തിരുവനന്തപുരം: ഡ്രില്ലിംഗ് മെഷീന്റെ കൂർത്തഭാഗം നെറ്റിയിൽ തുളഞ്ഞുകയറി ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന രണ്ടര വയസുകാരൻ മരിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പടിഞ്ഞാറേനട നടരാജ് ഭവനിൽ മഹേഷ് - സുനിത ദമ്പതികളുടെ മകൻ ധ്രുവ് നാഥിനാണ് ദാരുണാന്ത്യം. മകന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കാനായി പിതാവ് ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടാൻ ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
കഴിഞ്ഞ ഒൻപതിന് രാവിലെ 11നായിരുന്നു അപകടം. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് കുട്ടി മരിച്ചത്. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണം. വീട്ടിലെ അറ്റകുറ്റപ്പണിക്കായി വാങ്ങിയ ഡ്രില്ലിംഗ് മെഷീൻ കവറിലിട്ട് അടുക്കള ഭാഗത്തെ സ്ലാബിൽ വച്ചിരുന്നു.
വീട്ടുകാർ കാണാതെ ഇതെടുക്കാനായി കുട്ടി ഡ്രില്ലിംഗ് മെഷീന്റെ കേബിളിൽ പിടിച്ചുവലിച്ചതോടെ അത് താഴേക്ക് വീണു. മെഷീന്റെ തുളയ്ക്കാനുപയോഗിക്കുന്ന സ്ക്രൂ കുട്ടിയുടെ നെറ്റിയിലേക്ക് തുളച്ചുകയറുകയായിരുന്നു. ഉടൻ എസ്.പി ഫോർട്ട് ആശുപത്രിയിലും തുടർന്ന് അനന്തപുരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ധ്രുവിന്റെ മൃതദേഹം പുത്തൻകോട്ട ശ്മശാനത്തിൽ സംസ്‌കരിച്ചു.
മകന്റെ നിർബന്ധം യാത്ര നീട്ടി, പക്ഷേ
മസ്‌കറ്റിൽ ജോലിചെയ്യുന്ന ധ്രുവിന്റെ പിതാവ് മഹേഷ് രണ്ടാമത്തെ കുട്ടിയുടെ നൂലു കെട്ട് ചടങ്ങിനാണ് നാട്ടിലെത്തിയത്. എട്ടിനായിരുന്നു ചടങ്ങ്. പിറ്റേന്ന് പോകാനിരുന്ന മഹേഷ് ധ്രുവിന്റെ നിർബന്ധം കാരണം യാത്ര നീട്ടിവച്ചിരുന്നു. അതിനിടെയാണ് പൊന്നോമനയെ വിധി തട്ടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |