തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിയമസഭയിൽ ആക്രമിക്കാൻ എം.എൽ.എമാരായ എ.പി.അനിൽകുമാറിനെയും ടി.സിദ്ധിഖിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞുവിട്ടെന്ന് മന്ത്രി എം.ബി.രാജേഷ് ആരോപിച്ചു.
ചോദ്യോത്തര വേള ശാന്തമായി തുടരവേ രണ്ടു പേരെ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വിട്ടു. അവർ മുഖ്യമന്ത്രിക്ക് മുന്നിലെത്തി ആക്രമിക്കാൻ ശ്രമിച്ചു. ക്രിയാത്മക പ്രതിപക്ഷം അക്രമാക്തമക പ്രതിപക്ഷമായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സ തുടരുന്ന ഉമാ തോമസിനെ പ്രതിഷേധത്തിന് മുന്നിൽ മനുഷ്യ കവചമായി ഉപയോഗിക്കുന്ന ഹൃദയശൂന്യതയാണ്
പ്രതിപക്ഷം കാട്ടിയതെന്നും രാജേഷ് ആരോപിച്ചു.
അതേസമയം, മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഭരണപക്ഷമാണ് നടുത്തളത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ സമരം നേരിടാനും സഭാനടപടികൾ സ്തംഭിപ്പിക്കാനും ഭരണപക്ഷം വാച്ച് ആൻഡ് വാർഡിനെ നടുത്തളത്തിലിറക്കി. വനിതാ അംഗങ്ങളെ അവർ തള്ളി മാറ്റി. പ്രതിപക്ഷം മുഖ്യമന്ത്രിയോട് മാന്യമായാണ് പെരുമാറിയത്. മന്ത്രിമാർ നടുത്തളത്തിലിങ്ങിയില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞതോടെ സതീശൻ പ്രകോപിതനായി. ''അത് നിങ്ങളാണോ തീരുമാനിക്കുന്നത്. ആ കസേരയിലിരുന്ന് കള്ളം പറയരുത്''- സതീശൻ സ്പീക്കറോട് പറഞ്ഞു. സതീശന്റെ മൈക്ക് ഓഫ് ചെയ്ത് മന്ത്രി രാജേഷിന് പ്രസംഗിക്കാൻ അവസരം നൽകിയതോടെ സഭ ബഹിഷ്കരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.
ആക്രമിച്ചത് 3അംഗങ്ങൾ: മുഖ്യമന്ത്രി
മൂന്ന് പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായിവിജയനും വ്യക്തമാക്കി. അവരും മനുഷ്യരാണ്. വല്ലാത്ത സമ്മർദ്ദത്തിലായിപ്പോയി. ഒരു വാച്ച് ആൻഡ് വാർഡ് ക്ഷീണഭാവത്തിലായി. നാല് എം.എൽ.എമാർ അവരെ പിടിച്ചുവലിച്ചു. നിശബ്ദജീവികളായ വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചതെന്തിനാണ് ? ഇതെല്ലാം താൻ കണ്ടതാണ്. സ്പീക്കർ ഉചിതമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'സ്പീക്കറുടെ മുഖംമറച്ച് ആക്ഷേപ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. മഹാരഥന്മാർ ഇരുന്ന നിയമസഭയാണിത്. സഭ തടസപ്പെടാതിരിക്കാനാണ് വാച്ച് ആൻഡ് വാർഡ് നടുത്തളത്തിലിറങ്ങിയത്. സഭ നടത്തിക്കൊണ്ടുപോകാനുള്ള സർക്കാരിന്റെ താത്പര്യം സംരക്ഷിക്കേണ്ടത് സ്പീക്കറാണ്. ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കരുത് ''
- എ.എൻ. ഷംസീർ, സ്‌പീക്കർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |