SignIn
Kerala Kaumudi Online
Thursday, 16 October 2025 12.30 AM IST

രാഷ്ട്രീയമാണെങ്കിലും ജാനു എല്ലാം പൊറുക്കുമോ ?

Increase Font Size Decrease Font Size Print Page
ck-janu

ഇപ്പോഴൊന്നുമല്ല, പണ്ട് എഴുത്തും വായനയും അറിയാത്ത ജാനു അങ്ങ് ജനീവയിൽ പോയത് ഒരുകാലത്ത് വാർത്തയായിരുന്നു. ജാനു ജനീവയിലേക്കോ?പലരും നെറ്റി ചുളിച്ചു. അതെ അതാണ് ജാനു. 1970 ജൂലായ് 14ന് വയനാട്ടിൽ തിരുനെല്ലി പഞ്ചായത്തിലെ ചേക്കോട് കരിയന്റെയും വെളിച്ചിയുടെയും മകളായി ജനിച്ച ഈ അടിയാത്തി പെൺകുട്ടി ഇന്ന് എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കിൽ അത് അവർ ആർജ്ജിച്ചെടുത്ത കരുത്തിലൂടെയാണ്. നാൽപ്പത് വർഷങ്ങൾക്ക് മുമ്പാണ്. ദക്ഷിണേന്ത്യയിലെ ആദിവാസികളുടെ സംഗമം മാനന്തവാടിയിൽ വച്ച് നടന്നു. അതിന്റെ സംഘാടന ചുമതല ഒരു ആദിവാസി പെൺകുട്ടിക്കായിരുന്നു. സംഗമത്തിന് തുടക്കം കുറിച്ചുകൊണ്ട് കബനിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന മാനന്തവാടി ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ദീപ ശിഖ തെളിച്ചതും സംഗമവേദിയിൽ നിറഞ്ഞുനിന്നതുമായ അവൾ സി.കെ. ജാനുവായിരുന്നു. അവിടേക്ക് എത്തുമ്പോൾ ജാനുവിന്റെ രാഷ്ട്രീയം ഇടത് പക്ഷത്തിനൊപ്പമായിരുന്നു.

ആ ചിന്താഗതിയിലേക്ക് ജാനു തിരിയാനും കാരണമുണ്ട്. ജന്മിമാരുടെ പാടങ്ങളിൽ ചോര നീരാക്കി വേല ചെയ്തിരുന്ന മണ്ണിന്റെയും കാടിന്റെയും മക്കൾക്ക് മതിയായ കൂലിപോലും ലഭിച്ചിരുന്നില്ല. വല്ലി സമരമെന്ന് പറഞ്ഞ് അതിനെതിരെ പോരാടിയത് സി.പി.എമ്മും അവരുടെ നിയന്ത്രണത്തിലുള്ള കർഷകത്തൊഴിലാളികളുമായിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ തൃശിലേരിയിലും മറ്റും ജന്മിമാരുടെ പാടങ്ങളിലെ വയൽവരമ്പിൽ ചുവന്ന കൊടിക്കൊപ്പം മുദ്രാവാക്യങ്ങളും മുഴങ്ങി. അങ്ങനെയാണ് വയനാട്ടിൽ തിരുനെല്ലി പഞ്ചായത്ത് സി.പി.എമ്മിന്റെ ഉരുക്ക് കോട്ടയായി മാറുന്നത്. നിരവധി കമ്മ്യൂണിറ്റ് നേതാക്കൾ ഇവിടേക്ക് വന്നും പോയുമിരുന്നു. ഈ മണ്ണിലാണ് അടിയോരുടെ പെരുമനായ നക്സലൈറ്റ് നേതാവ് എ. വർഗ്ഗീസ് വിപ്ളവം രചിച്ച് രക്തസാക്ഷിയായത്. ജാനു ആ ചരിത്രമൊക്കെ ഉൾക്കൊണ്ടാണ് ഓരോ ചുവടും മുന്നേറിയത്.

പോരാട്ടം അനീതിക്കെതിരെ

എഴുത്തും വായനയും പഠിക്കണമെന്ന് ജാനുവിന് ആഗ്രഹമുണ്ടായിരുന്നു. സോളിഡാരിറ്റിയുടെ പ്രവർത്തകർക്കൊപ്പം ചേർന്ന ജാനു സാക്ഷരാത ക്ളാസുകളിൽ പോയി എഴുതാനും വായിക്കാനും പഠിക്കാൻ ആഗ്രഹം പ്രക‌ടിപ്പിച്ചു. അനീതിക്കെതിരെ പോരാടാൻ ജാനുവിന് അന്നേ ചങ്കൂറ്റമുണ്ടായിരുന്നു.

1987-ലാണ് ജാനു അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കമ്മ്യൂണിറ്റ് പാർട്ടി വിടുന്നത്. ആദിവാസി വികസന സമിതിയായിരുന്നു ജാനുവിന്റെ സംഘടന. അവിടെ നിന്ന് തുടങ്ങിയ പോരാട്ടം ഇന്നും തുടരുന്നു. ജനിച്ച മണ്ണിൽ ജീവിക്കാനായി ഒരു തുണ്ട് ഭൂമി ആദിവാസികളുടെ സ്വപ്നമായിരുന്നു. അതിനുവേണ്ടി ജാനു ആദിവാസികളെ സംഘടിപ്പിച്ചുകൊണ്ട് രംഗത്തേക്കിറങ്ങി. 1994-ൽ അമ്പുകുത്തി സമരം നടന്നു. അതിന്റെ പേരിൽ ജയിൽ വാസവും അനുഭവിക്കേണ്ടി വന്നു. ഈ വർഷം തന്നെയാണ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ളിയിൽ ജാനു പങ്കെടുക്കുന്നത്. 1995-ൽ ആദിവാസി ഏകോപന സമിതിക്ക് രൂപം നൽകി.1996-ൽ സെക്രട്ടറിയറ്റ് പടിക്കൽ ആദിവാസി ഭൂനിയമം ഭേദഗതി ചെയ്യുന്നതിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തി. 2001-ൽ സെക്രട്ടറിയറ്റ് പടിക്കൽ കുടിൽകെട്ടി സമരവും നാം കണ്ടു. ഗോത്രമഹാസഭ രൂപീകരിച്ച് കൊണ്ടായിരുന്നു ജാനുവിന്റെ നീക്കം. ഒപ്പം ഗീതാനന്ദന്റെ കരുത്തും ജാനുവിന് മുന്നേറാൻ ഊർജ്ജമായി. 2002-ൽ ആറളം ഫാം ഭൂ സമരവും നടത്തി. 2003ൽ നടത്തിയ മുത്തങ്ങ സമരമാണ് ജാനുവിനെ നേതാവാക്കി മാറ്റിയത്. 2004-ൽ ആദിവാസി ദലിത് പ്രവർത്തകരെ ഒപ്പം കൂട്ടി രാഷ്ട്രീയ മഹാസഭ എന്ന പാർട്ടിക്ക് രൂപം നൽകി. 2004-ൽ തന്നെ ഇടുക്കിയിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചു. 2014-ൽ സെക്രട്ടറിയറ്റ് പടിക്കൽ 162 ദിവസം ആദിവാസികൾക്കൊപ്പം നിൽപ്പ് സമരം നടത്തി. 2016, 2021 വർഷങ്ങളിൽ സുൽത്താൻ ബത്തേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. തുടർന്നാണ് ജാനുവിന്റെ നേതൃത്വത്തിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് (ജെ.ആർ.പി) രൂപം നൽകുന്നത്. അതിൽ നിന്നുകൊണ്ട് തന്നെ എൻ.ഡി.എയുടെ ഭാഗമായും കുറെക്കാലം നിന്നു. സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷയായി അങ്ങനെ തുടരുമ്പോഴാണ് സി.കെ. ജാനുവിനും പാർട്ടി അണികൾക്കും എൻ.ഡി.എ വിടാൻ തോന്നിയത്. മുന്നണി മര്യാദ പാലിക്കാത്തതിലും അവഗണനയുമാണ് തീരുമാനത്തിന് പിന്നിലെന്ന് ജാനു വ്യക്തമാക്കിയിരുന്നു.

യു.ഡി.എഫിലേക്ക്

ചേക്കേറുമ്പോൾ

എന്താണ് അടുത്ത വഴി? വീണ്ടും എൽ.ഡി.എഫിലേക്ക് പോകുന്നതും ശരിയല്ല. പിന്നെന്ത് ചെയ്യും? യു.ഡി.എഫിലേക്ക് പോയാലേ എന്ന ചിന്തയ്ക്ക് പ്രവർത്തകരും പച്ചക്കൊടി കാട്ടി. പിന്നെ മറ്റൊന്നും ചിന്തിച്ചില്ല. നേരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കണ്ടു. ജാനുവിന്റെ ആഗ്രഹത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഘടക കക്ഷികളുമായി ആലോചിച്ച് ജാനുവിനും ഒരു ഇടം യു.ഡി.എഫിൽ നൽകണം. അതിനുള്ള നീക്കമാണ് ഇനി നടക്കുക. ഇപ്പോൾ കൊളംബിയയിൽ ആദിവാസി സമ്മേളനത്തിൽ പങ്കെടുക്കുന്ന സി.കെ. ജാനു ഈ മാസം 25ന് തിരിച്ചെത്തും. തുടർന്ന് യു.ഡി.എഫിന്റെ ഭാഗമാകും. അപ്പോൾ, ഒരു ചോദ്യം രാഷ്ട്രീയ എതിരാളികൾ ഉയർത്തിയേക്കുമെന്ന് ജാനു ഇപ്പോൾ തന്നെ മുൻകൂട്ടി കാണുന്നുണ്ട്. മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി നടത്തിയ സമരത്തിൽ ജോഗിയെന്ന ആദിവാസിയെ രക്തസാക്ഷിയാക്കിയതും കുടിലുകൾക്ക് തീയിട്ടും നൂറുകണിക്കിന് ആദിവാസികളെ പൊലീസ് വനത്തിൽ നരനായാട്ട് നടത്തിയതും ആരുടെ കാലത്തെ ഭരണത്തിലാണ്? നിരവധി ആദിവാസികൾ പൊലീസ് മർദ്ദനത്താൽ ഇന്നും ജീവിക്കുന്ന രക്തസാക്ഷികളായി നരകിച്ച് കഴിയുന്നുണ്ട്. പലരും പൊലീസ് മർദ്ദനം കാരണം ചോര ഛർദ്ദിച്ച് മരിച്ചു. പൊലീസ് ഭീകരതയിൽ മനോനില തെറ്റി കഴിയുന്നവരും ധാരാളം. തീർന്നില്ല, മുത്തങ്ങ സമരത്തിന്റെ ഓർമ്മകൾക്ക് 22 വർഷത്തോളം പഴക്കമുണ്ട്. നൂറുകണക്കിന് ആദിവാസികൾ ഇന്നും എറണാകുളം സി.ബി.ഐ. കോടതി മുതൽ വയനാട്ടിലെ കോടതികളിൽ വരെ കയറിയിറങ്ങുന്നു. ആരും സഹായിക്കാനില്ല. ചോര നീരാക്കി വേല ചെയ്തു കിട്ടുന്ന കാശാണ് വക്കീലുമാർക്ക് കൊടുക്കുന്നത്. ഈ പാവങ്ങളുടെ പേരിലുള്ള കേസിന്റെ കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ ഇവിടെ മാറിമാറി ഭരണം നടത്തിയവർക്ക് കഴിഞ്ഞതുമില്ല. ജാനുവിനെയും അണികളെയും ഈ കോലത്തിലാക്കിയ ആ പഴയ
യ ഭരണകൂടത്തിന്റെ ഭാഗമാകാൻ സി.കെ. ജാനുവിനെ പ്രേരിപ്പിച്ച ചേതോവികാരം എന്തായിരിക്കും? മുത്തങ്ങ സമരത്തിൽ വിനോദ് എന്ന ഒരു പൊലീസുകാരനും മരണപ്പെട്ടിട്ടുണ്ട്. ആദിവാസികളുടെ ഭാഗത്ത് നിന്ന് മരണപ്പെട്ട ജോഗിയുടെ മകൾ സീതക്ക് പിന്നീട് അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി. ജാനുവിനെ ഇടതുമുന്നണി നേരിടുന്നതും ഇതൊക്കെ പറഞ്ഞുകൊണ്ടാണ്. ജാനുവിന്റെ മുത്തങ്ങ സമരത്തിൽ നിന്നാണ് സി.പി.എം ആദിവാസി ക്ഷേമസമിതിക്ക് രൂപം നൽകുന്നത്. ഭൂമിയുടെ പേരിൽ സമരം ചെയ്ത ആദിവാസികളെ വെടിവച്ച് കൊന്ന കക്ഷികൾക്കൊപ്പം ചേരാനുള്ള ജാനുവിന്റെ നീക്കത്തെ ഇടതുമുന്നണി പരിഹസിച്ചേക്കും. 2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ നടന്ന നരനായാട്ടിന് ജാനുവിന് മറുപ‌ടിയുണ്ടായിരിക്കും. രാഷ്ട്രീയമല്ലേ, എല്ലാം പൊറുക്കെണ്ടേയെന്ന്.

TAGS: CKJANU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.