന്നവർ കുറയുന്നു. അതിനാൽ, നല്ല മനുഷ്യനെ ഉണ്ടാക്കിയെടുക്കുന്നതാണ് വിജയം എന്നാണ് എന്റെ അഭിപ്രായം.
? പുതിയ കുട്ടികൾ മാനസികാരോഗ്യം കുറഞ്ഞവരാണെന്ന് ആക്ഷേപമുണ്ടല്ലോ. അതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികൾ.
80,000 സ്കൂൾ അദ്ധ്യാപകരെ പ്രൈമറി കൗൺസലർമാരാക്കാൻ ഒരു ഉദ്യമം ആരംഭിക്കുകയാണ്. കുട്ടികളിലെ ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുകയാണ് ലക്ഷ്യം.
? സ്കൂളിൽ മോറൽ സയൻസ് അഥവാ വാല്യു എഡ്യുക്കേഷൻ എന്ന വിഷയം പഠിപ്പിക്കുന്നത് എത്ര മാത്രം ഫലവത്താണ്.
ചെറിയ ക്ലാസുകൾ മുതൽ മൂല്യങ്ങൾ പകരാൻ ഇത് സഹായിക്കുന്നുണ്ട്. എന്നാൽ, അതിന്റെ സ്വാധീനം ഇനിയും കുട്ടികളിലേക്ക് എത്തേണ്ടതുണ്ട്. പരീക്ഷാഫലം വരുമ്പോൾ കണക്കിനും സയൻസിനും ലഭിച്ച മാർക്കുകൾ തിരയുന്നവർ മോറൽ സയൻസിനെ മുഖവിലയ്ക്കെടുക്കാറില്ല.
? വഴക്കു പറയുന്നത് മകനിൽ ഉണ്ടാക്കിയ മനോവേദനയെക്കുറിച്ച് പുസ്തകത്തിൽ എഴുതിയല്ലോ.
പുസ്തകം ഉപദേശരൂപത്തിൽ വരാനല്ല ആഗ്രഹിച്ചത്. ജീവിതത്തിൽ ഓരോ ദിവസവും മാറ്റങ്ങൾ വരുത്താൻ ശ്രമിക്കാറുണ്ട്. കഴിഞ്ഞ എട്ട് വർഷമായി വ്യക്തിത്വത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി. ആ മാറ്റങ്ങൾ എങ്ങനെ കൊണ്ടുവന്നു, എന്തിന് കൊണ്ടുവന്നു എന്നൊക്കെ ആത്മപരിശോധന നടത്താറുണ്ട്. ശക്തികളെക്കാൾ ബലഹീനതകളെകുറിച്ചാണ് എഴുതിയത്. നാം നമ്മുടെ തെറ്റുകൾ അറിയുന്നില്ല. അറിഞ്ഞാൽപ്പോലും സമ്മതിക്കുന്നില്ല. സമ്മതിച്ചാലും അംഗീകരിക്കുന്നില്ല. അംഗീകരിച്ചാലും അത് മാറ്റുന്നില്ല. നമ്മുടെ തെറ്റുകൾ കണ്ടെത്തുന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസം. ഒരു 'വർക്ക് ഇൻ പ്രോഗ്രസ്" എന്നാണ് ഞാൻ എന്നെത്തന്നെ വിലയിരുത്തുന്നത്.
? സമൂഹമാദ്ധ്യമങ്ങളിൽ മണിക്കൂറുകളോളം ചെലവിടുന്നതായി ഈയിടെ നടന്ന കുട്ടികളുടെ പുസ്തകോത്സവത്തിനിടെ വിദ്യാർത്ഥികൾ തുറന്നുപറഞ്ഞു. ഇതേക്കുറിച്ച്...
കൊവിഡിനേക്കാൾ വലിയ നിശബ്ദ മഹാമാരിയാണ് അത്. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടി കരയാൻ തുടങ്ങുമ്പോൾത്തന്നെ രക്ഷകർത്താക്കൾ ഫോൺ നൽകുന്നു. തെറ്റാണെന്ന ബോദ്ധ്യത്തോടെയാണ് പലരും ഇത് ചെയ്യുന്നത്. ഫോണിൽ റീൽസ് കാണുമ്പോൾ ഒരു നിമിഷത്തേക്ക് തലച്ചോറിൽ ഡോപ്പമിൻ ഉണർവ് ലഭിക്കുന്നു. മനുഷ്യൻ അനിമൽ ബ്രെയിനിന്റെ അടിമകളാണ്. അനിമൽ ബ്രെയിൻ ആഗ്രഹിക്കുന്നതും ഈ താത്കാലിക ആനന്ദമാണ്. എന്നാൽ ഈ ആനന്ദവും സന്തോഷവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കമ്പോള ലോകം മൊബൈൽ, ലഹരി, ഭക്ഷണം എന്നിവയിലൂടെ നൽകാൻ ശ്രമിക്കുന്നതും താത്കാലികമായ ആനന്ദമാണ്.
ഒരു ഘട്ടമെത്തുമ്പോൾ ഡോപ്പമിന്റെ സ്വാധീനം തലച്ചോറിൽ തീർന്നുപോകും. അതോടെ ആനന്ദത്തിന് നേർവിപരീതമായി ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് നീങ്ങും. മാനസികസമ്മർദ്ദം, ഉത്കണ്ഠ എന്നിവയും പിടിമുറുക്കും. നെഗറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുന്ന ലോകത്ത് വരും തലമുറകളാണ് ഏറ്റവും ബാധിക്കപ്പെടുന്നത്. അസന്തുഷ്ടരും നിരാശരുമായ ഒരു തലമുറയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക. വിവാഹമോചനങ്ങൾക്കും തകർന്ന കുടുംബങ്ങൾക്കും ഇത് കാരണമാകുന്നു.
? പുസ്തകത്തിന്റെ പുതിയ പതിപ്പ്; എഴുതുവാനുള്ള സമയം...
പുതിയ എഡിഷൻ തയ്യാറാവുന്നുണ്ട്. തർജ്ജമയെക്കുറിച്ച് തീരുമാനിച്ചിട്ടില്ല. പുലർച്ചെ യോഗയും ധ്യാനവും കഴിഞ്ഞ് ഒന്നരമണിക്കൂറോളം എഴുതും. മീറ്റിംഗിനു പോകുന്ന യാത്രകളിലും എഴുതാൻ സമയം കണ്ടെത്തും.
? വിജയസാദ്ധ്യത കുറഞ്ഞ പരീക്ഷയാണല്ലോ സിവിൽ സർവീസ്. അതിനു തയ്യാറെടുക്കുന്നവരോട്.
ആത്മപരിശോധന നടത്താൻ കഴിവുള്ള ആളുകൾക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന മേഖലയാണിത്. എന്നാൽ ഇതുമാത്രമല്ല വിജയമെന്ന് ഓർക്കണം. സമൂഹത്തെ സേവിക്കാൻ പല മാർഗങ്ങളുണ്ട്. ദൃഢമായ വിശ്വാസവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ആർക്കും സ്വന്തം പാത കണ്ടെത്താം. സർക്കാർ തലത്തിൽ അല്ലാതെ കഴിവുള്ള വ്യക്തികൾ ധാരാളം മാറ്റങ്ങൾ കൊണ്ടുവന്ന ലോകമാണിത്. സിവിൽ സർവീസ് ഒന്നിന്റെയും അവസാനമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |