SignIn
Kerala Kaumudi Online
Monday, 13 October 2025 9.14 AM IST

ആസ്ട്രേലിയൻ പാർലമെന്റിൽ ഗുരുദർശന ചർച്ച 14- ന്, ലോകത്തിന് സുഗന്ധമേകട്ടെ ശാന്തിയുടെ പീതപുഷ്പങ്ങൾ

Increase Font Size Decrease Font Size Print Page
s

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരു നവീനാദ്ധ്യായം എഴുതിച്ചേർത്തുകൊണ്ട് ഒക്ടോബർ 14-ന്

ആസ്ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിൽ വച്ച് ശ്രീനാരായണ ഗുരുവിന്റെ ഏകലോകദർശനം ചർച്ച ചെയ്യപ്പെടുകയാണ്. ആസ്ട്രേലിയൻ പാർലമെന്റ് ശിവഗിരി മഠത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക മതസമ്മേളനം ഒരു ചരിത്ര സംഭവമാവുകയാണ്. ഇതാദ്യമായാണ് ഒരു ഗവൺമെന്റ് അവരുടെ പാർലമെന്റ് മന്ദിരത്തിൽ വച്ച് ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് ഒരു സമ്മേളനം നടത്തുന്നത്. ഗുരുദേവ ദർശനത്തിന് ആഗോളതലത്തിൽ ലഭിക്കുന്ന ഒരംഗീകാരമായി ഇതിനെ കണക്കാക്കാം.

കുറച്ചു മാസങ്ങൾക്കു മുമ്പ് ആസ്ട്രേലിയൻ പാർലമെന്റിലെ ഏതാനും അംഗങ്ങളും മലയാളിയായ ഫിന്നി മാത്യുവും ആന്ധ്രാ സ്വദേശിയായ അനിലും ഒരു പഠനയാത്രയുടെ ഭാഗമായി ശിവഗിരിയിലെത്തിയിരുന്നു. വത്തിക്കാനിൽ സംഘടിപ്പിച്ച ലോക മത പാർലമെന്റിന് ആശീർവാദം ചൊരിയാൻ അഭിവന്ദ്യനായ ഫ്രാൻസിസ് മാർപ്പാപ്പ സന്മനസു കാണിച്ചതും,​ ലണ്ടൻ, ബഹ്റിൻ, ഡൽഹി എന്നിവിടങ്ങളിൽ നടന്ന ലോകമത സമ്മേളനങ്ങളെക്കുറിച്ചും അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും,​ അത്തരമൊരു സമ്മേളനം ആസ്ട്രേലിയയിൽ നടത്താൻ ഞങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു. ആ അഭ്യർത്ഥന സ്വീകരിച്ചാണ് ആസ്ട്രേലിയൻ പാർലമെന്റ് ഗുരുവിന്റെ പേരിലുള്ള സർവമത സമ്മേളനം നടത്തുവാൻ തീരുമാനമെടുത്തത്.


ആസ്ട്രേലിയൻ പാർലമെന്റ് സമ്മേളനത്തിൽ ശിവഗിരി മഠത്തിലെ സംന്യാസിവര്യരും 16 മതങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. ഗ്രീക്ക് ഓർത്തഡോക്സ് സഭ, അൽമേനിയൻ മുസ്ലിം സൊസൈറ്റി, ബുദ്ധ, ചൈനീസ്, ശ്രീലങ്കൻ, സിഖ്, മാർത്തോമാ, പെന്തക്കോസ്ത്, ഹിന്ദുമത പുരോഹിതരും, മലയാളികളല്ലാത്തവരും വിവിധ മതങ്ങളുടെ പ്രതിനിധികളുമായ എൺപതോളം മതപണ്ഡിതന്മാർ പങ്കെടുക്കുന്ന ഈ ലോകമത സമ്മേളനം ഇപ്രകാരം സംഘടിതമായത് ഗുരുദേവന്റെ അനുഗ്രഹവിശേഷം ഒന്നുകൊണ്ടു മാത്രമാണ്.

അദ്വൈത സത്യസാക്ഷാത്കാരം നേടിയ മഹാഗുരുവിന് ജാതി, മതം, കുലം, ഗോത്രം, ദേശം എന്നിവയെല്ലാം കേവലം കല്‍പകൾ മാത്രമാണ്. അവർ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ പ്രതിനിധിയല്ല. അവർക്കുള്ളത് ഏകലോക ദർശനമാണ്. ഈ ഏകലോക ദർശനത്തിന്റെ മഹാപ്രവാചകനായ ഗുരുദേവൻ മനുഷ്യത്വത്തിൽ അധിഷ്ഠിതമായ വിശ്വമാനവിക ദർശനമാണ് ലോകത്തിനു നല്‍കിയത്. ജാതിമതാദി സർവഭേദചിന്തകളെയും അതിവർത്തിച്ച് ജനതയെ ഏകത്വബോധത്തിലേക്ക് ആനയിക്കുവാനാണ് ഗുരു ആഗ്രഹിച്ചത്. ഗുരുവിന്റെ ഈ തത്ത്വദർശനമാണ് ആസ്ട്രേലിയൻ പാർലമെന്റ് ചർച്ച ചെയ്യുക.

ഗുരുവിന്റെ സമത്വദർശനം തികച്ചും സ്വതന്ത്രമായിരുന്നു. അവിടുത്തെ സംബന്ധിച്ച് തത്ത്വത്തെ സാക്ഷാത്കരിക്കാനുള്ള മാർഗദർശികൾ മാത്രമാണ് മതങ്ങൾ. തത്ത്വമറിഞ്ഞവന് മതം പ്രമാണമല്ല; മതത്തിന് അവൻ പ്രമാണമാണ്. അതുകൊണ്ട് ഗുരുദേവൻ മതാതീതനായി നിലകൊണ്ടു. ഗുരു ജനിച്ചു വളർന്ന ഹൈന്ദവ സംസ്കാരത്തെക്കൂടി പൂർവസ്ഥാനത്തു വച്ച്, അതിൽ നിന്നും ഒഴിഞ്ഞ്, എല്ലാറ്റിനെയും സമന്വയിപ്പിക്കുകയാണ് ഗുരു ചെയ്തത്. 'നാം ഒരു പ്രത്യേക ജാതിയിലോ മതത്തിനോ ഉൾപ്പെടുന്നില്ല" എന്ന ഗുരുദേവന്റെ വിളംബരം പ്രസിദ്ധമാണല്ലോ. അങ്ങനെയാകുമ്പോൾ 'വാദിക്കാനും ജയിക്കാനുമല്ല; അറിയാനും അറിയിക്കാനും വേണ്ടി" ഗുരു സങ്കല്പിച്ച സർവമത സമ്മേളനം അതിന്റെ സ്വതന്ത്ര ചിന്താഗതിയിൽ ഒരപൂർവ സംഭവമാണല്ലോ.


ഗുരുദേവന്റെ ജീവിതദർശനം ജാതി- മതാദി ഭേദചിന്തകളിൽ നിന്നുള്ള മനുഷ്യരാശിയുടെ മോചനം സങ്കല്പിക്കുന്നതായിരുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ ബുദ്ധന്റെയും ക്രിസ്തുവിന്റെയും നബിയുടേയും പരമ്പരയിലുണ്ടായ ഗുരുദേവൻ മതത്തിലുപരി മനുഷ്യനെ ദർശിച്ച് ലോകജനതയുടെ ഐക്യത്തിനും സമാധാനത്തിനുമായി നിലകൊള്ളുന്നു. ബുദ്ധനും ക്രിസ്തുവും നബിയും ഓരോരോ മതങ്ങളുടെ സ്ഥാപകരായി അറിയപ്പെടുമ്പോൾ ഗുരുദേവൻ മാനവ മതത്തിന്റെ മഹാപ്രവാചകനായി അറിയപ്പെടുന്നു. മനുഷ്യരാശിയുടെ ഏകതയാണ് ഗുരുദർശനം. ആ ദർശനം ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലും അലയടിക്കുമ്പോൾ ലോകത്തുള്ള മുഴുവൻ ശ്രീനാരായണീയർക്കും അഭിമാനിക്കാം. അതിന്റെ ഉണർത്തുപാട്ടിൽ ഏവർക്കും അണിചേരാം.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.