തിരുവനന്തപുരം: ശബരിമല സ്വർണത്തട്ടിപ്പ് വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനം. സ്ത്രീപ്രവേശന കാലത്ത് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥയുടെ മാതൃകയിൽ മേഖലാ ജാഥകൾ സംഘടിപ്പിക്കും. കെ.പി.സി.സി യുടെ നേതൃത്വത്തിലാവും ജാഥകൾ.
തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് ശബരിമല വിഷയം പരമാവധി ജനശ്രദ്ധയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനം. നാല് മണിക്കൂറോളം നീണ്ട യോഗത്തിൽ മുഖ്യ അജണ്ട ശബരിമല ആയിരുന്നു. പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തിയും നേതാക്കൾ പ്രകടിപ്പിച്ചു.
ജാഥയുടെ സമാപനമായി പത്തനംതിട്ട മുതൽ പന്തളം വരെ പദയാത്ര നടത്തും. സമാപന സമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കും. മേഖലാ ജാഥകളുടെയും സമാപന പദയാത്രയുടെയും റൂട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വർക്കിംഗ് കമ്മിറ്റി പ്രസിഡന്റുമാരുമുൾപ്പെട്ട കമ്മിറ്റി തയ്യാറാക്കും.
കെ.പി.സി.സി പുനഃസംഘടന വൈകുന്നതിലുള്ള നീരസവും പല നേതാക്കളും ശക്തമായ ഭാഷയിൽ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും പട്ടികയ്ക്കൊപ്പം സെക്രട്ടറിമാരുടെ പട്ടിക കൂടി നൽകാത്തത് കടുത്ത വിമർശനത്തിന് കാരണമായി. പുനഃസംഘടന കാര്യത്തിൽ വേണ്ടത്ര കൂടിയാലോചന നടത്തിയിട്ടില്ലെന്ന ആക്ഷേപവും ചിലർ ഉന്നയിച്ചു. പുനഃസംഘടന നീട്ടിക്കൊണ്ടു പോകുന്നത് തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും എത്രയും വേഗത്തിൽ പട്ടിക പ്രസിദ്ധീകരിക്കാൻ നടപടി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഡി.സി.സി അദ്ധ്യക്ഷന്മാരുടെ കാര്യത്തിൽ തൽക്കാലം തീരുമാനം വേണ്ടെന്ന അഭിപ്രായമാണ് മുതിർന്ന പല നേതാക്കളും പ്രകടിപ്പിച്ചത്.
സമുദായ സംഘടനകളുമായുള്ള ഏകോപനം മുമ്പത്തെപ്പോലെ ഫലപ്രദമല്ലെന്നാണ് പി.ജെ.കുര്യൻ, കെ.മുരളീധരൻ, ബെന്നിബഹനാൻ, എം.എം.ഹസൻ, വി.എസ് ശിവകുമാർ തുടങ്ങിയ നേതാക്കൾ ഉന്നയിച്ച വിമർശനം. ഈ അകൽച്ച കുറയ്ക്കാൻ നേതൃത്വത്തിന്റെ ഫലപ്രദമായ ഇടപെടൽ വേണം.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപട്ടിക പരിശോധിച്ച് കുറ്റമറ്റതാക്കാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലുള്ള സംഘത്തിന് അടുത്ത ദിവസം രൂപം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |