ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് വിളിപ്പാടകലെ ദൂരം മാത്രം. സംവരണ വാർഡുകളുടെ നറുക്കെടുപ്പുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നതോടെ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പും വർദ്ധിക്കും. തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിലേക്കും ഒരുങ്ങേണ്ടതുണ്ട്. എങ്ങനെ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്താമെന്നും ഭരണം പിടിക്കാമെന്നുമാണ് രാഷ്ട്രീയ പാർട്ടികളുടെ തലപുകഞ്ഞ ആലോചന. പക്ഷേ വയനാട്ടിൽ ശബരിമലയിലെ നഷ്ടമായ സ്വർണമോ സംസ്ഥാന രാഷ്ട്രീയമോ ഒന്നുമല്ല വിഷയങ്ങൾ. അതൊന്നും ഇവിടെ കാര്യമായി ഏശില്ലെന്ന് ചുരുക്കം. ജില്ലയിലെ സഹകരണ ബാങ്കുകളിലെ നിയമന കോഴയെ തുടർന്നുണ്ടായ കോൺഗ്രസിലെ പൊട്ടിത്തെറിയും ആത്മഹത്യകളും ഇടതുമുന്നണി വിഷയമാക്കും. അതിനുള്ള കരുനീക്കവും ഇടതുപാളയത്തിൽ തുടങ്ങിയിട്ടുണ്ട്. ആരോപണങ്ങൾ ഉന്നയിച്ച് വെന്നിക്കൊടി നാട്ടാനായി സി.പി.എം തയ്യാറായി നിൽക്കുമ്പോഴാണ് ഇടതുമുന്നണിയെ കടത്തിവെട്ടി ബ്രഹ്മഗിരിയിലെ തട്ടിപ്പുമായി യു.ഡി.എഫിന്റെ വരവ്. സി.പി.എം നിയന്ത്രണത്തിലുള്ള സുൽത്താൻ ബത്തേരിയിലെ ബ്രഹ്മഗിരിയിൽ ജനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും കോടികളുടെ നിക്ഷേപം വാങ്ങി തിരിച്ചുനൽകാതെ നിക്ഷേപകരെ വഞ്ചിച്ചതിനെതിരെയാണ് യു.ഡി.എഫ് നീക്കം. രണ്ടുകൂട്ടരെയും ആരോപണ മുനയിൽ നിറുത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ഏർപ്പാടാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയും സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ എല്ലാംകൊണ്ടും വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും അതിനുശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പും ആരോപണ പ്രത്യാരോപണങ്ങൾക്കൊണ്ട് പൊടിപാറും.
'വിഷയമാകുന്ന"
തിര. വിഷയങ്ങൾ
പ്രാദേശിക വിഷയങ്ങൾക്കാണല്ലോ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രാധാന്യം. സഹകരണ സ്ഥാപനങ്ങളിൽ നിയമനം വാഗ്ദാനം ചെയ്ത് പലരിൽ നിന്നും കോൺഗ്രസ് നേതാക്കൾ ലക്ഷങ്ങൾ വാങ്ങി. ജോലി പോയിട്ട് വാങ്ങിയ കാശുപോലും തിരികെ നൽകിയില്ല. കോൺഗ്രസിൽ അഭിമാനമുള്ള നേതാവായിരുന്നു ഡി.സി.സി ട്രഷറർ എൻ.എം. വിജയൻ. നേതൃത്വത്തിന് വേണ്ടി വാങ്ങിയ തുകയുടെ പേരിൽ ഉറക്കം നഷ്ടപ്പെട്ടു. ലക്ഷങ്ങൾ നൽകിയവർ വിജയന്റെ വീട്ടിൽ കയറി ശല്യപ്പെടുത്തി. അങ്ങനെയാണ് ഭിന്നശേഷിക്കാരനായ മകൻ ജിജേഷിനും വിഷം നൽകി ഇരുവരും ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത്. ഇതുണ്ടാക്കിയ കോലാഹലങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പത്തുവർഷത്തിനിടെ അഞ്ചോളം പേരാണ് കോൺഗ്രസിൽ ഇങ്ങനെ പല പ്രശ്നങ്ങളുടെയും പേരിൽ ആത്മഹത്യ ചെയ്തതത്. എൻ.എം. വിജയന്റെ കുടുംബത്തിന്റെ ലക്ഷങ്ങളുടെ ബാദ്ധ്യത കഴിഞ്ഞമാസമാണ് നെഹ്റു കുടുംബത്തിന്റെ ശാസനയെത്തുടർന്ന് കെ.പി.സി.സിക്ക് അടച്ചു തീർക്കേണ്ടി വന്നത്.
എല്ലാം തീർന്നെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിൽ കുരുങ്ങി ജീവനൊടുക്കേണ്ടി വന്ന കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായരുടെ വിഷയം കോൺഗ്രസിൽ പുകഞ്ഞത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് രാജേന്ദ്രൻ നായരുടെ പേരിൽ നടത്തിയ ലക്ഷങ്ങളുടെ വെട്ടിപ്പും ചെറുതായിരുന്നില്ല. പലരുടെയും പേരിൽ ഇങ്ങനെ തട്ടിപ്പ് നടന്നു. പക്ഷേ രാജേന്ദ്രൻ നായർക്ക് പിടിച്ച് നിൽക്കാനായില്ല. അദ്ദേഹവും ആത്മഹത്യയിൽ അഭയം കണ്ടെത്തി. രാജേന്ദ്രൻ നായരുടെ പേരിൽ ബാങ്കിലുള്ള കടബാദ്ധ്യത ഒഴിവാക്കി വസ്തുവിന്റെ ആധാരം തിരിച്ച് നൽകുക, കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകുക, അർഹമായ ധനസഹായം നൽകുക, അഴിമതിക്കാരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കുടുംബം നിരാഹാര സമരവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. സമരവുമായി ബാങ്കിന് മുന്നലെത്തിയത് രാജേന്ദ്രൻ നായരുടെ 95 വയസുള്ള പിതാവ് ശ്രീധരൻ നായരായിരുന്നു. അവശനായ അദ്ദേഹത്തെ പൊലീസ് തന്നെയാണ് അറസ്റ്റുചെയ്ത് ആശുപത്രിയിലാക്കിയത്. തുടർന്ന് രാജേന്ദ്രൻ നായരുടെ ഭാര്യ ജലജ കഴിഞ്ഞദിവസം മുതൽ ബാങ്കിന് മുന്നിൽ സമരം ആരംഭിച്ചു. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറുദിവസം മുമ്പാണ് ബാങ്കിന് മുന്നിൽ സമരം ആരംഭിച്ചത്. ഇന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിന് മുന്നിലേക്ക് സി.പി.എം പുൽപ്പള്ളി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പർ സി.കെ. ശശീന്ദ്രനാണ് ഉദ്ഘാടനം ചെയ്യുക. ഇങ്ങനെ യു.ഡി.എഫ് ആകെ പകച്ച് നിൽക്കുമ്പോഴാണ് അവർക്കൊരു കച്ചിതുരുമ്പെന്ന പോലെ ബ്രഹ്മഗിരിയിലെ നിക്ഷേപ തട്ടിപ്പ് വീണ് കിട്ടുന്നത്.
ആരോപണങ്ങളിൽ
ദുരുദ്ദ്യേശമെന്ന്
വയനാട്ടിലെ കർഷക സമൂഹത്തെ സ്വയംപര്യാപ്ത കൈവരിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 1999-ലാണ് അന്നത്തെ സി.പി.എം നേതാവും മുൻ എം.എൽ.എയുമായ പി.വി. വർഗീസ് വൈദ്യരുടെ നേതൃത്വത്തിലാണ് ബ്രഹ്മഗിരി ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ രൂപീകരണം. സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ പിന്തുണ സൊസൈറ്റിക്ക് ലഭിച്ചു. ലക്ഷ്യം നല്ലതായിരുന്നെങ്കിലും ഇടയ്ക്ക് വച്ച് കാലിടറി. 2010-2020 കാലഘട്ടത്തിൽ വാർഷിക വിറ്റുവരവ് 30 കോടിയിലധികമായിരുന്നു. അഞ്ച് മേഖലകളായി 302 ഗ്രാമശ്രീ സ്വയം സഹായ സംഘങ്ങളായാണ് ആരംഭം. ക്ഷീരവികസന വകുപ്പ് ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സർക്കാർ നോമിനകളും, ചെയർമാനും, രണ്ട് വൈസ് ചെയർമാൻമാരും 14 ഡയറക്ടർമാർ ബോർഡ് അടക്കം 22 അംഗ ഭരണസമിതിയാണ് നിലവിലുള്ളത്. കർഷകർക്കൊപ്പം നിൽക്കുന്ന പദ്ധതികളും പരസ്യമൂല്യമുള്ളവയോട് കിടപിടിക്കുന്ന ഉത്പന്നങ്ങളുമായിരുന്നു ബ്രഹ്മഗിരിയെ ജനപ്രിയമാക്കിയത്. ശുദ്ധവും പോഷക സമൃദ്ധവുമായ വിവിധ ഇറച്ചികൾ മലബാർ മീറ്റ് എന്ന പേരിൽ കേരളക്കരയിലെങ്ങും എത്തി. ബത്തേരിക്കടുത്ത് മഞ്ചാടിയിൽ 13 ഏക്കർ സ്ഥലത്ത് സ്ഥാപിച്ച അത്യാധുനിക മൾട്ടി സ്പീഷസ് മാംസസംസ്ക്കരണ പ്ളാന്റിലൂടെ ഉത്പ്പന്നങ്ങൾ ഇറങ്ങി. വയനാടൻ കാപ്പി ലക്ഷ്യമിട്ട് നൂതന പദ്ധതികൾക്കും തുടക്കമിട്ടു. ഇടനിലക്കാരെ ഒഴിവാക്കിയുള്ള പദ്ധതിക്ക് വൻ സ്വീകാര്യതയുണ്ടായി. കർഷകത്തൊഴിലാളി സാമൂഹിക വികസന ഫണ്ട് കൊണ്ടായിരുന്നു പ്രവർത്തനം. ഫണ്ട് നാനാ മേഖലകളിൽ നിന്നായി കണ്ടെത്തി. ഒരു വർഷത്തേക്ക് 9.5 ശതമാനവും 12 വർഷത്തേക്ക് പത്തുശതമാനവും 25 വർഷത്തേക്ക് 10.5 ശതമാനവുമായിരുന്നു പലിശനിരക്ക്. കൊവിഡും നിപയും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും എല്ലാം കൂടിയായപ്പോൾ പദ്ധതിക്ക് താളപ്പിഴ സംഭവിച്ചു. അറുനൂറോളം നിക്ഷേപകരുണ്ടായിരുന്നു. സർക്കാർ ജോലികളിൽ നിന്ന് വിരമിച്ചവരും പാർട്ടി അനുഭാവികളും ലക്ഷങ്ങൾ നിക്ഷേപിച്ചു. നാലുവർഷം മുമ്പുവരെ നിക്ഷേപർക്ക് പലിശ കൃത്യമായി നൽകി. പലിശ മുടങ്ങിയതോടെ നിക്ഷേപകർ രംഗത്തിറങ്ങി. പാർട്ടിയുടെ മുഖം വികൃതമാകാതിരിക്കാൻ വേണ്ടി പലരും വിവരം പുറത്ത് പറയാതിരുന്നു. ജില്ലയിലെ സി.പി.എം നിയന്ത്രണത്തിലുളള പതിനൊന്നോളം സഹകരണ സംഘങ്ങളും ബ്രഹ്മഗിരയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതും ലക്ഷങ്ങൾ. യു.ഡി.എഫ് ഈ പ്രശ്നം ഉന്നയിച്ചാണ് ഇപ്പോൾ രംഗത്തുള്ളത്. ആരോപണങ്ങൾ ദുരുദ്ദ്യേശത്തോടെയാണെന്ന് സൊസൈറ്റി തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുമ്പോഴാണ് ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളെന്നും ഭരണസമിതിക്ക് വേണ്ടി ചെയർമാൻ പി.കെ. സുരേഷ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |