ഇന്ത്യയിൽ കൊൽക്കത്ത കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫുട്ബാൾ ആരാധകരുള്ള നഗരങ്ങളിലൊന്ന് കോഴിക്കാടാണ്. ഫുട്ബാളിനെ നെഞ്ചേറ്റിയ ജനതയാണ് ഇവിടെയുള്ളത്. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളിലും കോഴിക്കോടിന്റെ ആവേശം എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ ലോകകപ്പ് സമയത്ത് പുള്ളാവൂർ ചെറുപുഴയിൽ ഉയർന്ന മെസിയുടെയും റെണാൾഡോയുടെയും നെയ്മറിന്റെയും കട്ട് ഔട്ടുകളും ലോകശ്രദ്ധ നേടിയിരുന്നു. എപ്പോഴൊക്കെ ഫുട്ബാൾ മത്സരങ്ങൾ ഈ നഗരത്തിലെത്തിയിട്ടുണ്ടോ അപ്പോഴൊക്കെ ഹൃദയം കൊണ്ടാണ് കോഴിക്കോട്ടുകാർ മത്സരത്തെ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ നിർഭാഗ്യകരമായ വസ്തുത എന്തെന്നാൽ നാളേക്കുള്ള കായികതാരങ്ങളെ വളർത്തിയെടുക്കാൻ കോഴിക്കോട് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബാൾ സ്റ്റേഡിയം ഇല്ലെന്നതാണ്. കൊച്ചി കലൂരും തിരുവനന്തപുരം ഗ്രീൻഫീൽഡിലുമെല്ലാം ക്രിക്കറ്റ് സ്റ്റേഡിയങ്ങളുണ്ടെങ്കിലും ഫുട്ബാളിനായി കേരളത്തിൽ ഫിഫയുടെ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടുള്ള മറ്റൊരു സ്റ്റേഡിയമില്ലെന്ന് എടുത്ത് പറയേണ്ടതാണ്. കോഴിക്കോടും മലപ്പുറത്തും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങൾ സംസ്ഥാന സർക്കാർ പണിയുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. കോഴിക്കോട് ബൈപാസിന് സമീപം ഫിഫയുടെ അംഗീകാരമുള്ള പുതിയ ഫുട്ബാൾ സ്റ്റേഡിയത്തിനുള്ള പദ്ധതി തയ്യാറായത് ആശ്വാസകരമാണ്. എന്നാൽ സ്ഥിരം പദ്ധതികളെപ്പോലെ ഇതും വെള്ളത്തിൽ വരച്ച വരയായി മാത്രം മാറുമോയെന്നാണ് ആരാധകരുടെ ചോദ്യം.
മരുഭൂമിയിലെ മഴപോലെ സൂപ്പർ ലീഗ്
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം സൂപ്പർ ലീഗ് കേരളയുടെ രണ്ടാംപതിപ്പിന്റെ കിക്കോഫ് വീണ്ടും കോഴിക്കോട് നടന്നിരിക്കുകയാണ്. നിറഞ്ഞു കവിഞ്ഞ ഗാലറികളാണ് കോഴിക്കോട്, സൂപ്പർ ലീഗിന് സമ്മാനിച്ചത്. യുവ ഫുട്ബാൾ താരങ്ങൾക്ക് പ്രൊഫഷനൽ വേദി നൽകുക, മികച്ച രീതിയിൽ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഫുട്ബാളിനെ അടിമുടി മാറ്റിയ പ്രഫഷനൽ ലീഗായ സൂപ്പർ ലീഗ് കേരള പിറവികൊണ്ടത്. കഴിഞ്ഞ സീസണിലെ സെമിയും ഫൈനലും കാഴ്ചക്കാരുടെ സമീപകാല റെക്കാഡ് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാംപതിപ്പിന്റെ കളിയും സംഘാടനവും മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയും റണ്ണേഴ്സ് അപ്പായ ഫോഴ്സ കൊച്ചിയും തമ്മിൽ നടന്ന ഇത്തവണത്തെ ആദ്യ മത്സരവും കഴിഞ്ഞ ഫൈനലിന്റെ ആവർത്തനമായി മാറി. ഫുട്ബാളിനെ ഭ്രാന്തമായി കാണുന്ന കോഴിക്കോട്ടെ ആദ്യ പതിപ്പിന്റെ സെമിക്കും ഫൈനലിനും മാത്രം 64,739 പേരാണ് സ്റ്റേഡിയത്തിലേക്കൊഴുകിയെത്തിയത്. അരലക്ഷത്തോളം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കോർപറേഷൻ സ്റ്റേഡിയത്തിൽ ഫൈനലിനെത്തിയതാകട്ടെ 35,672 കാണികളായിരുന്നു. അതിനൊത്ത ജനസഞ്ചയം ഈ സീസണിലും ഇ.എം.എസ് സ്റ്റേഡിയത്തിലെത്തി. വരും മത്സരങ്ങളിലും ഗാലറി നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
കോഴിക്കോടിന്റെ ആവേശം
സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആവേശക്കൊടിയേറ്റമായിരുന്നു. വിജയദശമി ദിനത്തിൽ ആയിരങ്ങൾ ഇ.എം.എസ് സ്റ്റേഡിയത്തിൽ ഒഴുകിയെത്തി. ഫുട്ബാളിനെ കോഴിക്കോട്ടുകാർ എങ്ങനെയാണ് നെഞ്ചേറ്റുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമായി കാലിക്കറ്റ് എഫ്.സിയും ഫോഴ്സ കൊച്ചിയും തമ്മിലുള്ള ഉദ്ഘാടന മത്സരം. ഫിഫയുടെ അംഗീകൃത പന്തായ സാഹോ കോഴിക്കോടിന്റെ മണ്ണിൽ ഉരുണ്ടതോടെ കാണികളുടെ ആരവംകടലിലെ തിരമാല പോലെ അലയടിച്ചു. സൂപ്പർ ലീഗ് ആദ്യ പതിപ്പിനേക്കാൾ ആവേശത്തോടെയാണ് രണ്ടാം പതിപ്പിനെ ഏറ്റെടുത്തത്.
വൈകിട്ട് നാലു മണിയോടെ തന്നെ ഫുട്ബാൾ ആരാധകർ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. ഒരു വർഷത്തെ കാത്തിരിപ്പിന്റെ അവസാനം ആഘോഷമാക്കാൻ കോഴിക്കോട്ടുകാർ തീരുമാനിച്ചതോടെ അവധി ദിവസമായിരുന്നിട്ടു കൂടി വലിയ ഗതാഗതത്തിരക്കാണ് മാനാഞ്ചിറയിലും പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുമുണ്ടായത്.
മനം കവർന്ന കലാസന്ധ്യ
പാട്ടും നൃത്തവുമായി ത്രസിപ്പിച്ച കലാസന്ധ്യയായിരുന്നു സൂപ്പർ ലീഗിന്റെ മറ്റൊരു സവിശേഷത. സ്വതസിദ്ധമായ പാട്ടുമായെത്തിയ റാപ്പർ വേടൻ കാണികളെ കൈയിലെടുത്തു. ആകാശത്ത് വർണവിസ്മയം വാരി വിതറിയും ലൈറ്റ്ഷോ നടത്തിയും തുടക്കം അവിസ്മരണീയമായി. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, കാലിക്കറ്റ് എഫ്.സിയുടെ അംബാസിഡറും സുപ്രസിദ്ധ സിനിമാ താരവുമായ ബേസിൽ ജോസഫ്, കോർപ്പറേഷൻ ഡെ. മേയർ മുസാഫർ അഹമ്മദ്, ബി.കെ മാത്യൂസ്, നവാസ് ബീരാൻ, മാത്യു ജോസഫ് തുടങ്ങിയവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |