കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി വിവാദത്തിനു പിന്നാലെ മലബാർ ദേവസ്വത്തിലും സ്വർണം കട്ടത് വെളിച്ചത്തായി. കോഴിക്കോട് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തിലെ 20 പവനോളം വഴിപാട് സ്വർണം കാണാതായതായാണ് വിവരം. ദേവസ്വം ബോർഡ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഉരുപ്പടി കാണാതായത് കണ്ടെത്തിയത്. സ്ഥലം മാറിപ്പോയ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ സംഭവവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അധികൃതർ വിളിച്ചുവരുത്തി. ഇയാൾ ഉതുവരെ സ്വർണം തിരിച്ച് ഏൽപ്പിച്ചിട്ടില്ല. ദേവസ്വം ബോർഡ് അന്വേഷണമാരംഭിച്ചു.
2023 ൽ കോട്ട ക്ഷേത്രത്തിൽ നിന്ന് സ്ഥലം മാറിയ എക്സിക്യൂട്ടീവ് ഓഫീസർ സ്വർണവുമായി മുങ്ങിയെന്നാണ് ആരോപണം. സ്വർണം നഷ്ടപ്പെട്ടതായി പരാതി ഉയർന്നതോടെ സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലേക്ക് തിരിച്ച് വിളിപ്പിച്ചു. ദേവസ്വം വെരിഫിക്കേഷൻ ഓഫീസറിന്റെ സാന്നിദ്ധ്യത്തിൽ പരിശോധന നടത്തിയതിൽ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തി. പരാതി ഉയർന്നിട്ടും 20 മാസങ്ങൾക്കുശേഷമാണ് എക്സിക്യുട്ടീവ് ഓഫീസറെ വിളിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നഷ്ടപ്പെട്ട സ്വർണം തിരികെ ഏല്പിക്കാൻ ഈ മാസം മൂന്നു വരെ സമയം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥൻ ക്ഷേത്രത്തിലെത്തിയില്ല. ഇന്ന് വെരിഫിക്കേഷൻ ഓഫീസർ വീണ്ടും ക്ഷേത്രത്തിലെത്തും. സ്വർണം തിരിച്ചെത്തിച്ചില്ലെങ്കിൽ നടപടിയെടുക്കാനാണ് തീരുമാനം.
ദേവസ്വം ബോർഡ് നിഷ്ക്രിയം
2016ൽ ചാർജ് എടുത്ത ഓഫീസർ 2023ൽ സ്ഥലം മാറിപോകുമ്പോൾ പുതുതായി ചാർജെടുത്ത ഓഫീസർക്ക് കണക്കുകളൊന്നും നൽകിയില്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പഴയ ഓഫീസർ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നാണ് ആക്ഷേപം. ഒരു വർഷത്തിനു ശേഷം ചാർജ്ജെടുത്ത എക്സിക്യുട്ടീവ് ഓഫീസർ കണക്കുകൾ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. തുടർന്ന് രേഖാമൂലം മലബാർ ദേവസ്വം ബോർഡിനെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. മൂന്നാമത് ചാർജ്ജെടുത്ത എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനെ കഴിഞ്ഞ മാസം 18ന് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തിയത്. ഇയാളെ കഴിഞ്ഞ വർഷം കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടത്തിയ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു.
ഭക്തജന ധർണ
സ്വർണം നഷ്ടപ്പെടാൻ കാരണം മലബാർ ദേവസ്വം ബോർഡിന്റെ നിഷ്ക്രിയത്വമാണെന്ന് ആരോപിച്ച് ഇന്ന് ഭക്തജനങ്ങളുടെ ആഭിമുഖ്യത്തിൽ ബാലുശ്ശേരിയിൽ നാമജപഘോഷയാത്ര നടക്കും.
'കോഴിക്കോട് ജില്ലയിലെ രണ്ടു ക്ഷേത്രങ്ങളിൽ സ്വർണം നഷ്ടമായിട്ടുണ്ട്. കൊയിലാണ്ടിയിലെ ക്ഷേത്രത്തിൽ സ്വർണം നഷ്ടമായതിന്റെ കൂടുതൽ കാര്യങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇതിനെതിരെ വിശ്വാസികളെ സംഘടിപ്പിച്ച് കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകും."
- കെ.പ്രവീൺകുമാർ, ഡി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |