ഈരേഴു പതിനാലു ലോകവും സ്വന്തമായുള്ള ഭഗവാന് എന്തിനാണ് ബാങ്ക് ഡെപ്പോസിറ്റ് എന്നു പാവങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല. എ.സി പോലും ഇല്ലാത്ത ശ്രീകോവിലെന്ന കുടുസുമുറിയിൽ നിറയെ സ്വർണാഭരണങ്ങളണിഞ്ഞ് ഇരുന്നിട്ടു കാര്യവുമില്ല. എല്ലാ ഭക്തരും ഭഗവാന്റെ ഉണ്ണികളാണ്. അതിലൊരു ഉണ്ണി നേദ്യത്തിലിത്തിരി കട്ടു ഭുജിക്കുന്നത് കുറ്റമല്ല. സാക്ഷാൽ ഉണ്ണിക്കണ്ണൻ തന്നെ വെണ്ണക്കള്ളനല്ലേ! കുസൃതിയാണെന്നു തിരിച്ചറിയാനുള്ള പക്വതയൊക്കെ മലയാളി ഭക്തർക്കുണ്ട്. കാലപ്പഴക്കത്താൽ ഭഗവാന്റെ ആഭരണങ്ങളിൽ നിന്നു പൊട്ടും പൊടിയുമൊക്കെ അടർന്നു വീഴുന്നത് സ്വാഭാവികമാണ്. അത് കൗപീന വാലിൽ കെട്ടിവച്ച് കടത്തി വിറ്റുകിട്ടുന്ന ചില്ലറകൊണ്ട് കപ്പലണ്ടി മൊട്ടായി വാങ്ങി തിന്നുന്നത് കുറ്റമല്ല. 'കൊച്ചുകുട്ടികൾ കുറ്റം ചെയ്താൽ കോലുമിട്ടായി ഡായ് ഡായ് " എന്നൊരു സിനിമയിൽ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.
ഇരുത്തിച്ചിന്തിച്ചാൽ ഒരു കാര്യം വ്യക്തമാകും. ഇത്രയ്ക്കു ചെറിയൊരു കാര്യത്തെയാണ് അജ്ഞാനികളായ കുറേ പേർ, ഭഗവാനെ കൊള്ളയടിച്ചു എന്നു പറഞ്ഞ് വിളിച്ചുകൂവുന്നത്. ഏതെങ്കിലുമൊരു ഉണ്ണി ചെറിയൊരു കുസൃതി കാട്ടിയതിനെ ഊതിപ്പെരുപ്പിച്ച് കഥയാക്കുന്നത് ഭഗവാൻ സഹിക്കില്ല. പാപികളേ, നരകം നിങ്ങൾക്കുള്ളതാകുന്നു എന്നൊരു ദൈവവചനമുണ്ട്!.
ശബരിമലയിൽ കീഴ്ശാന്തിയുടെ പരികർമ്മിയായെത്തി തന്ത്രിയേക്കാൾ വളർന്ന കിളിമാനൂർ കാരേറ്റ് ഉണ്ണിക്കൃഷ്ണൻ പോറ്റി കൈവച്ച സ്വർണാഭരണങ്ങൾ ആവിയായെന്നാണ് കണ്ടെത്തൽ. ജന്മസിദ്ധമായ ഒരു കൈപ്പുണ്യം ഉണ്ടെന്നത് അദ്ദേഹം സമ്മതിച്ചു. ശാന്തിക്കാർക്കു കഞ്ഞിയുണ്ടാക്കുമ്പോൾ കലത്തിൽ നിന്ന് ആവി പൊങ്ങുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ മറ്റൊരു ആവിയെക്കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കി. പേരിലൊരു കാരേറ്റ് ഉണ്ടെന്നല്ലാതെ, 24 കാരറ്റ് സ്വർണം 18 കാരറ്റും ചെമ്പുപാളിയുമൊന്നും ആക്കാനുള്ള താന്ത്രികമോ മാന്ത്രികമോ ആയ വിദ്യകൾ അറിയില്ലെന്നു ശരണം വിളിച്ചു പറയുകയും ചെയ്തു.
തന്ത്രിക്ക് ദേവന്റെ പിതാവിന്റെ സ്ഥാനമാണ്. തന്ത്രിയേക്കാൾ വളർന്ന ഉണ്ണിപ്പോറ്റി ഭഗവാന്റെ എന്തെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അത് അച്ഛന് മകൻ നൽകിയ പോക്കറ്റ് മണിയായി കരുതാനുള്ള പക്വത ദേവസ്വം ബോർഡിലെ പലർക്കുമുണ്ടെങ്കിലും ഭക്തന്മാരിൽ ഒരാൾക്കു പോലുമില്ല.
ശബരിമലയിലെ
സിദ്ധയോഗി
സ്വർണം ചെമ്പാക്കാൻ കഴിയുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സിദ്ധയോഗിയായി തമിഴന്മാരും കന്നഡക്കാരും തെലുങ്കൻമാരും കാണുന്നു. അങ്ങനെയൊരാൾക്ക് ചെമ്പ് സ്വർണമാക്കാനും കഴിയും. 'രസവിദ്യ" അറിയാവുന്ന സിദ്ധന്മാർ ത്രികാല ജ്ഞാനികളാണ്. 2008ൽ ശബരിമലയിൽ കീഴ്ശാന്തിയുടെ സഹായിയായി എത്തിയ പോറ്റി ബഹുഭാഷാ പണ്ഡിതനാണെന്നാണു വിവരം. അകത്തു ചൊല്ലുന്ന മന്ത്രം തത്സമയം വിവിധ ഭാഷകളിൽ വിവർത്തനം ചെയ്ത് ദർശനത്തിനെത്തുന്നവരിൽ നിന്ന് ദക്ഷിണ വാങ്ങുന്നത് മൂപ്പരുടെ ഹോബിയായിരുന്നെന്ന് പറയപ്പെടുന്നു. അടുത്തഘട്ടത്തിൽ, പ്രമുഖരുടെ ഫോൺ നമ്പരുകൾ വാങ്ങി മൊബൈലിൽ സേവനം നൽകി. സേവനം ഹൈടെക് ആക്കാൻ ഇടനിലക്കാരനായി നിന്നത് തെറ്റാണെന്ന് അയ്യപ്പൻ പറയില്ലെന്ന് കക്ഷിക്ക് ഉറപ്പുണ്ട്.
പെട്ടെന്നൊരു നാൾ സന്നിധാനത്തുനിന്ന് അപ്രത്യക്ഷനായ അദ്ദേഹം നാളുകൾക്കുശേഷം സ്‌പോൺസറായി അവതരിച്ചു. ശ്രീകോവിലിന്റെ വാതിലും ചില ശില്പങ്ങളും ഇദ്ദേഹം മുൻകൈയെടുത്ത് സ്വർണം പൂശി നൽകിയതോടെ ആൾ സിദ്ധയോഗി തന്നെയാണെന്ന് ദേവസ്വം ബോർഡിനും സർക്കാരിനും ബോദ്ധ്യമായി. സ്വർണം പൂശാൻ കൊണ്ടുപോയ സാധനങ്ങൾ പലയിടങ്ങളിലും പ്രദർശിപ്പിച്ചു കിട്ടിയ ദക്ഷിണ സിനിമ കണ്ടും ലോട്ടറിയെടുത്തും പാഴാക്കിയില്ലെന്നതാണ് അദ്ദേഹത്തിന്റെ വലിപ്പം. ദൈവനിന്ദ കാട്ടാതിരിക്കാൻ സ്ഥലവും കെട്ടിടങ്ങളും വാങ്ങാൻ പ്രത്യേകം ശ്രദ്ധിച്ചു.
ശബരിമലയ്ക്ക് യു.ബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ നൽകിയ 30 കിലോയിലേറെ ശുദ്ധ സ്വർണത്തിൽ അഞ്ചു കിലോയിലേറെ ആവിയായെന്നാണ് ലേറ്റസ്റ്റ് റിപ്പോർട്ട്. സ്വിറ്റ്‌സർലന്റിൽ നിന്ന് ഇറക്കുമതി ചെയ്ത 24 കാരറ്റ് സ്വർണത്തിൽ നിന്നാണ് ഇത്രയും നഷ്ടപ്പെട്ടത്. കായംകുളം കൊച്ചുണ്ണിയേക്കാൾ കേമനാണ് ഉണ്ണിയെന്ന് അറിഞ്ഞില്ലെന്ന് ദേവസ്വം ബോർഡുകാർ പറയുന്നു. താൻ കൊച്ചുണ്ണി ആണെങ്കിൽ വല്ല്യുണ്ണിമാർ ദേവസ്വം ബോർഡിൽ ഉണ്ടെന്നാണ് ഉണ്ണി പോറ്റിയുടെ പ്രതികരണം. ആരെങ്കിലും എടുത്തുതാരാതെ ഇതുമായി സന്നിധാനത്തു നിന്നു പോരാനാകുമോ എന്നാണ് അദ്ദേഹത്തിന്റെ മറുചോദ്യം.
സർക്കാരിന്റെ
സോഷ്യലിസ്റ്റ് ദൈവം
ഉണ്ണി പോറ്റിയടക്കമുള്ളവർ ശബരിമലയോടു കാട്ടുന്ന ക്രൂരതയിൽ സർക്കാരിന് വലിയ സങ്കടമുണ്ട്. സോഷ്യലിസ്റ്റ് ദൈവമായ അയ്യപ്പനെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് ആർക്കാണ് അറിയാത്തത്. അതുകൊണ്ടാണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയത്. പമ്പാമണപ്പുറം നിറഞ്ഞതിനാൽ ഇരിക്കാൻ സ്ഥലം കിട്ടാതെ രാജ്യാന്തര പ്രതിനിധികൾ പമ്പയിൽ നീന്തിനടക്കുകയായിരുന്നു. ശബരിമലയെ വലിയൊരു ക്ഷേത്രനഗരമാക്കാനുള്ള പദ്ധതിക്ക് വലിയ തോതിൽ പിരിവ് കിട്ടുമെന്നാണ് പ്രതീക്ഷ. കിട്ടിയിട്ട് ഒരുപാട് കാര്യങ്ങളുണ്ട്. ശബരിമലയിലൂടെ നാടിനെ മൊത്തമായി പരിപോഷിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം.
സുപ്രീംകോടതി വിധി തെറ്റിദ്ധരിച്ച് ചില കുട്ടികൾ ശബരിമലയിൽ അതിക്രമിച്ചു കയറിയതിൽ സർക്കാരിന് വലിയ സങ്കടമുണ്ട്. സർക്കാർ വിരുദ്ധരായ ചില പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കയറിയതിൽ അതിലേറെ സങ്കടമുണ്ട്. പ്രശ്‌നവിധി പ്രകാരം പാപ പരിഹാരമായി അപ്പോൾത്തന്നെ നവോത്ഥാന മതിൽ പണിയുകയും ചെയ്തു. തണുപ്പുകാലമായിരുന്നതിനാൽ അന്നു മതിൽ പണിയാനെത്തിയ പെണ്ണുങ്ങളിലേറെയും മൂടിപ്പൊതിഞ്ഞാണ് വന്നത്.
ക്ഷേത്രങ്ങളിലൂടെ നാടിന്റെ വികസനമാണ് സർക്കാർ ലക്ഷ്യം. ക്ഷേത്രങ്ങളിലെത്താൻ നല്ല റോഡുകൾ, ഭക്തർക്കു പൂജാസാധനങ്ങൾ വാങ്ങാൻ ഷോപ്പിംഗ് കോപ്ലക്‌സുകൾ, സ്വാമി അയ്യപ്പൻ ഉൾപ്പെടെയുള്ള സിനിമകൾ കാണാൻ സൊയമ്പൻ കൊട്ടകകൾ, ശാപ്പാടടിക്കാൻ അറ്റാച്ച്ഡ് സംവിധാനമുള്ള ഹോട്ടലുകൾ എന്നിങ്ങനെ ഒരുപാട് ഐഡിയകളുണ്ട്. സമുദായ മൈത്രി നിലനിൽക്കുന്ന കേരളത്തിൽ എല്ലാ വിഭാഗങ്ങളും സഹകരിച്ച് അത് എത്രയും വേഗം യാഥാർത്ഥ്യമാക്കുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം ശ്രീപദ്മനാഭ ക്ഷേത്ര നിലവറയിലുള്ളത് മുഴുവൻ സർക്കാർ ഏറ്റെടുത്താൽ കേരളത്തെ ന്യൂയോർക്ക് സിറ്റിയാക്കാമെന്ന് കുഞ്ഞാടിനെപ്പോലെ സാധുവായ ഒരു നിഷ്പക്ഷ നിരീക്ഷകൻ വർഷങ്ങൾക്കു മുമ്പ് കണ്ടെത്തിയിരുന്നു. വളരെ നല്ല കാര്യമാണെന്നും, സകല ആരാധനാലയങ്ങളിലും ഉള്ളത് സർക്കാർ ഏറ്റെടുത്താൽ ഇന്ത്യയെ അമേരിക്കയാക്കാമെന്നും കേട്ടിരുന്നവരിൽ ചിലർ നിഷ്‌കളങ്കമായി പ്രതികരിച്ചു. രംഗം മാറിയത് പെട്ടെന്നാണ്. ആട് സിംഹമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |