തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വത്തിന്റേയും സർക്കാരിന്റേയും പണം ഉപയോഗിക്കില്ലെന്ന് കോടതിയെ അറിയിച്ച ദേവസ്വം ബോർഡ് ദേവസ്വം ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചതായി ആക്ഷേപം. അയ്യപ്പ സംഗമത്തിനുള്ള സ്പോൺസർഷിപ്പ് തുക ഉപയോഗിക്കാനുള്ള പ്രത്യേക അക്കൗണ്ടിൽ നിന്നാണ് പണം ചെലവഴിച്ചതെന്ന് ദേവസ്വം ബോർഡ്.
മൂന്ന് കോടി രൂപയാണ് ഇവന്റ് മാനേജ്മെന്റ് കമ്പനിയ്ക്ക് അഡ്വാൻസ് നൽകിയത് . ദേവസ്വം കമ്മിഷണറുടെ സർപ്ലസ് ഫണ്ടിൽ നിന്നാണ് ഈ തുക നൽകിയതെന്ന വിവരമാണ് പുറത്തു വന്നത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന് നൽകേണ്ടത് 8 കോടി 22 ലക്ഷം രൂപയായിരുന്നു. ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരമാണ് അഡ്വാൻസ് തുക നൽകിയത്.
അതേസമയം, സ്പോൺസർഷിപ്പിലൂടെയാണ് തുക കണ്ടെത്തിയതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.
സംഗമത്തിനായി ദേവസ്വം അക്കൗണ്ട്സ് ഓഫീസറുടെ പേരിൽ പ്രത്യേക സേവിങ്സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിരുന്നു. സ്പോൺസർമാരിൽ നിന്ന് ലഭിച്ച തുക ഈ അക്കൗണ്ട് മുഖാന്തരമാണ് കൈകാര്യം ചെയ്തത്. സർപ്ലസ് ഫണ്ടിൽനിന്നു ഒരു രൂപ പോലും ഉപയോഗിച്ചിട്ടില്ല. ബോർഡ് ഫണ്ടിൽ നിന്നും തുക മതപരമായ സമ്മേളനങ്ങൾക്കും പ്രഭാഷണങ്ങൾക്കും ചെലവ് ചെയ്യാൻ വ്യവസ്ഥയുണ്ടെങ്കിലും ഉപയോഗിച്ചിട്ടില്ല. ചെലവ് കഴിഞ്ഞ് മിച്ചമുള്ള തുക ദേവസ്വം ഫണ്ടായി മാറുന്നതാണ്. മറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വാർത്താകുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |