തിരുവനന്തപുരം: ബ്രിട്ടീഷുകാരുടെ കാലത്ത് സമരക്കാരെ നേരിടാൻ സ്വീകരിച്ചിരുന്ന ലാത്തികൊണ്ട് തലയ്ക്കടിക്കൽ പാടില്ലെന്ന് പലകുറി പറഞ്ഞുപഠിപ്പിച്ചിട്ടും മാറാതെ പൊലീസ്. ഏത് സർക്കാർ ഭരിച്ചാലും പൊലീസ് ലാത്തികൊണ്ട് തലയ്ക്കടിച്ചിരിക്കും. കോഴിക്കോട്ട് ഷാഫി പറമ്പിൽ എം.പിയുടെ തലയ്ക്കടിച്ചതാണ് ഒടുവിലത്തെ സംഭവം. ശത്രുവിന്റെ തലയ്ക്കടിക്കാനും വായിലും നാഭിക്കും കുത്താനും കീഴടക്കാൻ കഴുത്തിന് ലാത്തിക്ക് വെട്ടാനും ബ്രിട്ടീഷുകാർ 1931ൽ നടപ്പാക്കിയ പരിശീലനരീതിയിലുള്ളതാണ്. 5വർഷം മുൻപുവരെ ഇതേപരിശീലനം തുടർന്നിരുന്നു.
പൊലീസ് മാന്വലിലെ സെക്ഷൻ-79പ്രകാരം പൊലീസുദ്യോഗസ്ഥർക്ക് കൃത്യനിർവഹണത്തിന്റെ ഭാഗമായ പ്രതിരോധത്തിന് ലാത്തിയുപയോഗിക്കാം. എന്നാൽ ലാത്തിയടി അരയ്ക്ക്താഴെ മതിയെന്ന് സർക്കാർ നിർദ്ദേശിക്കുകയും ക്യാമ്പുകളിൽ പരിശീലിപ്പിക്കുകയും ചെയ്തു. സമരക്കാരുടെ തലയിലുൾപ്പെടെ ലാത്തിക്കടിക്കുന്നത് വ്യവസ്ഥാപിതമല്ലെന്നും ലാത്തിച്ചാർജിൽ പരിക്കുപറ്റിയാൽ പരാതികൾ ഡിവൈ.എസ്.പി അന്വേഷിക്കുമെന്നും കഴിഞ്ഞവർഷം മേയിൽ ആഭ്യന്തരവകുപ്പ് രേഖാമൂലം വ്യക്തമാക്കിയിരുന്നു.
നിയമം പറയുന്നത്
സമരക്കാർ പൊതുശല്യമുണ്ടാക്കിയാൽ അറസ്റ്റ് ചെയ്യണം. പൊലീസിനെ ആക്രമിക്കുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്താൽ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താം. ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിച്ചശേഷവും അക്രമമുണ്ടാക്കിയാലല്ലാതെ ലാത്തിച്ചാർജ്ജ് പാടില്ല. നിരായുധരായ സമരക്കാരുടെ തലയടിച്ച് പൊട്ടിച്ചാലോ ക്ഷതമേൽപ്പിച്ചാലോ പൊലീസിനെതിരേ കേസെടുക്കാനുമാവും. അറസ്റ്റിനോ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനോ അല്ലാതെ ബലപ്രയോഗം പാടില്ല. അതും ആവശ്യത്തിനുമാത്രം. പ്രകോപിപ്പിച്ച ശേഷമുള്ള ബലപ്രയോഗവും പാടില്ലാത്തതാണ്. തലയ്ക്കടിക്കുന്ന പൊലീസുകാർക്കെതിരേ നടപടിയെടുക്കാൻ ദേശീയമനുഷ്യാവകാശകമ്മിഷൻ നേരത്തേ ഡി.ജി.പിയോട് നിർദ്ദേശിച്ചിരുന്നു.
അടിയുടെ സിലബസിലും മാറ്റം
അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കൊളോണിയൽ കാലംമുതൽ പൊലീസിന് നൽകിയിരുന്ന ഡ്രിൽപരിശീലനം ആധുനിക ജനാധിപത്യസമൂഹത്തിന് ചേരുംവിധത്തിൽ ശാസ്ത്രീയമായി പരിഷ്കരിച്ചതായി സർക്കാർ വ്യക്തമാക്കുന്നു.
സമരക്കാരെ അരയ്ക്കുതാഴെ മാത്രംഅടിക്കാനും പരിക്ക് പരമാവധി കുറയ്ക്കാനുമാണ് പുതിയ പരിശീലനം. സമരം നേരിടാൻ ആൾക്കൂട്ടത്തെ മൂന്നായിതിരിക്കും. നേതാക്കളെ ആദ്യംഅറസ്റ്റ്ചെയ്യും. പിന്നാലെ രണ്ടാംനിരയിലുള്ളവരെയും. പിന്നിൽനിന്ന് കല്ലെറിയുന്നവരെ ലാത്തികൊണ്ടടിക്കും.
ആവർത്തിക്കുന്ന തലയ്ക്കടി
1)ആലപ്പുഴ കളക്ടറേറ്റ് മാർച്ചിനിടെ യൂത്ത്കോൺഗ്രസ് ജില്ലാപ്രസിഡന്റിന്റെയും വനിതാപ്രവർത്തകരുടെയും തലയ്ക്കടിച്ചു
2)മന്ത്രി ബിന്ദുവിന്റെ വീട്ടിലേക്കുള്ള മാർച്ചിനിടെ കെ.എസ്.യു നേതാവ് നസിയയെയും രണ്ട് പേരുടെയും തലയ്ക്കും മുഖത്തും അടിച്ചു
3)മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിക്കുനേരെ കറുത്ത ഷർട്ടൂരി വീശിയ സി.പി.എം പ്രവർത്തകൻ ജയപ്രസാദിനെ തുമ്പപൊലീസ് ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ലാത്തികൊണ്ട് കുത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |