SignIn
Kerala Kaumudi Online
Sunday, 05 October 2025 6.28 AM IST

ദേവസ്വം ബോർഡുകൾ ശാപമോ?

Increase Font Size Decrease Font Size Print Page

dewasam-

(യോഗനാദം 2025 ഒക്ടോബർ 1 ലക്കം എഡിറ്റോറിയൽ)

ശബരിമല ശ്രീകോവിലിനു മുന്നിലുള്ള ദ്വാരപാലക ശില്പങ്ങളിലെ സ്വർണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പഭക്തരുടെ നെഞ്ച് നീറുന്ന വാർത്തകളാണ് ദിനവും കേൾക്കുന്നത്. പവിത്രമായ ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയം തീരുമാനിച്ച്, ഹൈക്കോടതിയെ അറിയിക്കാതെ ചെന്നൈയിലേക്ക് അയച്ച സംഭവം അയ്യപ്പസംഗമ വേളയിൽത്തന്നെ ഉയർന്നുവന്നതാണ്. മുൻകാലങ്ങളിൽ നടന്ന ഇടപാടുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങളാണ് ഇപ്പോൾ വെളിച്ചത്തുവരുന്നത്. ശ്രീകോവിൽ വാതിലിലെയും തൂണിലെയും സ്വർണ കവചങ്ങളുമായി ഒരു ഉണ്ണിക്കൃഷ്ണൻ പോറ്റി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വർഷങ്ങൾക്കു മുമ്പ് നടത്തിയ പിരിവിന്റെയും തട്ടിപ്പുകളുടെയും മറ്റും നാണിപ്പിക്കുന്ന കഥകൾ ആഘോഷിക്കുന്ന തിരക്കിലാണ് മാദ്ധ്യമങ്ങൾ.

ഇത്തരം വാർത്തകൾ ഇതാദ്യമൊന്നുമല്ല. ശബരിമലയിലെ സകലകാര്യങ്ങളും നിയന്ത്രിച്ച, സന്നിധാനത്ത് സ്ഥിരതാമസമാക്കിയ സുനിൽ സ്വാമിയായിരുന്നു ഏതാനും വർഷം മുമ്പ് വാർത്താ പുരുഷൻ. സമ്പന്നരായ ഭക്തരിൽ നിന്ന് സൂത്രപ്പണികളിലൂടെ പണം തട്ടുന്ന ദേവസ്വം ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെടുന്ന ഗൂഢസംഘങ്ങൾ പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ വിളയാടുകയാണെന്നതാണ് വസ്തുത. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം എന്നിങ്ങനെ കേരളത്തിൽ സ്വയംഭരണാവകാശമുള്ള അഞ്ച് ദേവസ്വം ബോർഡുകളാണുള്ളത്. ഈ സ്വയംഭരണം പേരിനു മാത്രമുള്ളതാണ്. ഭരണത്തിലുള്ള സർക്കാർ നിശ്ചയിക്കുന്നവരാണ് ബോർഡുകളുടെയും ഭരണകർത്താക്കൾ. അവരുടെ രാഷ്ട്രീയം അതിന്റെ കൂടപ്പിറപ്പാണ്. സർക്കാരിന്റെ റവന്യു വകുപ്പിനും ദേവസ്വം വകുപ്പിനും ദേവസ്വം വകുപ്പു മന്ത്രിക്കും ഹൈക്കോടതിയുടെ ദേവസ്വം ഡിവിഷൻ ബെഞ്ചിനും ദേവസ്വം ഭരണത്തിൽ ഇടപെടേണ്ടി വരാറുമുണ്ട്.

അടിച്ചുതളിക്കാര്യം മുതൽ തന്ത്രിയുടെയും മേൽശാന്തിയുടെയും നിയമനം വരെയുള്ള ആയിരക്കണക്കിന് കേസുകളാണ് ഹൈക്കോടതിക്കു മുന്നിലുള്ളത്. ഹൈക്കോടതി അനുമതി വാങ്ങാതെ പ്രധാനപ്പെട്ട ഒരു കാര്യവും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കില്ല. ഇതിന്റെ പേരിൽ അപ്രധാനവും അനാവശ്യവുമായ പദ്ധതികളും പരിപാടികളും ഭംഗിയായി മറച്ചുവച്ച് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുമതി വാങ്ങി അത് മുന്നിൽ വച്ചുകൊണ്ട് നടത്തുന്ന കോടികളുടെ തട്ടിപ്പുകളും വേറെയുണ്ട്. മതേതര രാഷ്ട്രത്തിൽ ക്ഷേത്രഭരണത്തിൽ മാത്രം സർക്കാർ ഇടപെടലുകൾ ഉണ്ടാകേണ്ട കാര്യമില്ല. രാജഭരണത്തിന്റെ പശ്ചാലത്തമുള്ളതിനാൽ ചരിത്രപരമായ കാരണങ്ങൾകൊണ്ടാണ് അത് വേണ്ടിവന്നതെങ്കിലും ആ രീതി മാറ്റേണ്ട കാലമായി. ദേവസ്വം ഭരണത്തിൽ നല്ല കാര്യങ്ങളേക്കാൾ നടക്കുന്നത് കെട്ടകാര്യങ്ങളാണ്. അതിന്റെ പഴി സർക്കാരുകൾ ഏറ്റെടുക്കേണ്ടിയും വരുന്നു.

ക്ഷേത്രവരുമാനത്തിൽ ഏറിയ പങ്കും ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പളവും നൽകാനാണ് വേണ്ടിവരുന്നത്. നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുന്ന പണംകൊണ്ടാണ് ഉത്സവം ഉൾപ്പെടെ ക്ഷേത്രകാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ക്ഷേത്രങ്ങളുടെ ഭീമമായ ഭൂസ്വത്തും അമൂല്യവസ്തുക്കൾ ഉൾപ്പെടെയുള്ള സമ്പത്തും കൈമാറിക്കിട്ടിയിരുന്നെങ്കിലും ഇപ്പോൾ അതിൽ ഏറെയും അന്യാധീനപ്പെട്ടു. അമൂല്യവസ്തുക്കളുടെ കൃത്യമായ കണക്കില്ല. ഓഡിറ്റിംഗില്ല. കോടികൾ വിലമതിക്കുന്ന സ്വർണവും അമൂല്യരത്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ ഒരു സുതാര്യതയുമില്ല. ഭക്തർ അർപ്പിക്കുന്ന സ്വർണവും ദേവസ്വത്തിന് കിട്ടിയാലായി. അമൂല്യവസ്തുക്കളും ഭൂസ്വത്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്നില്ല.

ശബരിമല ശ്രീകോവിൽ സ്വർണം പൂശുന്നതിന്,​ വർഷങ്ങൾക്കു മുമ്പ് യു.ബി. ഗ്രൂപ്പ് ചെയർമാനും വിവാദ വ്യവസായിയുമായ വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ നല്ലൊരുപങ്കും ആവിയായിപ്പോയെന്നാണ് പുതിയ വാർത്ത. ദ്വാരപാലക ശില്പങ്ങളും ഈ സ്വർണം കൊണ്ട് പൊതിഞ്ഞതാണത്രെ. അത് മറച്ചുവച്ചാണ് വീണ്ടും ഇതേ ശില്പപാളികൾ സ്വർണം പൊതിയാൻ ചെന്നൈയിലേക്ക് കൊണ്ടുപോയത്. ഇത്തരം ജോലികൾ സന്നിധാനത്തുവച്ച് തന്നെ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല.
ശബരിമലയിൽ മാത്രമല്ല, ഗുരുവായൂരും ചോറ്റാനിക്കരയിലും ഏറ്റുമാനൂരും വൈക്കത്തും തൃപ്പൂണിത്തുറയിലും തുടങ്ങി വൻവരുമാനമുള്ള പ്രധാനപ്പെട്ട ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെല്ലാം ഇതാണ് അവസ്ഥ. ഗുരുവായൂർ അമ്പലത്തിനു ലഭിച്ച ഭൂസ്വത്തുക്കളെക്കുറിച്ച് വ്യക്തമായ ഒരു വിവരവും അവിടെയില്ല. ദേവസ്വം കേസുകൾ ഒന്നും കോടതികളിൽ കൃത്യമായി നടക്കുന്നില്ല. ഒത്തുകളിയിലൂടെ കേസുകൾ തോൽക്കുന്നതും,​ ലാൻഡ് ട്രിബ്യൂണലുകളിൽ നടക്കുന്ന കേസുകളിൽ ഹാജരാകാതിരിക്കുന്നതും തുടങ്ങി കോടികളുടെ ഭൂമിതട്ടിപ്പാണ് എല്ലാ ദേവസ്വങ്ങളിലും നടക്കുന്നത്. സഹസ്രകോടികളുടെ ആയിരക്കണക്കണിന് ഏക്കർ ദേവസ്വം ഭൂമികൾ അന്യമതക്കാരുടെ ഉൾപ്പെടെ അന്യായമായ കൈവശത്തിലാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊച്ചി താലൂക്കിലെ ഒരു ഭൂമിയിൽ സെമിത്തേരി വരെയുണ്ട്. തിരിച്ചുപിടിക്കാൻ പതിറ്റാണ്ടുകൾക്കു മുമ്പ് ഹൈക്കോടതി ഉത്തരവിട്ട നൂറുകണക്കിന് ഭൂമികളിൽ ഇന്നും നടപടിയില്ല.
തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ കോടികളുടെ അമൂല്യവസ്തുക്കളുടെ രേഖകൾ കാണ്മാനില്ല. കൈമാറിക്കിട്ടിയ രത്നങ്ങളും മറ്റും എവിടെപ്പോയെന്ന് അറിയില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണ നെറ്റിപ്പട്ടം തല്ലിപ്പൊളിച്ച് ഉരുക്കി പുതിയതുണ്ടാക്കി. ചരിത്ര പ്രാധാന്യവും പൗരാണിക മൂല്യങ്ങളും വാസ്തുവിദ്യാ പ്രത്യേകതകളുമുള്ള നൂറുകണക്കിന് കെട്ടിടങ്ങളാണ് വിവിധ ദേവസ്വം ഭൂമികളിൽ വേണ്ട പരിചരണമില്ലാതെ നശിക്കുന്നത്. കേന്ദ്ര ആർക്കിയോളജി വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതിനാലാണ് തൃശൂർ വടക്കുംനാഥൻ ക്ഷേത്രം അതേ പ്രൗഢിയോടെ നിലനിൽക്കുന്നത്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂസ്വത്തുക്കൾ വീണ്ടെടുക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പേരിൽ വിദേശത്ത് നടക്കുന്നത് കോടികളുടെ വ്യാജപിരിവുകളാണ്. കള്ളന്മാരായ ഉദ്യോഗസ്ഥരാണ് ഇതിന്റെയെല്ലാം ആണിക്കല്ലുകൾ. സത്യസന്ധർക്ക് ദേവസ്വം ബോർഡുകളിൽ ജോലി ചെയ്യാനാവില്ലെന്ന സ്ഥിതിയാണ്.

'കാട്ടിലെ തടി,​ തേവരുടെ ആന"യെന്ന രീതിയിലെ ദേവസ്വം ഭരണം അവസാനിപ്പിക്കേണ്ട കാലമായി. ഈ വിഴുപ്പു ഭാണ്ഡം ചുമന്ന് അതിന്റെ നാറ്റം സർക്കാരുകൾ സഹിക്കേണ്ടതില്ല. ദേവസ്വം ഭരണ സംവിധാനം പ്രൊഫഷണലായ രീതിയിലേക്ക് മാറ്റാൻ ഇനിയും അമാന്തിക്കരുത്. ഭൂരിഭാഗം ക്ഷേത്രങ്ങൾക്കും നിത്യനിദാനത്തിന് വകയില്ലാത്തതിനാലാണ് ദേവസ്വം ബോർഡുകൾ അനിവാര്യമെന്ന ഭയം സർക്കാരിനുള്ളതെന്ന് തോന്നുന്നു. കുറച്ചു ക്ഷേത്രങ്ങൾക്ക് ആ അവസ്ഥയുണ്ടാകാമെങ്കിലും ഭൂരിഭാഗം ക്ഷേത്രങ്ങളെയും നാട്ടുകാരായ ഭക്തരുടെ വരുമാനംകൊണ്ട് നന്നാക്കാവുന്നതേയുള്ളൂ. അതിനുള്ള സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ട സമയമാണിത്.

സർക്കാർ ഇടപെടലുകൾ പരമാവധി കുറച്ച്, കൃത്യമായ ചട്ടക്കൂടിൽ ജാതി വേർതിരിവുകൾ ബാധിക്കാത്ത രീതിയിൽ പരാതികൾക്കിടയില്ലാതെ ഒരു പരീക്ഷണത്തിന് സർക്കാർ മുതിരണം. ഗുരുവായൂരോ കൂടൽമാണിക്യമോ ഇതിന് പരീക്ഷണശാലയാക്കാം. ഭക്തർക്ക് ശാന്തിയും സമാധാനവും നൽകേണ്ടതാണ് ആരാധനാലയങ്ങൾ. ദൗർഭാഗ്യവശാൽ അത് ഇപ്പോൾ ലഭിക്കുന്നില്ല. പകരം വേദനിപ്പിക്കുന്ന കാര്യങ്ങളാണ് കേൾക്കേണ്ടിവരുന്നത്. ശബരിമലയുടെ നന്മയ്ക്കായി അയ്യപ്പസംഗമം സംഘടിപ്പിക്കാൻ സന്മനസ് കാണിച്ച സർക്കാർ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യമാണിത്.

TAGS: YOGANADHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.