കേരളത്തിലെ ശിവകാശിയെന്ന് വിളിപ്പേരുള്ള നാടാണ് നന്ദിയോട്. ദീപാവലി നാളുകളിൽ മാത്രമല്ല എപ്പോൾ പോയാലും ഇവിടെ നിന്ന് പടക്കം സുലഭമായി വാങ്ങാൻ കഴിയും. എന്നാൽ ദീപാവലി നാളുകളിൽ അത് കുറച്ച് സ്‌പെഷ്യൽ തന്നെയാണ്. കേരളത്തിൽ നിന്ന് മാത്രമല്ല തമിഴ്‌നാട്ടിൽ നിന്നുവരെ ആളുകൾ ഇവിടെയെത്തി പടക്കം വാങ്ങാറുണ്ട്. നന്ദിയോട്, ആലംപാറ, മീൻമുട്ടി, പാലുവള്ളി, പുലിയൂർ, പ്ലാവറ തുടങ്ങി രണ്ട് കിലോമീറ്റർ ചുറ്റളവിൽ സർക്കാർ നിബന്ധനകൾ പാലിച്ചുകൊണ്ട് അൻപതോളം കടകളാണ് പ്രവർത്തിക്കുന്നത്.
ഇവിടെ പടക്ക നിർമാണം ഒരു കുലത്തൊഴിൽ കൂടിയാണ്. എങ്ങനെയാണ് നന്ദിയോട് പടക്കനിർമാണ ശാലകൾ ഇത്രയും പ്രശസ്തി നേടിയതെന്ന് അറിയാമോ? അതിനെക്കുറിച്ച് 25 വർഷമായി പടക്ക നിർമാണ ശാലയും കടയും നടത്തുന്ന ശശി ആശാൻ ( ശ്രീകൃഷ്ണ ഫയർ വർക്സ്) കേരളകൗമുദി ഓൺലെെനിനോട് സംസാരിക്കുന്നു.
ചരിത്രം
പണ്ടത്തെ രാജകൊട്ടാരങ്ങളിലെ ആചാരവെടിയുമായി ബന്ധപ്പെട്ടതാണ് ഇവിടത്തെ പടക്കനിർമാണത്തിന്റെ തുടക്കം. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ നിരവധി ക്ഷേത്രങ്ങളിൽ മത്സരകമ്പം ചെയ്യുന്ന ആശാന്മാർ നന്ദിയോട് ഉണ്ടായിരുന്നു. പൂഴിക്കുന്ന് ഗോവിന്ദൻ ആശാൻ, കൊച്ചുരാമൻ ആശാൻ, അർജുന പണിക്കർ, പച്ചയിൽ വേലായുധൻ ആശാൻ അടക്കം പേരുകേട്ട കമ്പക്കെട്ട് ആശാന്മാർ നിരവധി പേർ. ഇതിൽ പച്ചയിൽ വേലായുധൻ ആശാനും എൻ ആർ പണിക്കരുമാണ് ആദ്യ കാല ആശാന്മാർ. ഇവർ മത്സരങ്ങളിൽ പോയി ഈ നാടിൻറെ പേരും പെരുമയും പുറംനാടുകളിലെത്തിച്ചു. ഇപ്പോൾ ഈ ആശാന്മാരുടെ ശിഷ്യരും ഇളംതലമുറക്കാരുമാണ് ഈ മേഖലയിൽ കൂടുതൽ. ഉത്സവ പറമ്പുകളിൽ വിസ്മയം തീർക്കുന്ന നിരവധി പേർ ഇന്ന് ഈ നാടിന് സ്വന്തമാണ്. മൺമറഞ്ഞുപോയ ആശാന്മാർ കൊണ്ടുനൽകിയ പേരും പെരുമയുമാണ് ഇന്നും നന്ദിയോടിനെ പ്രശസ്തമാക്കുന്നത്. ഇവിടെ എത്തുന്നവർക്ക് ലാഭത്തിൽ നല്ല ഗുണനിലവാരത്തോടെയാണ് പടക്കം വിൽക്കുന്നത്.
പനയോല പടക്കം
വിവിധതരം പടക്ക നിർമാണശാലകൾ നന്ദിയോട് - ആലംപാറ പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് തൊഴിലാളികൾ ഉണ്ട്. പനയോല ഉപയോഗിച്ചുള്ള പടക്കങ്ങളാണ് പ്രത്യേകതകൾ. തമിഴ്‌നാട്ടിൽ നിന്നടക്കം ആളുകൾ വന്ന് പടക്കം വാങ്ങാറുണ്ട്. കാരണം വളരെ വില കുറച്ചാണ് ഇവിടെ വിൽപന നടത്തുന്നത്. അതിൽ നിന്ന് ഞങ്ങൾക്ക് വലിയ ലാഭം ലഭിക്കാറില്ല. ഒരു ഓല പടക്കിന് ഒരു രൂപയാണ് ഇവിടെ ഈടാക്കുന്നത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വില വളരെ കുറവാണ്. വിലകുറവാണെങ്കിലും ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ദീപാവലി സമയത്ത് ചില പടക്കങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാറുണ്ട്. അടുത്തിടെയായി ദീപാവലി സമയത്ത് പുറത്തുനിന്ന് ആളുകൾ വന്ന് കട തുടങ്ങി പടക്കം കച്ചവടം ചെയ്യാറുണ്ട്. ഇത്തവണയും നിരവധി വ്യത്യസ്ത ഐറ്റങ്ങൾ വിപണിയിലുണ്ട്. വയലിൻ, തണ്ണിമത്തൻ, പൊട്ടിത്തെറിക്കുന്ന ഗ്യാസ് സിലിണ്ടർ തുടങ്ങിയവയാണ് പുതിയ ഐറ്റങ്ങൾ.
നമ്മുടെ കേരളത്തിൽ പടക്ക നിർമാണ ശാലയെ പ്രേത്സാഹിപ്പിക്കാൻ ആരുമില്ല. ഒരു ആനുകൂല്യവും നൽകുന്നില്ലെന്നതാണ് സത്യം. പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം പല പടക്കങ്ങളും നിർവീര്യമാക്കി കളഞ്ഞു. പണിയില്ലാതെ കുറെ നാൾ ഇരിക്കേണ്ടി വന്നിരുന്നു. ഇനി മത്സര വെടിക്കെട്ടുകൾ ഉണ്ടാവില്ല. ലക്ഷക്കണക്കിന് പേരാണ് ഈ വ്യവസായം ചെയ്യുന്നത്. പാലക്കാട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലും പടക്കമേഖലയിൽ നിരവധിപേർ ഉണ്ട്. പക്ഷേ ഇന്നും പടക്കനിർമ്മാണ തൊഴിലാളികൾക്ക് സമാധാനത്തോടെ ആ ബിസിനസ് നോക്കി നടത്താൻ കഴിയുന്നില്ലെന്നും പടക്ക വ്യവസായികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |