നിയമ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് - CLAT 2026ന് ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.consortiumofnlus.ac.in. ബിരുദ തലത്തിൽ ബി.ബി.എ / ബി.എസ്‌സി / ബി.കോം എൽ എൽ.ബി പ്രോഗ്രാമുകളുണ്ട്. നാലു വർഷ ഓണേഴ്‌സ് പ്രോഗ്രാമാണിത്. കോഴ്‌സുകൾ ലാ സ്‌കൂളുകൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഗാന്ധിനഗർ ലാ സ്‌കൂളിൽ ബി.എസ്.ഡബ്ല്യു എൽ എൽ.ബി പ്രോഗ്രാമുണ്ട്. ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനും പുതുക്കിയ സിലബസും പുറത്തിറങ്ങി. 45 ശതമാനം മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. രാജ്യത്തെ 26 ദേശീയ നിയമസർവകലാശാലകളിലേക്കും മികച്ച ലാ സ്‌കൂളുകളിലേക്കും കൊച്ചി നുവാൽസിലും ക്ലാറ്റ് വഴിയാണ് അഡ്മിഷൻ.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ
..............................................
നിരവധി ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമുകളുണ്ട്. അഞ്ചു വർഷ ബി.എ എൽ എൽ.ബി, ബി.കോം എൽ എൽ.ബി, ബി.എസ്‌സി എൽ എൽ.ബി, ബി.ബി.എ എൽ എൽ.ബി മുതലായവ ഇതിലുൾപ്പെടുന്നു. ബൗദ്ധിക സ്വത്തവകാശം (intellectual property rights), പേറ്റന്റ് ലാ, കോർപ്പറേറ്റ് ലാ, കൺസ്യൂമർ ലാ തുടങ്ങി നിരവധി സ്‌പെഷ്യലൈസേഷനുകളുമുണ്ട്.
എൽ എൽ.ബിയോ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് നിയമ പ്രോഗ്രാമോ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പ്രോഗ്രാമിന് അപേക്ഷിക്കാം.
ഡിസംബർ ഏഴിനാണ് - CLAT യു.ജി/ പി.ജി പരീക്ഷ. ഓഫ്‌ലൈൻ മോഡിൽ രണ്ടു മണിക്കൂർ ദൈർഘ്യമുളള പരീക്ഷയാണിത്. നെഗറ്റീവ് മാർക്കിംഗ് രീതിയുണ്ട്. 4000 രൂപയാണ് പൊതു വിഭാഗത്തിൽപെട്ടവർക്കും ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്ക് 3500 രൂപ. മുൻ വർഷങ്ങളിലെ ചോദ്യപേപ്പർ ലഭിക്കാൻ 500 രൂപ കൂടി അടയ്ക്കണം.
നാഷണൽ ലാ യൂണിവേഴ്‌സിറ്റി ഭോപ്പാൽ, ബാംഗ്ലൂർ, NALSAR ഹൈദരാബാദ്, ജബൽപൂർ, ജോധ്പുർ, കൊച്ചി, കട്ടക്ക്, ഷിംല, സോനിപത്, തിരുച്ചിറപ്പള്ളി, റാഞ്ചി, നിർമ്മ യൂണിവേഴ്‌സിറ്റി അഹമ്മദാബാദ്, ഭുവനേശ്വർ, നർസീ മൊൻജീ ഇൻസ്റ്റിറ്റ്യൂട്ട്, ബെംഗളൂരു എന്നിവയിലേക്കുള്ള പ്രവേശനം ക്ലാറ്റ് സ്‌കോർ വഴിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |