സ്വർണപ്പാളി വിവാദത്തോടെ ശബരിമലയിൽ നിന്ന് ഉയർന്നുകേൾക്കുന്നത് തട്ടിപ്പുകളുടെ പരമ്പരയാണ്. ചെറിയ തെറ്റുകൾക്കുപോലും കീഴ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്ന ഉദ്യോഗസ്ഥർ തട്ടിപ്പുകളുടെ തലതൊട്ടപ്പന്മാരായിരുന്നു! ഭക്തർ സമർപ്പിക്കുന്ന കാണിക്കപ്പണം എണ്ണാൻ എത്തുന്ന ജീവനക്കാരെ പ്രാകൃത രീതിയിൽ ദേഹപരിശോധന നടത്തുകയും, കർശന നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്തിരുന്നവരാണ് സ്വർണക്കൊള്ളയ്ക്ക് നേതൃത്വം നൽകിയതെന്നത് അവിശ്വസനീയമാണ്.
ശബരിമലയിലെ വികസനത്തിന്റെ പേരിൽ തയ്യാറാക്കുന്ന പല പദ്ധതികളും തട്ടിപ്പിനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള ഉപാധി മാത്രമായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നത്.
ശബരിമല മാസ്റ്റർപ്ലാൻ അനുസരിച്ചുള്ള വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഹൈപവർ കമ്മിറ്റിയാണ്. ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘമാണ് ശബരിമലയിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള എല്ലാ പദ്ധതികളും നടപ്പിലാക്കുന്നത്.
ഇത്തരം പദ്ധതികൾ നടപ്പാക്കുന്നതിന് ദേവസ്വത്തിന്റെയും സർക്കാരിന്റെയും ഫണ്ടിനു പുറമെ സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുവാനും ഒരു സമിതിയെ നിയോഗിച്ചിരുന്നു. കേരളത്തിനു പുറമെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമുള്ള ഭക്തരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി, കണക്ക് കൃത്യമായി സൂക്ഷിക്കുന്നതിനും സംവിധാനമുണ്ട്. ഇതിനായി ഹൈപവർ കമ്മിറ്റി അംഗങ്ങളെ കൂടാതെ സമൂഹത്തിൽ ഉന്നതസ്വാധീനമുള്ള ഭക്തരെയും വ്യാപാരികളെയും വ്യവസായികളെയുമൊക്കെ ഉൾക്കൊള്ളിക്കുകയും ചെയ്തിരുന്നു. ഈ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് ദേവസ്വം ബോർഡ് പല പദ്ധതികളും നടപ്പിലാക്കിയിരുന്നത്.
സ്പോൺസർ കമ്മിറ്റി!
ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ഏതാനും മാസങ്ങൾക്കു മുമ്പ് ഒരു തട്ടിക്കൂട്ട് സ്പോൺസർ കമ്മിറ്റിയെ ദേവസ്വം ബോർഡ് തിരഞ്ഞെടുത്തു. ശബരിമലയുടെ പേരിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചിലർ വ്യാപക തോതിൽ പണപ്പിരിവ് നടത്തുന്നെന്ന് കാട്ടിയായിരുന്നു ഇത്. ദേവസ്വം ബോർഡ് പി.ആർ.ഒ, ഫോട്ടോഗ്രാഫർ എന്നിവരായിരുന്നു കമ്മിറ്റിയിൽ. ദേവസ്വം ഉന്നത ഉദ്യോഗസ്ഥരെയോ ദേവസ്വം ലെയ്സൺ ഓഫീസറെയോ പോലും ഉൾപ്പെടുത്താതെ രൂപീകരിച്ച കമ്മിറ്റി ഇതുവരെ എത്ര രൂപ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തിയിട്ടുണ്ടെന്ന് ദേവസ്വം വെളിപ്പെടുത്തിയിട്ടില്ല. കമ്മിറ്റി രൂപീകരിച്ച കാര്യം കോടതിയെ അറിയിച്ചിട്ടുമില്ല!
ശബരിമലയിൽ നടക്കുന്ന ഏതു തരം നിർമ്മാണ പ്രവർത്തനങ്ങൾക്കും ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് പണം ചെലവഴിക്കാതെ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുകയാണെന്നാണ് ബോർഡിന്റെ ഭാഷ്യം. ഇത് ശബരിമലയിൽ ഭക്തർ നൽകുന്ന വഴിപാട് പണം എടുക്കാതിരിക്കാനാണെന്നാണ് പറഞ്ഞിരുന്നത്. സന്നിധാനം ജ്യോതിർ നഗറിൽ മൂത്രപ്പുരയ്ക്കു സമീപം ഗണപതി വിഗ്രഹം സ്ഥാപിക്കുക, കൊപ്രാക്കളത്തിൽ ഭസ്മക്കുളം നിർമ്മിക്കുക തുടങ്ങിയവയാണ് ഇവർ വൻ പദ്ധതികളായി കണ്ടിരുന്നത്. കോടതി ഇടപെടലിനെ തുടർന്ന് ഈ പദ്ധതികൾ ദേവസ്വം ബോർഡ് നിറുത്തിവയ്ക്കുകയായിരുന്നു.
കാട്ടുകൊള്ളയ്ക്ക് ഉത്സവർ വിഗ്രഹം !
ശബരിമലയിൽ, താഴെ തിരുമുറ്റത്ത് അയ്യപ്പവിഗ്രഹത്തിന്റെ അതേ മാതൃകയിൽ 'ഉത്സവർ വിഗ്രഹം" എന്ന് പേരുനൽകി വിഗ്രഹം നിർമ്മിച്ച് തട്ടിപ്പ് നടത്താനുള്ള നീക്കം കോടതിയുടെ ഇടപെടലിലാണ് ഇല്ലാതായത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അംഗീകാരത്തോടെയും കേരള സർക്കാരിന്റെ അനുമതിയോടെയുമാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് വിതരണം ചെയ്ത് ദക്ഷിണ ഭാരതത്തിലാകമാനം വ്യാപക പണപ്പിരിവാണ് സംഘം നടത്തിയത്.
സ്വർണം, വെള്ളി, ചെമ്പ് , ഇരുമ്പ്, സിങ്ക് എന്നിവ ചേർത്ത് രണ്ടടി ഉയരവും 108 കിലോ തൂക്കവുമുള്ള വിഗ്രഹം നിർമ്മിക്കാനായിരുന്നു പദ്ധതി. ഒൻപത് ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ നിർമ്മിതിക്ക് സംഭാവ നൽകുന്നത് പുണ്യമെന്നു കാട്ടിയായിരുന്നു ഫണ്ട് സ്വരൂപണം. തമിഴ്നാട് ഈറോഡ് ലോട്ടസ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ.കെ സഹദേവൻ, ചിത്രകാരൻ വെങ്കിടേഷ് എന്നിവരുടെ പേരിലായിരുന്നു പണപ്പിരിവ്. സംഭവം ശ്രദ്ധയിൽപ്പെട്ട ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണൻ വിവരം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് തട്ടിപ്പിന് വിരാമമായത്. പണപ്പിരിവിന് നേതൃത്വം നൽകിയ സഹദേവനും വെങ്കിടേഷിനുമെതിരെ കേസെടുക്കുകയും ചെയ്തു.
ദേവസ്വം ബോർഡിന്റെ നിർദ്ദേശ പ്രകാരം ആചാരലംഘനമാകുന്ന ഈ പദ്ധതിക്ക് പണപ്പിരിവ് നടത്താൻ ദേവസ്വം സെക്രട്ടറി കത്തുന ൽകിയതും ദുരൂഹമാണ്. ശബരിമലയുടെ പേരിൽ എണ്ണിയാൽ തീരാത്ത തട്ടിപ്പുകളാണ് ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും അരങ്ങേറുന്നത്. ഒരോ പദ്ധതിയുടെ പേരിലും പിരിക്കുന്ന കോടികൾ ദേവസ്വത്തിലേക്കല്ല എത്തിയിരുന്നതെന്നാണ് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പണം മാത്രല്ല, ദേവനു സ്വന്തമായ സ്വർണവും വിലപിടിപ്പുള്ള മറ്ര് സമ്പത്തുക്കളും നഷ്ടപ്പെട്ടതായാണ് സൂചനകൾ. കോടതി ചുമതലപ്പെടുത്തിയ അന്വേഷണ സംഘം തട്ടിപ്പുകളുടെ ചുരുളഴിക്കുമെന്ന വിശ്വസത്തിലാണ് ഭക്തജനങ്ങൾ.
(അവസാനിച്ചു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |