ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് സിനിമാ രംഗത്ത് പരമോന്നത പുരസ്കാരമായ ദാദ സാഹിബ് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചത് കഴിഞ്ഞ ചൊവ്വാഴ്ച. ഡൽഹിയിൽ നടന്ന പ്രൗഢഗംഭീര സദസിൽ വച്ച് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങിയത്. ഫാൽക്കെ പുരസ്കാരം സ്വീകരിച്ച് കൊണ്ട് മോഹൻലാൽ നടത്തിയ പ്രസംഗത്തിൽ മഹാകവി കുമാരാനാശാന്റേത് എന്ന പേരിൽ പരാമർശിച്ച കവിതാശകലത്തെ കുറിച്ച് വിവാദം ഉടലെടുത്തിരുന്നു. എന്നാൽ അതിന്റെ അലയൊലികൾ അധികം നീണ്ടുനിന്നില്ല. എന്നാൽ പ്രസംഗത്തിൽ മോഹൻലാൽ നടത്തിയ മറ്റൊരു പരാമർശത്തെ കുറിച്ച് അധികം ആരും ശ്രദ്ധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകനും ദൂർദർശൻ മുൻ ഡെപ്യുട്ടി ഡയറക്ടറുമായ ബൈജു ചന്ദ്രൻ.
. ഫാൽക്കെ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന നിലയിലും കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വ്യക്തി എന്ന നിലയിലും തനിക്ക് അതിയായ സന്തോഷമുണ്ട് എന്നായിരുന്നു മോഹൻലാ?ൽ പ്രസംഗത്തിൽ പറഞ്ഞത്. വിവിധ മാദ്ധ്യമങ്ങളും ഈ വിശേഷണം ഏറ്റെടുത്തിരുന്നു. എന്നാൽ ഫാൽക്കെ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി മോഹൻലാൽ അല്ല എന്ന് ബൈജു ചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി. 60 വയസുള്ളപ്പോൾ ഫാൽക്കെ പുരസ്കാരം ലഭിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറാണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന് അദ്ദേഹം വ്യക്തമാക്കി. 1976ൽ പുരസ്കാരം ലഭിച്ച ആദ്യകാല അഭിനേത്രി കാനൻ ദേവിക്കും പുരസ്കാരം ലഭിക്കുമ്പോൾ 60 വയസായിരുന്നു പ്രായം.
1969ൽ ആദ്യത്തെ ഫാൽക്കേ അവാർഡ് ജേതാവായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമ്പോൾ ദേവികാ റാണി എന്ന മഹാ നടിക്ക് 61 വയസായിരുന്നു പ്രായം.1981 ൽ വിഖ്യാത സംഗീതസംവിധായകൻ നൗഷാദിന് ഈ അവാർഡ് ലഭിച്ചപ്പോൾ 62 വയസ്സ്. 1984ൽ ഫാൽക്കെ പുരസ്‌കാരത്തിനർഹനായ സാക്ഷാൽ സത്യജിത് റേയ്ക്കും 1987ലെ പുരസ്‌കാര ജേതാവായ 'ദി ഗ്രേറ്റ് ഷോമാൻ' രാജ് കപൂറിനും 63 വയസ്സായിരുന്നു പ്രായം.2004 ലെ പുരസ്‌കാരം ലഭിക്കുമ്പോൾ മലയാളത്തിന്റെ സ്വന്തം അടൂർ ഗോപാലകൃഷ്ണന് 64 വയസ്സും. .65 വയസ്സുള്ള മോഹൻലാലിന് കൂട്ടായി അതേ പ്രായത്തിൽ ഫാൽക്കേ അവാർഡ് നേടിയ മറ്റൊരു മഹാനടൻ ചരിത്രത്തിലുണ്ട്.1971 ലെ ജേതാവായ പൃഥ്വിരാജ് കപൂറെന്നും ബൈജു ചന്ദ്രൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |