സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദീപൻ മുരളി. ജീവിതത്തിൽ താൻ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടനിപ്പോൾ. ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ജീവിത കഥ പറഞ്ഞത്.
'എന്റെ വീട്ടിൽ ഏറ്റവും നന്നായി പഠിച്ചിരുന്നത് ഞാനായിരുന്നു. എന്നാൽ പത്താം ക്ലാസിൽ പ്രതീക്ഷിച്ച മാർക്ക് കിട്ടിയില്ല. എല്ലാവരും ഡൗണായി. ആ സമയത്ത് പ്ലസ് വൺ, പ്ലസ് ടു അഡ്മിഷൻ കിട്ടാൻ വലിയ പാടായിരുന്നു. പ്രതീക്ഷിച്ച മാർക്ക് കിട്ടാത്തതുകൊണ്ട് കുടുംബം എന്റെ കാര്യത്തിൽ അത്ര താത്പര്യമെടുത്തില്ല. ഓപ്പൺ സ്‌കൂളിൽ പഠിച്ചു. കലാരംഗത്തുവരണമെന്നായിരുന്നു ലൈഫിലെ ഏറ്റവും വലിയ ലക്ഷ്യം.
പൈസയാണ് ഏറ്റവും വലുതെന്ന് മനസിൽ ചിന്തവന്നു. മീൻ മാർക്കറ്റിൽ പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ലേലം നടക്കുമ്പോൾ അതിന്റെ കണക്കെഴുതാൻ ഞാൻ പോയിട്ടുണ്ട്. പ്ലസ് വൺ, പ്ലസ് ടു പഠിക്കാൻ വയ്യാത്തതുകൊണ്ട് കൊച്ചച്ഛന്റെ സിഡി ലൈബ്രറി ഷോപ്പിൽ അഞ്ഞൂറ് രൂപ ശമ്പളത്തിന് ജോലിക്ക് നിന്നിട്ടുണ്ട്. സീനിയേഴ്‌സിന്റെ മലയാളം നോട്ടുബുക്ക് വാങ്ങി പഠിച്ച് പ്ലസ് വൺ പ്ലസ് ടു ഫസ്റ്റ് ക്ലാസ് വാങ്ങി. വിറകുകച്ചവടം ചെയ്തിട്ടുണ്ട്. ഞാൻ സാധാരണ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ്. അച്ഛന് വലതുകൈ ഇല്ല. അങ്ങനെ കുറേ പരിമിതികൾ വീട്ടിലുണ്ടായിരുന്നു.
നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അച്ഛൻ വീട്ടിലില്ല. അമ്മ, അമ്മൂമ്മ, ഞാൻ, ചേട്ടൻ എന്നിവർ വീട്ടിലുണ്ട്. വരുമാനമില്ല. കുറേ കഷ്ടപ്പെട്ടു. അന്നുമുതൽ പണം സമ്പാദിക്കണമെന്ന് മനസിലുണ്ടായിരുന്നു. കോഴി, ആട്, പശു ഇവയൊക്കെ വളർത്തിയിരുന്നു.
എന്റെ കൂടെ പഠിച്ചവരൊക്കെ നല്ല പൊസിഷനിലെത്തി. എനിക്കൊന്നും ആകാൻ പറ്റിയില്ലെന്നൊരു ഇൻസെക്യൂരിറ്റിയുണ്ടായിരുന്നു. കരിയർ കോഴ്സ്, അല്ലെങ്കിൽ എന്ത് പഠിക്കണമെന്ന് പറഞ്ഞുതരാൻ എനിക്കാരുമില്ലായിരുന്നു. ഒരുപാട് വിഷമിച്ചു. അമ്മയുടെ സഹോദരിക്ക് പരിചയമുള്ളൊരാൾ മുഖേന ട്രാവൽ ഇന്ത്യ എന്ന ഓഫീസിൽ ജോലി കിട്ടി. ആ സമയത്ത് ബാങ്കിൽ പോയി കാര്യങ്ങൾ ചെയ്യാനറിയില്ല. അയാട്ട ഞാൻ പഠിച്ചിട്ടില്ല. കമ്പ്യൂട്ടർ മാത്രമേ ആകെ അറിയുമായിരുന്നുള്ളു. എം എസ് ഓഫീസൊക്കെ പഠിച്ചിട്ടുണ്ടാകുമെന്നായിരുന്നു അവർ വിചാരിച്ചത്. സേവ് ചെയ്ത പൈസ കൊണ്ട് ഫിലിം മേക്കിംഗിൽ മാസ്റ്റർ ഡിപ്ലോമ പഠിക്കാൻ പോയി. ജോലി ചെയ്തുകൊണ്ടായിരുന്നു പഠനം.'- ദീപൻ മുരളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |