തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉന്നത സ്ഥാനങ്ങളിലെത്താൻ വ്യാജ സർട്ടിഫിക്കറ്റുകളും യോഗ്യതയായി പരിഗണിക്കും! വാച്ചർ മുതൽ സെക്രട്ടറി തസ്തികയിൽ വരെ ഇത്തരം സർട്ടിഫിക്കറ്റുകൾ സാധുവാക്കിയ ചരിത്രമുണ്ട്, ദേവസ്വം ബോർഡിന്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സ്വാധീനവും കൈമടക്കും നൽകാൻ ശേഷിയുമുള്ള ആർക്കും എത്ര ഉയർന്ന തസ്തികയിലും കയറിപ്പറ്റാൻ പ്രയാസമില്ല. ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ദേവസ്വം ബോർഡ് പ്രത്യേകമായ മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് വ്യാപകമായതോടെ ഇത്തരം പ്രൊമോഷനുകളെ ഒരുവിഭാഗം ചോദ്യം ചെയ്തു. തുടർന്ന് കഴിഞ്ഞ വർഷം വ്യാജ സർട്ടിഫിക്കറ്റുകൾ സർവീസ് ബുക്കിൽ ചേർക്കരുതെന്നു കാട്ടി ദേവസ്വം ബോർഡിന് ഉത്തരവിറക്കേണ്ടിയും വന്നു.
2024 മേയ് മാസത്തിൽ 5129/24/ഇ.എസ്.ടി 1 എന്ന നമ്പരിൽ പുറത്തിറക്കിയ ഉത്തരവിൽ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പുതിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുമ്പോൾ സർവീസ് ബുക്കിന്റെ കസ്റ്റോഡിയന്മാരായ ഉദ്യോഗസ്ഥർ പരിശോധനയോ കൺഫർമേഷനോ കൂടാതെ സർട്ടിഫിക്കറ്റുകൾ സർവീസ് ബുക്കിൽ ഉൾപ്പെടുത്തി നൽകുന്ന പ്രവണതയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ സർവീസിൽ പ്രവേശിച്ചതിനുശേഷം നേടുന്ന ബിരുദ സർട്ടിഫിക്കറ്റുകളുടെ അംഗീകാരവും യാഥാർത്ഥ്യങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാണ്. വിദ്യാഭ്യാസ കോഴ്സുകളിൽ ചേരുന്നതിന് ഡിപ്പാർട്ട്മെന്റിൽ നിന്ന് എൻ.ഒ.സി വാങ്ങണം. സർവീസിൽ പ്രവേശിച്ചതിനുശേഷം ആർജ്ജിക്കുന്ന വിദ്യാഭ്യാസ യോഗ്യത സർവീസ് ബുക്കിൽ ചേർക്കുന്നതിനു മുമ്പായി ബന്ധപ്പെട്ട സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ രേഖാമൂലം കൺഫർമേഷൻ വാങ്ങണം. സർക്കാർ, പി.എസ്.സി, യു.ജി.സി എന്നിവ അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകൾ മാത്രമേ സർവീസ് ബുക്കിൽ രേഖപ്പെടുത്താനായി ഹാജരാക്കാവൂ.
സർവീസ് ബുക്ക് ആരംഭിക്കുമ്പോൾത്തന്നെ ജോലിയിൽ പ്രവേശിക്കുന്ന തസ്തികയുടെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളുടെയും മറ്റ് യോഗ്യതകളുടെയും സർട്ടിഫിക്കറ്റുകളുടെ അസൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഈ ഉത്തരവിൽ നിർദ്ദേശിക്കുന്നുണ്ട്. ദേവസ്വം ബോർഡിൽ തട്ടിപ്പിന് പിടിക്കപ്പെടുന്നവരിൽ അധികവും ഇത്തരം വ്യാജ സർട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നവരാണെന്നതും മറ്റൊരു വസ്തുതയാണ്. ഉത്തരവും ചട്ടവുമൊക്കെ കടലാസിലേയുള്ളൂ. നിയമനങ്ങളിലും ഉദ്യോഗക്കയറ്റത്തിലും മുഖ്യ മാനദണ്ഡം രാഷ്ട്രീയ സ്വാധീനവും കൈക്കൂലിപ്പണത്തിന്റെ കൊഴുപ്പും തന്നെ.
പറച്ചിലില്ല; ആരും
ചോദിക്കാനുമില്ല
സാധാരണ സർക്കാർ ഓഫീസുകളിലെന്ന പോലെ പൊതുജനം ആവശ്യങ്ങളുമായി കയറിയിറങ്ങാത്തവയാണ് ദേവസ്വം ബോർഡ് ഓഫീസുകൾ എന്നതുകൊണ്ട് ഒരു തിരിമറിയും അത്രവേഗമൊന്നും പിടിക്കപ്പെടില്ല. ക്രമക്കേടുകൾ കണ്ടെത്താൻ കൃത്യമായ ഓഡിറ്റുമില്ല. ശബരിമല ക്ഷേത്രത്തിലേക്ക് ഭണ്ഡാരങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന പണത്തിന്റെയോ സ്വർണത്തിന്റെയോ, സംഭാവനയായും വഴിപാടായും മറ്റും സമർപ്പിക്കപ്പെടുന്ന അമൂല്യ വസ്തുവകളുടെയോ കണക്കൊന്നും ആർക്കും അറിഞ്ഞുകൂടാ. സീസൺ സമയത്തെ വരുമാനം എത്രകോടിയെന്ന് ഒരു കണക്ക് മാദ്ധ്യമങ്ങളിൽ വരുമെന്നല്ലാതെ, ആ തുക ബോർഡിനു കീഴിലെ മറ്റു ക്ഷേത്രങ്ങളുടെ ചെലവിലേക്ക് നല്കിയതിന്റെ കണക്കോ, മറ്റു ചെലവുകൾക്ക് വിനിയോഗിച്ചതിന്റെ വിശദാംശങ്ങളോ ആരും ഇതുവരെ ചോദിച്ചിട്ടുമില്ല.
പുണ്യതീർത്ഥങ്ങളുടെ സംഗമഭൂമിയാണ് ശബരിമല. പതിനെട്ട് മലകളാൽ ചുറ്റപ്പെട്ട ശബരിമലയിൽ തപമനുഷ്ഠിച്ച ഋഷിമാരിൽ ഏറ്റവും ശ്രേഷ്ഠൻ മാദംഗ മഹർഷിയായിരുന്നു. ഋഷീശ്വരനമാർ തപ:ശക്തിയിൽ സപ്തതീർത്ഥങ്ങളെ ആവഹിച്ചൊഴുക്കിയ സ്ഥലമാണ് ഉരക്കുഴി തീർത്ഥം. മാദംഗ മഹർഷിയുടെ വിയോഗത്തിനുശേഷം ശിഷ്യയായ ശബരിയാണ് ആശ്രമത്തിൽ കഴിഞ്ഞിരുന്നത്. ശ്രീരാമഭക്തയായിരുന്നു ശബരി. വനവാസകാലത്ത് ശ്രീരാമചന്ദ്രൻ ശബരിയുടെ ആശ്രമത്തിലെത്തിയെന്നാണ് ഐതിഹ്യം. വാത്മീകി രാമായണത്തിൽ ആരണ്യകാണ്ഡത്തിന്റെ അവസാന ഭാഗത്തും കിഷ്കിന്ധാ കാണ്ഡത്തിന്റെ ആദ്യഭാഗത്തുമായാണ് ഈ സമാഗമത്തെപ്പറ്റിയും ശബരിമലയെപ്പറ്റിയും പമ്പാ സരസിനെപ്പറ്റിയുമുള്ള പരാമർശങ്ങൾ.
ശബരിക്ക് മോക്ഷം നൽകിയ ശ്രീരാമൻ പമ്പാതടത്തിലെത്തിയപ്പോഴാണത്രേ പിതാവ് ദശരഥ മഹാരാജാവിന്റെ ദേഹവിയോഗം അറിയുന്നത്. തുടർന്ന് ത്രിവേണി സംഗമത്തിലിറങ്ങി ശ്രീരാമൻ പിതാവിനായി ബലിതർപ്പണം നടത്തി. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർ പമ്പാസ്നാനം നടത്തുന്നതും ബലിതർപ്പണം നടത്തുന്നതും ഈ ഓർമ്മ പുതുക്കൽ കൂടിയാണ്. ഇങ്ങനെ, ഋഷീശ്വരന്മാരുടെ തപോഭൂമിയും ഐതിഹ്യങ്ങളിലെ പുണ്യഭൂമിയുമായ ശബരിമലയാണ് ഇപ്പോൾ സ്വർണക്കൊള്ളയുടെയും ക്രമക്കേടുകളുടെയും അഴിമതിയുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നത്.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |