തിരുവനന്തപുരം: സെപ്തംബർ 22ന് ജി.എസ്.ടി നിരക്ക് കുത്തനെ കുറച്ചെങ്കിലും ഒട്ടുമിക്ക സാധനങ്ങൾക്കും വില കുറഞ്ഞില്ല. നേട്ടം കമ്പനികളും ചില്ലറ വില്പനക്കാരും പോക്കറ്റിലിടുന്നു. ഈ സ്ഥിതി തുടർന്നാൽ ഇടപെടേണ്ടി വരുമെന്ന നിലപാടിൽ കേന്ദ്രം. സംസ്ഥാന സർക്കാരുകളും ഇതിനോട് യോജിക്കുന്നു. ഒക്ടോബർ 20നു മുമ്പ് നിരക്കിളവിലെ വിടവ് നികത്തണമെന്ന് 800 ബ്രാൻഡുകൾക്കും കമ്പനികൾക്കും കേന്ദ്രം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാർ നടത്തിയ റാൻഡം സർവേയിൽ ഓട്ടോമൊബൈൽ രംഗത്ത് 100 ശതമാനം വിലക്കുറവുണ്ടായി. എന്നാൽ സോപ്പ്, ഷാമ്പു, പാക്കേജ്ഡ് ഫുഡ് തുടങ്ങിവയ്ക്ക് 40 ശതമാനവും ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾക്ക് 65 ശതമാനവും ഇൻഷ്വറൻസിൽ 48 ശതമാനവും മാത്രമാണ് വിലക്കുറവ് നടപ്പായത്. പ്രമുഖ ഇ-കൊമേഴ്സ് പ്ളാറ്റ്ഫോമുകളിൽ എം.ആർ.പിയിൽ തിരിമറിയുണ്ടെന്നും ആക്ഷേപമുണ്ട്. ഇതേത്തുടർന്ന് കേന്ദ്ര പ്രത്യക്ഷ നികുതി കസ്റ്റംസ് ബോർഡ് നടപടിക്കൊരുങ്ങുകയാണ്.
വിവിധയിടങ്ങളിൽ പലവില
ഒരേ ഉത്പന്നങ്ങൾക്ക് പല വിലയാണ് വിവിധ ഭാഗങ്ങളിൽ ഈടാക്കുന്നതെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ പരിശോധനയിലും കണ്ടെത്തി. കുപ്പിവെള്ളം പോലെ ഏതാനും ഉത്പന്നങ്ങൾക്ക് വിലക്കുറവുണ്ട്.
ചില വ്യാപാരികൾ നിരക്കിളവ് പൂർണമായും ജനങ്ങൾക്ക് നൽകുമ്പോൾ മറ്റുചിലർ ഭാഗികമായാണ് നൽകുന്നത്. ചിലരാകട്ടെ ഇത് അറിഞ്ഞ മട്ടില്ല.
നിരക്കിളവിന്റെ ശരിക്കുള്ള നേട്ടം കിട്ടാൻ നവംബർ വരെയെങ്കിലും കാത്തിരിക്കണമെന്നാണ് കമ്പനികൾ പറയുന്നത്
ഡിസ്കൗണ്ട് എന്ന പേരിലും തട്ടിപ്പ്
റെഡിമെയ്ഡ് വസ്ത്രങ്ങളിൽ ജി.എസ്.ടി കുറയ്ക്കേണ്ടതിന് പകരം ഡിസ്കൗണ്ട് എന്ന പേരിൽ പലയിടത്തും വിൽക്കുന്നു. ആശിർവാദ് ആട്ടയുടെ രണ്ടുകിലോ പാക്കറ്റിന് 136 രൂപയായിരുന്നത് 121 ആകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, 129, 131രൂപയ്ക്കാണ് വിൽക്കുന്നത്. അമുൽ ബട്ടർ 100 ഗ്രാമിന് 62 രൂപയിൽനിന്ന് 58 ആകുമെന്നാണ് കമ്പനി അറിയിച്ചിരുന്നതെങ്കിലും 59, 60 രൂപ വരെ വ്യാപാരികൾ ഈടാക്കുന്നു.
പരാതികൾ അറിയിക്കാം
നാഷണൽ കൺസ്യൂമർഹെല്പ് ലൈൻ- 1915
വാട്സ് ആപ്പ്- 8800001915
'നികുതി നിരക്ക് കുറയ്ക്കൽ വേണ്ടത്ര മുന്നൊരുക്കമില്ലാതെ നടപ്പാക്കിയതുകൊണ്ട് പ്രതീക്ഷിച്ച പ്രയോജനം സാധാരണക്കാർക്ക് കിട്ടുന്നതില്ല. എന്നാൽ സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിൽ കുറവുണ്ടാക്കുന്നുണ്ട്. കേന്ദ്രസർക്കാർ ജാഗ്രത കാട്ടിയില്ലെങ്കിൽ ഇത് തിരിച്ചടിയാകും".
- കെ.എൻ. ബാലഗോപാൽ, ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |