കൊല്ലം: കേരളത്തിൽ എയിംസ് ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് വരുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി.നദ്ദ പറഞ്ഞു. കൊല്ലത്ത് ബി.ജെ.പി സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളിലായിരുന്നു പ്രതികരണം.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും മോദി സർക്കാർ നടപ്പാക്കുന്ന വയോവന്ദൻ യോജന അടക്കമുള്ള പല ക്ഷേമ പദ്ധതികളും കേരളത്തിൽ നടപ്പാക്കുന്നില്ല. ഒഡീഷയിൽ ആയുഷ്‌മാൻ ഭാരത് നടപ്പാക്കിയില്ല. അടുത്ത തിരഞ്ഞെടുപ്പ് വന്നപ്പോൾ ജനങ്ങൾ ബി.ജെ.പിയെ അധികാരത്തിലേറ്റി. ഡൽഹിയിലും ഇക്കാര്യം ആവർത്തിച്ചു. സമാനമായി കേരളത്തിലെ ജനങ്ങളും ചിന്തിക്കും. കേന്ദ്ര സർക്കാർ ഒന്നും നൽകുന്നില്ലെന്നാണ് സി.പി.എമ്മും സംസ്ഥാന സർക്കാരും പറയുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനം അടക്കമുള്ള പ്രധാനപ്പെട്ട പദ്ധതികളെല്ലാം കേന്ദ്രത്തിന്റെ സഹായത്തോടെയാണ് നടക്കുന്നത്. ദേശീയപാത, റെയിൽവേ, വാട്ടർമെട്രോ അടക്കമുള്ള പദ്ധതികളെല്ലാം കേന്ദ്ര സർക്കാർ നൽകിയ വൻ തുക ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.
ബി.ജെ.പി വികസനത്തിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും വിഭജനത്തിന്റെ രാഷ്ട്രീയമാണ് സ്വീകരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണവർക്ക്. നരേന്ദ്രമോദി സർക്കാർ എല്ലാവർക്കും വികസനം, എല്ലാ മേഖലയിലും വികസനം എന്ന സമീപനത്തോടെയാണ് ഭരിക്കുന്നത്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ, സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കർ, സഹപ്രഭാരി അപരാജിത സാരംഗി, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കെ.രാമൻപിള്ള, രാജ്യസഭാംഗം സദാനന്ദൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.
എയിംസ് നഷ്ടമാക്കരുത്:
മന്ത്രി വീണാ ജോർജ്
കൊച്ചി: ബി.ജെ.പിയിലെ തർക്കങ്ങളുടെ പേരിൽ കേരളത്തിന് അർഹതപ്പെട്ട എയിംസ് നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഒരു പതിറ്റാണ്ടിലേറെയായുള്ള കേരളത്തിന്റെ ആവശ്യമാണിതെന്ന് മന്ത്രി കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെനേതൃത്വത്തിൽ കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനായി സംസ്ഥാനം കോഴിക്കോട് ജില്ലയിലെ കിനാലൂർ നിർദ്ദേശിക്കുകയും ചെയ്തു. വ്യവസായ വകുപ്പിന് കീഴിലുണ്ടായിരുന്ന 150ഏക്കറും അധികമായി 50ഏക്കറും ഏറ്റെടുത്ത് നടപടി സ്വീകരിച്ചു. എല്ലാ രേഖകളും കേന്ദ്രസർക്കാരിന് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |