ആശുപത്രികളുടെ അന്തരീക്ഷം പൊതുവെ പിരിമുറുക്കം നിറഞ്ഞതും, വൈകാരിക സംഘർഷങ്ങൾകൊണ്ട് കനമേറിയതുമാണ്. വേദനയും ദുരിതങ്ങളും ആശങ്കയും നിസഹായതയും നിലവിളികളുമൊക്കെ മാത്രം നിറയുന്ന ആ
ഇടനാഴികളിൽ നിന്ന് മനസുനിറഞ്ഞൊരു ചിരിയോ നേരമ്പോക്കോ പ്രതീക്ഷിക്കുക വയ്യ. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരുമാകട്ടെ, ജോലി സമ്മർദ്ദത്തിന്റെ വലിഞ്ഞുമുറുകലിലും ധൃതിയിലുമായിരിക്കും. ഇങ്ങനെ രോഗികളും ചികിത്സകരുമാകെ പലവിധ ബദ്ധപ്പാടുകൾക്കു നടുവിലായ ആശുപത്രി മന്ദിരങ്ങളിൽ ചെറിയൊരു പ്രശ്നം മതി, അതൊരു അഗ്നിപർവതം പോലെ പുകയാനും, ചിലപ്പോഴൊക്കെ പൊട്ടിത്തെറിക്കാനും! കോഴിക്കോട് താമരശേരി താലൂക്ക് ആശുപത്രിയിൽ, മസ്തിഷ്കജ്വരത്തിന് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഒമ്പതുവയസുകാരിയുടെ അച്ഛൻ ചികിത്സാപിഴവ് ആരോപിച്ച് സൂപ്രണ്ടിന്റെ മുറിയിൽ കടന്നുകയറി, അവിടെയുണ്ടായിരുന്ന ഡോക്ടറുടെ തലയ്ക്ക് വടിവാൾകൊണ്ട് വെട്ടിയത് കഴിഞ്ഞ ദിവസമാണ്. മാരകമായി പരിക്കേറ്റ ഡോ. പി.ടി. വിപിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ലാളിച്ച് കൊതിതീരാത്ത പ്രായത്തിൽ മകളെ നഷ്ടമായ അച്ഛന്റെ മാനസികസംഘർഷവും വികാരവിക്ഷോഭങ്ങളും ആർക്കും മനസിലാകും. പക്ഷേ, രോഗിക്ക് എന്തു കാരണത്താൽ ജീവാപായം സംഭവിച്ചാലും ചികിത്സാപിഴവ് ആരോപിച്ച് ഡോക്ടറെ ആക്രമിക്കുന്നതിനെയും, ആശുപത്രി അടിച്ചുതകർക്കുന്നതിനെയും എന്തു കാരണം പറഞ്ഞും ന്യായീകരിക്കാനാവില്ല. അതേസമയം, ഡോക്ടർമാരുടെ ചികിത്സാ പിഴവ് വ്യക്തമായ സംഭവങ്ങളും അടുത്ത ദിവസങ്ങളിൽത്തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ട്, ആഴത്തിലുള്ള പരിക്കുമായി എത്തിയ ബാലികയുടെ കൈയിൽ പ്ളാസ്റ്ററിട്ട് മടക്കി അയയ്ക്കുകയും, പിന്നീട് കുട്ടിയുടെ വലതുകൈ മുറിച്ചുമാറ്രേണ്ടി വരികയും ചെയ്തത് ഡോക്ടറുടെ ഭാഗത്തുണ്ടായ പിഴവു കാരണമാണെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയും, ഇയാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തു. ഇവിടെയും നിയമപരവും കർശനവും മാതൃകാപരവുമായ ശിക്ഷാനടപടി സ്വീകരിക്കുകയല്ലാതെ, ആക്രമണവും പ്രതികാരവും പോലുള്ള ചെയ്തികൾ ഉണ്ടാകാൻ പാടില്ലാത്തതു തന്നെ.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടർമാർ ഉൾപ്പെടെ എഴുപത്തിയഞ്ചോളം ആരോഗ്യപ്രവർത്തകർക്ക് രോഗികളുടെയോ കൂട്ടിരിപ്പുകാരുടെയോ കൈയേറ്റമോ ആക്രമണമോ നേരിടേണ്ടിവന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞ വർഷം മാത്രം ഇത്തരം 15 കേസുകൾ രജിസ്റ്റർ ചെയ്തു. 2023- മേയിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിനു പിന്നാലെ ആശുപത്രി സംരക്ഷണ നിയമം സർക്കാർ ഭേദഗതി ചെയ്തിരുന്നു. പക്ഷേ, സേഫ്ടി ഓഡിറ്റ് ഉൾപ്പെടെ അതനുസരിച്ച് നടക്കേണ്ട പല കരുതൽ നടപടികളുടെ കാര്യത്തിലും പിന്നെയാരും അനങ്ങിയില്ല. ആശുപത്രികളിൽ പൊലീസ് സഹായ വിഭാഗം, എല്ലായിടത്തും സി.സി ടിവി നിരീക്ഷണം, അത്യാഹിത വിഭാഗങ്ങളിൽ ഒന്നിലധികം ഡോക്ടർമാരെ നിയോഗിക്കുക തുടങ്ങിയ പരിഷ്കാരങ്ങൾ കടലാസിലൊതുങ്ങി. ഇതിനിടയിലെല്ലാം ആശുപത്രി ആക്രമണങ്ങൾ തുടർന്നുകൊണ്ടുമിരുന്നു.
രോഗികൾക്ക് സൗഖ്യവും സാന്ത്വനവും പകരുന്ന ആരോഗ്യപ്രവർത്തകർക്ക് ജീവഭീതിയില്ലാതെയും മനസ്സാന്നിദ്ധ്യത്തോടെയും സേവനമനുഷ്ഠിക്കാനുള്ള എല്ലാ സൗകര്യവും സംരക്ഷണവും നൽകേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ സന്ദർശകർക്കോ ആശുപത്രിയുമായോ ചികിത്സയുമായോ ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ലഭിക്കാൻ സർക്കാർ ആശുപത്രികളിൽ സംവിധാനമില്ലാത്തത് പലപ്പോഴും തർക്കങ്ങൾക്കും സംഘർഷങ്ങൾക്കു വരെയും കാരണമാകാറുണ്ട്. തെറ്റായ വിവരങ്ങൾ ലഭിക്കുകയോ, കൃത്യമായ വിവരം ലഭിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ സ്വകാര്യ ആശുപത്രികളിലേതു പോലെ ഒരു റിസപ്ഷനോ ഹെൽപ് ഡെസ്കോ താലൂക്ക് തലം മുതലുള്ള ആശുപത്രികളിലെങ്കിലും ഒരുക്കുവാൻ വേണ്ടുന്ന കംപ്യൂട്ടർ അധിഷ്ഠിത സംവിധാനം വലിയ സാമ്പത്തിക ബാദ്ധ്യതയൊന്നും വരുത്തുന്നതല്ല. രോഗികൾക്ക് കൃത്യമായ സേവനവും, ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണവും ഉറപ്പാക്കുവാൻ ആവശ്യമായ നടപടികൾ എന്തിന്റെ പേരിലായാലും വൈകിച്ചുകൂടാ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |