മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ രാവണപ്രഭുവിന്റെ റീ റിലീസോടെ ആരാധകർക്ക് തിയേറ്ററുകളിൽ പോയി വീണ്ടും സിനിമ ആസ്വദിക്കാൻ കഴിയുമെന്നും നടി വസുന്ധര ദാസ്. ചിത്രത്തിൽ മോഹൻലാലിന്റെ നായികാ കഥാപാത്രമായ ജാനകിയെ അവതരിപ്പിച്ചത് വസുന്ധരയായിരുന്നു. രാവണപ്രഭുവിൽ അഭിനയിച്ചതിനെക്കുറിച്ച് വസുന്ധര ഒരു അഭിമുഖത്തിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരുന്നു. സിനിമയിൽ തന്നെ നായികയാക്കരുതെന്ന് സംവിധായകൻ രഞ്ജിത്തിനോട് പലരും പറഞ്ഞിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
'രാവണപ്രഭുവിലൂടെ കഴിഞ്ഞ 24 വർഷമായി കേരളത്തിലെയും മറ്റു ഭാഗങ്ങളിലെയും മലയാളികളുടെ സ്നേഹം ഞാൻ അനുഭവിക്കുകയാണ്. എന്റെ ആദ്യ രണ്ടു ചിത്രങ്ങൾ ജനങ്ങളുടെ മനസ് തൊട്ടതാണ്. 'സിറ്റിസൺ' എന്ന ചിത്രം ചെയ്തതോടെ അഭിനയം നിർത്താമെന്ന് കരുതി. അതിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് രഞ്ജിത്ത് രാവണപ്രഭുവിന്റെ കഥയുമായെത്തിയത്. ശക്തയായ ഒരു സ്ത്രീ കഥാപാത്രമായിരുന്നു ജാനകിയുടേത്. ഇത്തരത്തിലൊരു കഥാപാത്രം ചെയ്യണമെന്നുളളത് എന്റെ ആഗ്രഹമായിരുന്നു.
ഞാൻ ഭയങ്കര സ്വതന്ത്ര മനോഭാവമുള്ളയാളാണെന്നും ഒത്തിരി അഭിപ്രായങ്ങളുള്ള ആളാണെന്നും അതുകൊണ്ട് എന്റെ കൂടെ വർക്ക് ചെയ്യരുതെന്ന് പലരും രഞ്ജിത്തിനോട് പറഞ്ഞിരുന്നു. ‘പൊട്ടുകുത്തെടി’ എന്ന പാട്ടാണ് ആദ്യം ചിത്രീകരിച്ചത്. അതിനുമുൻപ് അഭിനയിച്ച സിനിമയിൽ ചുമരുകൾക്കുള്ളില്‍ ഒതുങ്ങിയുള്ള ഷൂട്ട് കാരണം മടുത്തിരിക്കുന്ന സമയമായിരുന്നു. എന്താ സംഭവിക്കാൻ പോകുന്നതെന്ന് ചിന്തിച്ചുകൊണ്ടാണ് ഞാൻ രാവണപ്രഭുവിന്റെ സെറ്റിലേക്ക് വന്നത്.
വന്നപ്പോൾ ടീ–ഷർട്ട്, ബാക്ക്പാക്ക് ഒക്കെ. എന്താ ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ, വെറുതെ ഓടിയാൽ മതിയെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. പിന്നെ പാട്ടിന്റെ ഷൂട്ടുമായി നാല് ദിവസം ഓട്ടമായിരുന്നു. ഭയങ്കര സന്തോഷമായിരുന്നു. ആളുകൾ അവരുടെ കലാപരമായ കഴിവുകൾ സിനിമയിൽ കൊണ്ടു വരുന്നതിനെക്കുറിച്ച് ബോധപൂർവം ചിന്തിക്കുന്ന ഒരു സ്ഥലത്തെത്തിയപോലെ തോന്നിയിരുന്നു'- വസുന്ധര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |