തിരുവനന്തപുരം: മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ രാഷ്ട്രപതി ദ്രൗപദി മുർമ്മു 23ന് രാജ്ഭവനിൽ അനാച്ഛാദനം ചെയ്യും. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്,മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ,മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ആരിഫ് മുഹമ്മദ് ഖാൻ നിലവിൽ ബീഹാർ ഗവർണറാണ്.
മുൻ രാഷ്ട്രപതിമാർക്ക് സ്വന്തം സംസ്ഥാനങ്ങളിൽ ആദരവും സ്മാരകങ്ങളും വേണമെന്ന നിർദ്ദേശം രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായിരിക്കേയാണ് മുന്നോട്ടുവച്ചത്. പല സംസ്ഥാനങ്ങളിലും അവിടങ്ങളിൽ നിന്നുള്ള രാഷ്ട്രപതിമാരെ ഓർക്കാറില്ലെന്ന് തിരിച്ചറിഞ്ഞായിരുന്നു ഇത്. തുടർന്ന് അന്നത്തെ സംസ്ഥാന ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് മുൻകൈയ്യെടുത്ത് കെ.ആർ. നാരായണന്റെ പ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചത്.
രാജ്ഭവനിലെ ഗവർണറുടെ വസതിയിലേക്കുള്ള വഴിയിൽ അതിഥിമന്ദിരത്തോട് ചേർന്ന് സ്ഥലവും കണ്ടെത്തി. നിർമ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിന് നൽകി. തിരുവനന്തപുരം ഫൈനാൻസ് കോളേജിന്റെ പ്രിൻസിപ്പൽ പ്രൊഫ. കെ. നാരായണൻകുട്ടിയുടെ മേൽനോട്ടത്തിൽ ഇടുക്കി സിജോയാണ് മൂന്നു അടി ഉയരമുള്ള അർധകായ പ്രതിമ സിമന്റിൽ നിർമ്മിച്ചത്.അതേസമയം, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് പ്രതിമയുടെ അനാച്ഛാദനം രാഷ്ട്രപതി നടത്തണമെന്ന് തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |