SignIn
Kerala Kaumudi Online
Monday, 06 October 2025 12.13 PM IST

അയ്യപ്പന്റെ സ്വർണം വിഴുങ്ങികൾ; മൂന്നാമൂഴവും

Increase Font Size Decrease Font Size Print Page
a

'എമ്പ്രാനല്പം കട്ടു ഭുജിച്ചാൽ അമ്പലവാസികളൊക്കെ കക്കും!" മോഷണക്കേസുകളിലും

കൊലക്കേസുകളിലും മറ്റും പൊലീസ് പിടിച്ചെടുത്ത് കോടതികളിൽ ഹാജരാക്കുന്ന തൊണ്ടി മുതലുകൾക്കും ആയുധങ്ങൾക്കും പിന്നീട് വിചാരണ വേളയിൽ രൂപമാറ്റം വരുന്ന മറിമായങ്ങൾ സാധാരണം. പക്ഷേ, ശബരിമല ക്ഷേത്രത്തിൽ ദ്വാരപാലക ശില്പത്തിൽ പൊതിഞ്ഞ സ്വർണപ്പാളികൾ 20 വർഷം കഴിഞ്ഞപ്പോൾ എങ്ങനെ ചെമ്പുപാളികളായി? സ്വർണം ആവിയായിപ്പോയോ?ദ്വാരപാലക ശില്പത്തിലെ പാളികൾ ഇളക്കിമാറ്റി സ്വന്തം കസ്റ്റഡിയിൽ വച്ച് ലക്ഷങ്ങളുടെ പണപ്പിരിവ് നടത്താൻ പുറത്തു നിന്നുള്ള സ്പോൺസർക്ക് എങ്ങനെ സാധിച്ചു?കള്ളൻ കപ്പലിൽത്തന്നെയോ?​

യു.ബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ 1998-99 ൽ ശബരിമല ശ്രീകോവിലിനൊപ്പം ദ്വാരപാലക ശില്പങ്ങളും സ്വർണം പൊതിഞ്ഞിരുന്നതായാണ് അന്നു കേട്ടത്. മുപ്പത് കിലോ സ്വർണമാണ് ഇതിന് ഉപയോഗിച്ചത്. പക്ഷേ, 2019-ൽ സ്വർണം പൂശാനായി തനിക്കു നൽകിയത് ചെമ്പുപാളികളാണെന്ന് സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി. സ്വർണം പൂശാൻ പാളികൾ വിട്ടുകൊടുത്തു കൊണ്ടുള്ള 2019 ജൂലായിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിലും രേഖപ്പെടുത്തിയിരിക്കുന്നത് ചെമ്പ് പാളികളെന്നാണ്. ചെന്നൈയിലെ സ്ഥാപനവും അതുതന്നെ പറയുന്നു. ദ്വാരപാലക ശില്പത്തിലെ പാളികൾക്ക് 40 വർഷത്തെ വാറന്റിയുള്ളതാണെന്നും, ചെന്നൈയിൽ സ്വർണം പൂശിയ സ്ഥാപനം തന്നെ ശരിയാക്കിത്തരുമെന്നും ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നും ദേവസ്വം ബോർഡ്.

അപ്പോൾ, ശില്പത്തിൽ പൊതിഞ്ഞ സ്വർണപ്പാളി 20 വർഷം കഴിഞ്ഞപ്പോൾ എങ്ങനെ ചെമ്പ് പാളിയായി?മാറ്റിയ സ്വർണപ്പാളി എവിടെ?സ്വർണം പൂശിയ പുതിയ വാതിൽ 2019 മാർച്ച്-11ന് പരിശോധിക്കുമ്പോൾ കണ്ടത് തിളക്കം മാറാത്ത സ്വർണ കവചം. നാല് മാസത്തിനു ശേഷം ജൂലായ് അഞ്ചിന് ഇതേ ശില്പങ്ങളിൽ സ്വർണം പൂശാൻ ദേവസ്വം ബോർഡ് അനുമതി നൽകി. ചെമ്പ് ശില്പങ്ങളിൽ സ്വർണം പൂശാൻ അനുമതി നൽകുന്നു എന്നായിരുന്നു ബോർഡിന്റെ വിശദീകരണം. അതെന്ത് മറിമായം?

 

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കെ. അനന്തഗോപന്റെയും ഇപ്പോഴത്തെ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും പരാമർശങ്ങളിലുമുണ്ട് വൈരുദ്ധ്യങ്ങൾ. ദേവസ്വം സ്വത്തുക്കൾ പുറത്തു കൊടുത്തുവിടുന്നത് ശരിയല്ലെന്നും, അറ്റകുറ്റപ്പണികൾ നടത്തേണ്ടത് സന്നിധാനത്ത് വച്ചുതന്നെയാണെന്നും ദേവസ്വം നിയമത്തിൽ പറയുന്നുണ്ടെന്നും അനന്തഗോപൻ. വിജയ് മല്യ ശ്രീകോവിലിനൊപ്പം, ദ്വാരപാലക ശില്പവും സ്വർണം

പൊതിഞ്ഞു നൽകിയതിന്റെ പണികൾ നടന്നതും സന്നിധാനത്തു തന്നെ. എന്നാൽ, ദേവസ്വം മാനുവൽ പ്രകാരം അറ്റകുറ്റപ്പണികൾക്കായി പുറത്തു കൊണ്ടുപോകാൻ പാടില്ലെന്ന വാദം ശരിയല്ലെന്നും, താൻ പ്രസിഡന്റായ ശേഷം അഞ്ചു തവണ കൊടിമരം പ്ളേറ്റിംഗിനായി ചെന്നൈയിൽ കൊണ്ടുപോയിട്ടുണ്ടെന്നും പ്രശാന്ത്. ഇതിൽ ആര് പറയുന്നതാണ് വാസ്തവം?

2019-ൽ ദാരുശില്പത്തിൽ നിന്ന് ഇളക്കിമാറ്റിയ പാളികളുടെ തൂക്കം 42.8 കിലോ. തിരികെ എത്തിച്ചപ്പോൾ 4.41 കിലോയുടെ കുറവ് ! ദേവസ്വം വിജിലൻസിന്റെ അസാന്നിദ്ധ്യത്തിലാണ് 2019-ൽ പാളികൾ ഇളക്കിയത്. ഈ പാളികൾ ചെന്നൈയിൽ എത്തിച്ചത് 39 ദിവസം കഴിഞ്ഞായിരുന്നു. അതിനിടെ പലയിടത്തും പ്രദർശിപ്പിച്ച് പണപ്പിരിവ് നടത്തിയെന്നാണ് റിപ്പോർട്ടുകൾ! ശബരിമലയിലെ ദ്വാരപാലക ശില്പം സ്വർണം പൊതിഞ്ഞതാണെന്ന് ഹൈക്കോടതിയും കഴിഞ്ഞ സെപ്തംബർ 15-ലെ ഉത്തരവിൽ വ്യക്തമാക്കി. കോടതി ഇതിന് ആധാരമാക്കിയത്

ദേവസ്വം ചീഫ് വിജിലൻസ് ആന്റ് സെക്യൂരിറ്റി ഓഫീസർ ഹാജരാക്കിയ രേഖകളും. സ്വർണം

പൊതിഞ്ഞ ദ്വാരപാലകരെ സ്ഥാപിക്കാൻ ദേവസ്വം കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിൽ ഡിവിഷണൽ എൻജിനിയർക്ക് ബോർഡ് സെക്രട്ടറി അനുവാദം നൽകുന്ന രേഖയും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ദ്വാരപാലകരെ ആവരണം ചെയ്ത ചെമ്പ് പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നു എന്നാണ് ഈ രേഖ വെളിവാക്കുന്നതെന്നും കോടതി വ്യക്കമാക്കി. അയ്യപ്പ ഭക്തർക്കു മാത്രമല്ല,സമൂഹത്തിനാകെ ഉത്തരം കിട്ടണം. 2019-ൽ സ്വർണപ്പാളികൾ ഇളക്കി സ്പോൺസർക്ക് നൽകിയതിന്റെയും, അത് ചെമ്പ് തകിടാണെന്ന് സാക്ഷ്യപ്പെടുത്തിയതിന്റെയും ഉത്തരവാദിത്വം ചില ഉദ്യോഗസ്ഥരിൽ മാത്രം ചാരി കൈകഴുകാൻ എ. പദ്മകുമാർ പ്രസിഡന്റായിരുന്ന അന്നത്തെ ദേവസ്വം ബോർഡ് ഭരണ സമിതിക്ക്

എങ്ങനെ കഴിയും?

ആ സ്വർണം എവിടെപ്പോയെന്ന് അന്വേഷിക്കുകയും അക്കാര്യം വെളിപ്പെടുത്തുകയും ചെയ്യേണ്ടത് പി.എസ്. പ്രശാന്ത് പ്രസിഡന്റായ ഇപ്പോഴത്തെ ദേവസ്വം ബോർഡ് ഭരണസമിതിയാണ്. 2019-ൽ നടന്ന സംഭവത്തിൽ തനിക്ക് ഉത്തവാദിത്വമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാൻ ഇപ്പോഴത്തെ പ്രസിഡന്റ് നടത്തുന്ന ശ്രമവും ജനങ്ങളെ

കബളിപ്പിക്കലല്ലേ എന്നാണ് ചോദ്യം.

 

അടുത്ത വ‌ർഷം മേയ് മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി സർക്കാരിന് മൂന്നാമൂഴം ലഭിക്കുമെന്ന കാര്യത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാഷിന് തെല്ലുമില്ല സംശയം! പമ്പയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് സമുദായ സംഘടനകളുടെ പിന്തുണ ലഭിച്ചതാണ് മാഷിന്റെ ഈ ഉറപ്പിന് അടിസ്ഥാനം. എസ്.എൻ.ഡി.പി യോഗം, കെ.പി.എം.എസ് എന്നിവയ്ക്കു പുറമെ, എൻ.എസ്,എസിന്റെയും ഉറച്ച പിന്തുണ. ആനന്ദലബ്ദ്ധിക്ക് ഇനിയെന്തു വേണം? സമുദായ സംഘടനകളെ കൊടിൽകൊണ്ടു പോലും തൊടില്ലെന്ന് പറഞ്ഞിരുന്നവരല്ലേ കമ്മ്യൂണിസ്റ്റുകാർ?അത് പണ്ടത്തെ കാര്യം; ഇപ്പോൾ കാലം മാറി!

വൈരുദ്ധ്യാത്മക ഭൗതിക വാദമൊക്കെ വെറുതെ വായിക്കാനും പറഞ്ഞുനടക്കാനും കൊള്ളാം. മുമ്പൊക്കെ ആ സിദ്ധാന്തം പാർട്ടി സ്റ്റഡി ക്ളാസുകളിൽ ഗോവിന്ദൻ മാഷും പഠിപ്പിച്ചതാണ്. വൈരുദ്ധ്യാത്മക ഭൗദികവാദമൊക്കെ നാല് വോട്ട് കിട്ടാനുള്ള പ്രായോഗിക വാദത്തിന് വഴി മാറി. എങ്ങനെയും അധികാരം പിടിക്കണം. പത്തു തുട്ട് കിട്ടണം. പണ്ട് ലോട്ടറി ടിക്കറ്റ് വിറ്റും ചുമടെടുത്തും നടന്നിരുന്ന പല സഖാക്കളും പിന്നീട് കോടീശ്വരന്മാരായെന്നും, വൻകിടക്കാരുമായാണ് ഇടപാടുകളെന്നും തൃശൂരിലെ ഒരു ഡി.വൈ.എഫ്.ഐ നേതാവ് മറ്റൊരു സഖാവിനോട് രഹസ്യമായി പറഞ്ഞതാണ്. പക്ഷേ, അത് പരസ്യമായതോടെ പറഞ്ഞ സഖാവും, കേട്ട സഖാവും പടിക്കു പുറത്ത്!

എങ്ങനെയും പണം സമ്പാദിക്കണമെന്ന ചിന്ത പാർട്ടി സഖാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്നതിന്റെ

ദൃഷ്ടാന്തങ്ങളാണ് കരുവന്നൂർ മുതൽ ഏറ്റവുമൊടുവിൽ ബ്രഹ്മഗിരിയിൽ വരെ നടന്ന

സഹകരണ ബാങ്ക് കൊള്ളകളെന്നാണ് ആക്ഷേപം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നൂറ് സീറ്റ് കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിനു ചോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് നടത്തുമെന്നു പറഞ്ഞിരുന്ന കെ.പി.സി.സി, ഡി.സി.സി പുന :സംഘടന

എന്തായെന്നൊക്ക അതിനിടെ ചോദിച്ച് വെറുതെ അലമ്പാക്കരുത്. അതിലൊക്കെ പോയി തലയിട്ടാൽ നേരം വെളുത്താലും അടി തീരില്ല. അഥവാ യു.ഡി.എഫിന് നൂറു സീറ്റ് കിട്ടിയില്ലെങ്കിൽ സതീശന്റെ വാസത്തിനു പറ്റിയ വനം വേണ്ടേ?അതിനുള്ള രഹസ്യ അന്വേഷണത്തിലാണത്രെ കോൺഗ്രസിലെ അദ്ദേഹത്തിന്റെ ചില ഉറ്റ 'സുഹൃത്തുക്കൾ!"

 

മെഡിക്കൽ കോളേജുകൾക്കും മറ്റ് സർക്കാർ ആശുപത്രികൾക്കും നൽകിയ ശസ്ത്രക്രിയാ

ഉപകരണങ്ങളുടെ കുടിശിക കിട്ടിയില്ലെങ്കിൽ അവ ആശുപത്രികളിൽ നിന്ന് എടുത്തുകൊണ്ടുപോകുമെന്ന് വിതരണ കമ്പനികൾ. എടുത്തുകൊണ്ടു പൊയ്ക്കോട്ടെ,​ അതൊന്നും നോക്കാൻ സർക്കാരിന് സമയമില്ല,; പണവുമില്ല. കാശുള്ളവൻ അടുത്തുള്ള സ്വകാര്യ ആശുപത്രികളെ സമീപിച്ചുകൊള്ളും. കാശില്ലാത്തവന്റെ കാര്യം സ്വാഹ!

നുറുങ്ങ്:

□ ഇങ്ങനെ പോയാൽ ശബരിമല അയ്യപ്പനെപ്പോലും അടിച്ചുമാറ്റുമെന്ന് പ്രതിപക്ഷം.

○ സ്വാമീ,​ നിന്നെ നീ തന്നെ കാത്തോളണേ എന്ന് ഭക്തജനങ്ങൾ.

(വിദുരരുടെ ഫോൺ: 99461 08221)

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.