പത്തനംതിട്ട: ഇൗ മാസം 22ന് ശബരിമല ദർശനത്തിന് എത്തുന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാൻ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ഒരുക്കങ്ങൾ തുടങ്ങി. ഉച്ചയ്ക്ക് ശേഷം പമ്പയിൽ ഇരുമുടിക്കെട്ടുനിറച്ച് മല ചവിട്ടുമെന്നാണ് വിവരം. മല കയറ്റത്തിൽ ക്ഷീണമുണ്ടായാൽ യാത്ര തുടരുന്നതിന് അഞ്ച് ഡോളികൾ തയ്യാറാക്കും. ഡോളി എടുക്കുന്നവരെ രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം തിരഞ്ഞെടുക്കും. എസ്.പി.ജി സംഘം ഇൗയാഴ്ച ശബരിമലയിലെത്തിയേക്കും. 1973ൽ ശബരിമല ദർശനത്തിനെത്തിയ രാഷ്ട്രപതി വി. വി. ഗിരിയെ ചൂരൽ കസേരയിലിരുത്തി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തൊഴിലാളികൾ എടുത്തുകൊണ്ടുപോവുകയായിരുന്നു. അതിനു ശേഷമാണ് ഡോളിയായത്.
രാഷ്ട്രപതി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ നിലയ്ക്കലിൽ ഇറങ്ങുമെന്നാണ് സൂചന. പത്തനംതിട്ട പൊലീസ് ചീഫ് ആർ. ആനന്ദിന്റെ നേതൃത്വത്തിൽ ഇന്നലെ നിലയ്ക്കൽ ഹെലിപ്പാഡ് സന്ദർശിച്ചു. ഹെലിപ്പാഡിന് ചുറ്റുമുള്ള മരങ്ങൾ മുറിക്കാൻ ദേവസ്വം പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പമ്പയിലെ പൊതുമരാമത്ത് ഗസ്റ്റ് ഹൗസ് അയ്യപ്പസംഗമത്തിന് മുന്നാേടിയായി മുഖ്യമന്ത്രിക്ക് താമസിക്കാനായി പുതുക്കിപ്പണിതിരുന്നു. ഇവിടെയാകും രാഷ്ട്രപതി വിശ്രമിക്കുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമ്മു 22ന് ശബരിമലയിൽ ദർശനത്തിനെത്തുമെന്ന് സർക്കാരിന് അറിയിപ്പ് ലഭിച്ചതായി മന്ത്രി വി.എൻ വാസവൻ പറഞ്ഞു. നെടുമ്പാശേരിയിലിറങ്ങുന്ന രാഷ്ട്രപതി അവിടെ നിന്ന് സന്നിധാനത്തെത്തും. അവിടെ വിശ്രമിച്ച ശേഷം വൈകിട്ട് നാലിന് ദർശനം നടത്തും. അതിനുശേഷം തിരുവനന്തപുരത്തേക്ക് പോവും. 23ന് പാലാ സെന്റ് തോമസ് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലേക്ക് പോവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |