മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ളബ് ചിത്രമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക. കേരളത്തിൽനിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന സിനിമ എന്ന റെക്കാഡും ചിത്രം സ്വന്തമാക്കി. ആക്ഷനും ഫിക്ഷനും ചേർന്ന വ്യത്യസ്‌ത ഗെറ്റപ്പിലാണ് കല്യാണി ലോകയിലെത്തിയത്. ഇപ്പോഴിതാ ബെല്ലി ഡാൻസുമായെത്തി ആരാധകരെ ഞെട്ടിക്കുകയാണ് നടി. രവി മോഹനൊപ്പം പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം ജീനിയിലാണ് കല്യാണി ഐറ്റം നമ്പറിൽ ഞെട്ടിക്കുന്നത്. സിനിമയിലെ പുറത്തുവന്ന ആദ്യ വീഡിയോ സോംഗിലാണ് താരത്തിന്റെ ഡാൻസ് നമ്പറുള്ളത്.
എആർ റഹ്‌മാൻ സംഗീതം നൽകിയ 'അബ്‌ഡി അബ്‌ഡി' എന്ന പാട്ടാണ് പുറത്തിറങ്ങിയത്. രവി മോഹനൊപ്പം ചിത്രത്തിലെ മറ്റൊരു നായികയായ കൃതി ഷെട്ടിയും ഒന്നിക്കുന്ന ഡാൻസ് നമ്പറാണിത്. മഷൂക് റഹ്മാന്റേതാണ് വരികൾ. മായ്‌സ കരാ, ദീപ്‌തി സുരേഷ് എന്നിവരാണ് ഗാനം ആലപിച്ചത്. റാപ് പാടിയത് ഫ്രീക്കും. അറബിക് സ്റ്റൈലിലുള്ള പാട്ടിലെ കല്യാണിയുടെ ചുവടുകൾക്ക് കയ്യടിക്കുകയാണ് ആരാധകർ.
താൻ പുതിയൊരു കാര്യം പരീക്ഷിച്ചുവെന്നും എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും പാട്ട് പങ്കുവച്ച് കല്യാണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. 'അഭിനേതാവ് എന്ന നിലയിൽ മുൻപ് ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ പരീക്ഷിച്ച് വെല്ലുവിളികൾ ഏറ്റെടുക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പാട്ട് അത്തരത്തിൽ ഒന്നാണ്'- എന്നാണ് കല്യാണി കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |