ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നടിയാണ് അന്ന രേഷ്മ രാജൻ. സിനിമയിൽ എന്ന പോലെ തന്നെ നടി സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമാകുന്ന താരം കൂടിയാണ് അന്ന. വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന അന്ന ബോഡി ഷെയിമിംഗിനും ഇരയാകാറുണ്ട്. ഇപ്പോഴിതാ തന്റെ ചിത്രം വികൃതമാക്കിയതിൽ പ്രതികരിച്ചിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം വെള്ള സാരിയിൽ താരം ഒരു ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതേ വീഡിയോ എഡിറ്റ് ചെയ്ത് വികൃതമാക്കിയതിലാണ് നടി ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്.
'എഡിറ്റിംഗ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയും വ്യൂസ് ഇല്ല. എന്നാലും എന്തിനായിരിക്കും? യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്'- അന്ന ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതാണ് യഥാർത്ഥ ഞാൻ എന്ന കുറിപ്പോടെ മറ്റൊരു റീലും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഡാൻസ് വീഡിയോയ്ക്ക് താഴെ ബോഡി ഷെയിമിംഗ് കമന്റ് ഇട്ടവരോട് തന്റെ രോഗാവസ്ഥയെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. 'നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായില്ലെങ്കിൽ അത് പറയാം. എന്നാൽ ഇത്തരത്തിൽ കമന്റ് ചെയ്യുന്നതും, അതിന് പലരും ലൈക്ക് ചെയ്യുന്നതും കാണുന്നത് വേദനാജനകമാണ്. ഡാൻസ് ചെയ്യുന്ന ആ വീഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസമാകുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. ഓട്ടോ ഇമ്മ്യൂൺ തൈറോയിഡിനെതിരെ പോരാടുന്നയാളാണ് ഞാൻ. ചില സമയങ്ങളിൽ ശരീരത്തിന് വീക്കം അനുഭവപ്പെടും, മറ്റുചില സമയങ്ങളിൽ മെലിയും. ചിലപ്പോൾ മുഖം വീർക്കും. സന്ധികളിൽ വേദന അനുഭവപ്പെടും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ അനുഭവിക്കുന്നു. രണ്ട് വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുകയാണ്,' - എന്നാണ് നടി അന്ന് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |