കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഗാസയിൽ രക്തമൊഴുകാതെ ഒരു ദിനംപോലും കടന്നുപോയിട്ടില്ല. ഇരുപതിനായിരത്തിലേറെ കുഞ്ഞുങ്ങൾ ഉൾപ്പെടെ 65,000 പേർക്ക് ജീവഹാനി സംഭവിച്ച മണ്ണായി മാറിയ ഗാസയിൽ യുദ്ധത്തിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെ വെടിയൊച്ചകൾ നിലയ്ക്കുന്നതിന്റെ സമാധാന സൂചനകൾ വന്നുകൊണ്ടിരിക്കുകയാണ്. ഗാസയിലെ സമാധാന ഉടമ്പടിയുടെ ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും അംഗീകാരം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ പ്ളാറ്റ്‌ഫോമിലൂടെ അറിയിച്ചത് ലോകം പൊതുവെ ആശ്വാസത്തോടെയാണ് ഉൾക്കൊള്ളുന്നത്. എന്നാൽ ഉടമ്പടി നടപ്പിലാക്കുന്നതിനുള്ള സമയക്രമം വ്യക്തമായിട്ടില്ല. 'ട്രൂത്ത് സോഷ്യലി"ൽ ട്രംപ് കുറിച്ചതുപ്രകാരം ഒന്നാം ഘട്ടത്തിൽത്തന്നെ എല്ലാ ബന്ദികളും മോചിപ്പിക്കപ്പെടും. കൂടാതെ ഇസ്രയേൽ സൈന്യം ഒരു നിശ്ചിത അതിർത്തിയിലേക്ക് പിൻവാങ്ങുകയും ചെയ്യും. ഇത് സുസ്ഥിരവും ശക്തവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പായിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഈജിപ്തിൽ നടന്ന, ഖത്തർ, ഈജിപ്‌ത്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ മദ്ധ്യസ്ഥർ കൂടി പങ്കെടുത്ത ചർച്ചയിലാണ് സമാധാന കരാറിന് വഴിയൊരുങ്ങിയിരിക്കുന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിന് മറുപടിയായി ഗാസയിൽ ഇസ്രയേൽ സൈനിക നടപടി തുടങ്ങിയതിനുശേഷം രണ്ടുവർഷവും രണ്ടുദിവസവും കഴിഞ്ഞാണ് യുദ്ധത്തിന് വിരാമമാകുന്നത്. ഹമാസിന്റെ അന്നത്തെ ആക്രമണത്തിൽ ഇസ്രയേലിൽ 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഗാസയിൽ ബോംബ് വീഴാത്ത ഒരു ദിവസംപോലും ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. ആദ്യത്തെ ചെറുത്തുനില്പിനു ശേഷം ഹമാസും ഏതാണ്ട് പൂർണമായും ശിഥിലമായതോടെ തികച്ചും ഏകപക്ഷീയമായ ആക്രമണമാണ് ഗാസയിൽ നടന്നുകൊണ്ടിരുന്നത്. ഇതിനിടയിൽ ഇസ്രയേലും ഇറാനുമായും ഏറ്റുമുട്ടലുണ്ടായി. പശ്ചിമേഷ്യയെ സംഘർഷപൂരിതമാക്കിയ ഈ ഏറ്റുമുട്ടലുകളും ആക്രമണങ്ങളും ലോകത്തെ ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് തള്ളിവിടുമോ എന്ന ആശങ്ക പോലും ലോകത്ത് നിഴലിക്കുകയുണ്ടായി.
ഉപാധികളെല്ലാം അതേപടി അംഗീകരിച്ചിട്ടില്ലെങ്കിലും കരാറായതായി ഹമാസിന്റെ കേന്ദ്രങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കരാറിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കാൻ ഇസ്രയേലിനെ നിർബന്ധിക്കണമെന്ന് ഹമാസ് ബന്ധപ്പെട്ട രാജ്യങ്ങളോടും ട്രംപിനോടും ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ പ്രാഥമിക സമാധാന ഉടമ്പടി വിജയകരമായി മാറട്ടെ എന്നാണ് ലോകത്തെ സമാധാനകാംക്ഷികളായ എല്ലാ മനുഷ്യരും പ്രാർത്ഥിക്കുന്നത്. കരാർ അതേപടി നടപ്പാക്കപ്പെടുകയാണെങ്കിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഒരു വലിയ നേട്ടമായും ഇത് വ്യാഖ്യാനിക്കപ്പെടും. വീടുകളും ആശുപത്രികളും സ്‌കൂളുകളുമൊക്കെ ഏതാണ്ട് പൂർണമായും തകർന്ന് തരിപ്പണമായ ഗാസയുടെ പുനർ നിർമ്മാണത്തിനും ഭരണ നിർവഹണത്തിനും വേണം ഇനി ഏറ്റവും പ്രാധാന്യം നൽകേണ്ടത്. ഇതിന് ലോകത്തെ എല്ലാ സമ്പന്ന രാജ്യങ്ങളും അകമഴിഞ്ഞ സഹായങ്ങൾ ഉറപ്പാക്കേണ്ടതുമാണ്. അതിനു മുമ്പുതന്നെ ഗാസയിൽ ശേഷിക്കുന്നവർക്ക് ഭക്ഷണത്തിനുള്ള അവശ്യവസ്തുക്കൾ പോലും ഇല്ലാത്തതിനാണ് പരിഹാരം കാണേണ്ടത്.
കഴിഞ്ഞ മാർച്ച് മാസം മുതൽ ഗാസയിലേക്ക് അവശ്യവസ്തുക്കൾ കയറ്റിവിടുന്നത് ഇസ്രയേൽ തടഞ്ഞിരുന്നു. മരുന്നിനും ശുദ്ധജലത്തിനും ഇന്ധനത്തിനും ക്ഷാമമുണ്ട്. അതിനാൽ സമാധാനത്തിന്റെ കരാർ നിലവിൽ വന്ന് ആദ്യ ഘട്ടത്തിൽത്തന്നെ അവിടെ കഴിയുന്നവർക്ക് ഭക്ഷണവും മരുന്നും എത്തിക്കുകയാണ് വേണ്ടത്. യുദ്ധം കൊടിയ നാശം വിതയ്ക്കുന്നതിനൊപ്പം വലിയ ചെലവേറിയതുമാണ്. യുദ്ധത്തിൽ പങ്കാളികളാകുന്നവർ സാമ്പത്തിക പ്രതിസന്ധിയെയും നേരിടേണ്ടിവരും. ഇത് ജയിച്ചതായി അവകാശപ്പെടുന്ന പക്ഷത്തിന്റെയും നടുവൊടിക്കുന്ന കാര്യമാണ്. ഏതൊരു യുദ്ധത്തിലും അതിന്റെ കെടുതിയെല്ലാം ആത്യന്തികമായി അനുഭവിക്കേണ്ടിവരുന്നത് നിഷ്കളങ്കരായ കുട്ടികളും സ്‌ത്രീകളും സമാധാനത്തോടെ കഴിഞ്ഞിരുന്ന മറ്റ് സാധാരണ മനുഷ്യരുമാണ്. ലോകത്തിന്റെ ഏതു കോണിലും യുദ്ധത്തിന്റെ പേരിൽ ഇവരുടെ നിലവിളികൾ ഉയരുന്നത് മാനവസ്നേഹമുള്ളവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. അതിനാൽത്തന്നെ ഗാസയിൽ കണ്ണുനീർ നിലയ്ക്കുന്നതും പുഞ്ചിരി വിടരുന്നതും ലോകം സർവാത്‌മനാ സ്വാഗതം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |