ടെസ്‌ല മേധാവി ഇലോൺ മസ്‌ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളോട് സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സിന്റെ സബ്‌സ്‌ക്രിപ്‌ഷനുകൾ ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്‌തിരിക്കുകയാണ്.നെറ്റ്ഫ്ലിക്‌സ് കുട്ടികൾക്ക് അപകടകരമാണെന്നും, കുട്ടികളുടെ മികച്ച ഭാവിക്കായി ഓരോ രക്ഷാകർത്താക്കളും അവരുടെ സബ്‌സ്‌ക്രിപ്‌ഷനുകൾ ഉടൻ ഉപേക്ഷിക്കണമെന്നും എലോൺ മസ്‌ക് പറഞ്ഞു.
മസ്‌കിന്റെ വിമർശനത്തിന് പിന്നിൽ?
കഴിഞ്ഞ ഒരാഴ്ചയായി മസ്‌ക് തന്റെ സ്വന്തം പ്ലാറ്റ്ഫോമായ എക്സിൽ നെറ്റ്ഫ്ലിക്സിനെതിരെ നിരവധി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തിനായി നെറ്റ്ഫ്ലിക്സ് റദ്ദാക്കുണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ട്രംപിന്റെ അടുപ്പക്കാരനായ ചാർളി കിർക്ക് കഴിഞ്ഞ മാസം വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് 'ഡെഡ് എൻഡ് പാരാനോർമൽ പാർക്ക് എന്ന നെറ്റ്ഫ്ലിക്സ് സീരീസിൻ്റെ സ്രഷ്ടാവായ ഹമീഷ് സ്റ്റീൽ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി കിർക്കിന് ആദരാഞ്ജലി അർപ്പിച്ചപ്പോൾ, 'എന്തിനാണ് നിങ്ങൾ ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. ഒരു സാധാരണ നാസി വെടിയേൽക്കുമ്പോൾ അതൊരു പൊതു പ്രസ്താവനയാണോ' എന്ന സ്റ്റീലിന്റെ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്.
സ്റ്റീൽ കിർക്കിന്റെ മരണത്തെ കളിയാക്കുകയും അക്രമത്തെ ആഘോഷിക്കുകയും ചെയ്‌തുവെന്ന് ആരോപിച്ച് മസ്‌ക് പ്രസ്താവനയോട് പ്രതികരിച്ചു. കൊലപാതകം ആഘോഷിക്കുന്നവരെ നിയമിക്കുകയും ട്രാൻസ് അനുകൂല ഉള്ളടക്കം കുട്ടികൾക്ക് നൽകുകയും ചെയ്യുന്ന നെറ്റ്ഫ്ലിക്സ് അംഗത്വം ഉപേക്ഷിക്കുന്നുവെന്ന ഒരു ഉപയോക്താവിന്റെ പോസ്റ്റാണ് മസ്ക് ആദ്യം ഷെയർ ചെയ്തിരുന്നത്. പിന്നീട് സ്റ്റീലിനെ "ഗ്രൂമർ" എന്നു പോലും വിളിച്ച് മസ്ക് കളിയാക്കി.
സ്റ്റീലിനെക്കുറിച്ചുള്ള വിവാദം അദ്ദേഹത്തിന്റെ മുൻ നെറ്റ്ഫ്ലിക്സ് സീരീസായ 'ഡെഡ് എൻഡ്. പാരാനോർമൽ പാർക്കി'ലേക്ക് പെട്ടെന്ന് വ്യാപിക്കുകയായിരുന്നു. ഈ ഷോയിൽ ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെ നായകനായി അവതരിപ്പിച്ചതിനെ മസ്‌ക് വിമർശകർക്കൊപ്പം ചേർന്ന് എതിർത്തു. ഡെഡ് എൻഡ്: പാരാനോർമൽ പാർക്ക് എന്ന സീരീസിലെ ട്രാൻസ്‌ജെൻഡർ നായകന്റെ സംഭാഷണങ്ങൾ, കോകോമെലൺ എന്ന കുട്ടികളുടെ പരിപാടിയിൽ രണ്ട് അച്ഛൻമാരോടൊപ്പം ഒരു ബാലൻ നൃത്തം ചെയ്യുന്ന രംഗം, ജുറാസിക് വേൾഡ്: ക്യാമ്പ് ക്രെറ്റേഷ്യസ് എന്നതിൽ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ ചുംബിക്കുന്ന രംഗം എന്നിവ എൽജിബിടിക്യൂ പ്രചാരണമാണെന്ന് മുദ്രകുത്തി മസ്‌ക് ഷെയർ ചെയ്തു. നെറ്റ്ഫ്ലിക്സിലെ വെള്ളക്കാരല്ലാത്ത സംവിധായകരുടെയും പ്രധാന അഭിനേതാക്കളുടെയും എണ്ണം വർദ്ധിച്ചതിനെക്കുറിച്ചുള്ള വിവരങ്ങളും മസ്ക് പങ്കുവച്ചു. മസ്‌കിന്റെ ഈ പ്രസ്താവനകൾ വന്നതിന് പിന്നാലെ നെറ്റ്ഫ്ലിക്‌സിന്റെ ഓഹരി 2.2 ശതമാനമായി കുറഞ്ഞു എന്നതും ശ്രദ്ധേയമാണ്.
തനിക്കെതിരെയുള്ള പ്രചാരണം നുണകളും അപകീർത്തിപ്പെടുത്തലുമാണെന്നും താൻ ചാർലി കിർക്കിന്റെ മരണം ആഘോഷിച്ചിട്ടില്ലെന്നും സ്റ്റീൽ ബ്ലൂസ്കി കുറിച്ചു. എങ്കിലും തനിക്ക് വംശീയവും, ഹോമോഫോബിക്കും, യഹൂദ വിരുദ്ധവുമായ ധാരാളം മോശം ഇമെയിലുകൾ ലഭിക്കുന്നുണ്ടെന്നും അവ ഭയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.തനിക്കെതിരെയുള്ള വിമർശനങ്ങളോട് ഹാമിഷ് സ്റ്റീൽ പ്രതികരിച്ചത് ഇങ്ങനെയാണ്. ഡെഡ് എൻഡ്: പാരാനോർമൽ പാർക്ക് നിർമ്മിക്കാൻ അവസരം നൽകിയതിനും കഥ പറയാനുള്ള സ്വാതന്ത്ര്യം നൽകിയതിനും നെറ്റ്ഫ്ലിക്സിനോട് അദ്ദേഹം നേരത്തെ നന്ദി രേഖപ്പെടുത്തിയിരുന്നു. ഈ വിഷയത്തിൽ നെറ്റ്ഫ്ലിക്‌സ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എങ്കിലും, എലോൺ മസ്‌ക് തുടർച്ചയായി "നെറ്റ്ഫ്ലിക്‌സ് റദ്ദാക്കുക" എന്ന് ആഹ്വാനം ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ വിവാദമായി മാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |