മോഹൻലാലിന്റെ എവർഗ്രീൻ സൂപ്പർഹിറ്റ് രാവണപ്രഭു വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയിൽ ചെറിയ വേഷത്തിൽ നടനും സംവിധായകനുമായ നാദിർഷയുമെത്തിയിരുന്നു. സിനിമയിൽ അഭിനയിച്ചപ്പോൾ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
'ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം രാവണപ്രഭു വീണ്ടും തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമ ആരവങ്ങൾക്കിടയിൽ നിന്ന് കാണാൻ അന്നത്തെപ്പോലെ ഇന്നും കൊതിയാണ്. സിനിമയിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന സമയം. മാനത്തെക്കൊട്ടാരത്തിൽ നാല് നായകന്മാരിലൊരാളായി ചെയ്യാൻ പറ്റി. വലിയൊരു പ്രത്യേകത എന്നുവച്ചാൽ ആ കാലത്ത് രാവണപ്രഭുവിൽ അഭിനയിച്ചപ്പോഴാണ് എനിക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിച്ചത്. നായകനായി അഭിനയിച്ചപ്പോൾ പതിനായിരം രൂപയാണ് കിട്ടിയത്. രാവണപ്രഭുവിൽ കൊച്ചുവേഷം ചെയ്ത് തിരിച്ചുവന്നപ്പോൾ ആന്റണി ചേട്ടൻ എനിക്ക് 25000 രൂപ തന്നു. ഞെട്ടിപ്പോയി.'- നാദിർഷ ഒരു ചാനലിനോട് പറഞ്ഞു.
ഛോട്ടാ മുംബൈയ്ക്കു പിന്നാലെ റീ റിലീസിനെത്തുന്ന മോഹൻലാൽ ചിത്രമാണിത്. ഫോർകെ ഡോൾബി അറ്റ് മോസിൽ മാറ്റിനി നൗ ആണ് സിനിമ റീമാസ്റ്റർ ചെയ്‌തത്. 2001ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ രാവണപ്രഭുവിൽ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട വേഷങ്ങൾ മോഹൻലാൽ അവതരിപ്പിച്ചത്.
മോഹൻലാലിന്റെ എവർ ക്ലാസിക് ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണിത്. വസുന്ധരദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ.എഫ്. വർഗീസ്, സായ്‌കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മണിയൻപിള്ള രാജു തുടങ്ങിയവരായിരുന്നു മറ്റു പ്രധാന താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |