കേരള രാജ്ഭവൻ വീണ്ടും വാർത്തകളിൽ നിറയുന്നു. രാജ്യപാലകന്റെ (ഹിന്ദിയിൽ രാജ്പാൽ) ആസ്ഥാനം വാർത്തകൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. അനുകൂലവും പ്രതികൂലവുമായ വാർത്തകളുടെ വറ്റാത്ത ഉറവയാണ്, മാദ്ധ്യമ പ്രവർത്തകർക്ക് അടുത്തകാലം വരെ അപ്രാപ്യമായിരുന്ന രാജ്ഭവൻ ഇപ്പോൾ. രാജ്ഭവൻ 'ലോക്ഭവൻ" ആയി മാറുന്നുവെന്ന് അർത്ഥം. നിഷേധാത്മക വാർത്തകൾക്ക് വമ്പിച്ച പ്രാധാന്യം നൽകി ആഘോഷിക്കും, പല മാന്യ മാദ്ധ്യമങ്ങളും. മറിച്ചുള്ള നല്ല സംഭവങ്ങൾ, അവ എത്രയേറെ ആരോഗ്യകരമെങ്കിലും അവഗണിക്കപ്പെടും. അക്കാരണം പറഞ്ഞ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ സർവസാധാരണമായി ഉപയോഗിച്ച് വരുന്ന 'മാപ്ര" എന്ന വിശേഷണം ഉപയോഗിച്ച് അവരെ തരംതാഴ്ത്തിക്കാട്ടാൻ തയ്യാറില്ല. ഈയുള്ളവനും ആ വംശത്തിൽപ്പെടുന്നു എന്നതുകൊണ്ടുള്ള വർഗബോധം കൊണ്ടുമാത്രം. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും..." എന്നൊന്നും പറഞ്ഞ് പരിഭവിക്കുന്നുമില്ല.
'What is negative is news and what is positive is propaganda" എന്നതാണ് പണ്ടുതൊട്ടേ മാദ്ധ്യമ പ്രവർത്തകരുടെ ബാലപാഠം. സ്വാതന്ത്ര്യം കിട്ടി, എഴുപതാണ്ട് കഴിഞ്ഞിട്ടും 'കൊളോണിയൽ" ശീലങ്ങൾ മാറുന്നില്ല. ഇതൊക്കെയാണെങ്കിലും ഇതിനിടയിൽ, രാജ്ഭവനിലെ ഓണാഘോഷവും പച്ചക്കറിക്കൃഷിയും ഗോപരിപാലനവും മറ്റും ഈയിടെയായി വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ അത്തരത്തിൽ വന്നൊരു സദ്വാർത്ത, രാജ്ഭവൻ പൂന്തോട്ടത്തിൽ അനാച്ഛാദനത്തിനായി ഒരുങ്ങുന്ന പ്രതിമയെപ്പറ്റിയാണ്.
പ്രതിമാ നിർമ്മാണമോ അനാച്ഛാദനമോ നമ്മുടെ നാട്ടിൽ വലിയ കാര്യമല്ല. മാനവരാശിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്, പ്രതിമകളുടെ ചരിത്രത്തിനും. ആദികാവ്യത്തിൽ, അയ്യായിരത്തിലേറെ വർഷം മുമ്പ്, ശ്രീരാമൻ രാജസൂയ യാഗം നടത്തിയത്, സ്വപത്നി സീതാദേവിയുടെ സ്വർണപ്രതിമ തന്റെയരികിൽ പ്രതിഷ്ഠിച്ചിട്ടാണല്ലോ. യുഗങ്ങൾ താണ്ടിയിട്ടും, എത്രയോ സാഹിത്യ സൃഷ്ടികൾക്ക് കാഞ്ചനസീത കാരണമായി. എന്നാൽ ഇന്നിപ്പോൾ സ്വർണ വിഗ്രഹങ്ങൾ എന്ന് കേൾക്കുമ്പോൾത്തന്നെ ഓർത്തുപോവുന്നത് അത്ര സുഖകരമല്ലാത്ത സംഭവവികാസങ്ങൾ ആയിപ്പോയി. അതുകൊണ്ട് സ്വർണ വിഗ്രഹങ്ങളെപ്പറ്റിയുള്ള ചർച്ച ഏറെ കാലികമെങ്കിലും തത്കാലം ഇപ്പോൾ വേണ്ട. ഇവിടെ കൽപ്രതിമകളെക്കുറിച്ചാണ് ചർച്ച.
"പ്രതിമകളുടെ നഗരം" എന്ന് തിരുവനന്തപുരത്തെ വിശേഷിപ്പിക്കാറുണ്ട്. അത്രയേറെ പ്രതിമകളുണ്ട് തലസ്ഥാന നഗരിയിൽ. അമ്പതിലേറെ വരും അവയുടെ എണ്ണം. ഇനിയും അവ വർദ്ധിക്കുക തന്നെ ചെയ്യും. മുൻ മുഖ്യമന്ത്രിമാരുടെ പ്രതിമകൾ മാത്രം അര ഡസൻ വരും. മുൻ മഹാരാജാവിന്റെ പ്രതിമ രണ്ടിടത്തുണ്ട് നഗരത്തിൽ. പിന്നെ മഹാത്മജിയും നേതാജിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ, നവോത്ഥാന നേതാക്കൾ, കവികൾ എന്നിങ്ങനെയുള്ളവരുടെ. ഇവ കൂടാതെയാണ് രാജ ഭരണകാലത്തെ വേലുത്തമ്പി ദളവയുടെയും ദിവാൻ മാധവ റാവുവിന്റെയും പൂർണകായ പ്രതിമകൾ സെക്രട്ടേറിയറ്റിനു മുന്നിൽ മുഖത്തോടുമുഖം നോക്കിനിൽക്കുന്നത്. മാധവ റാവുവിന്റേതാവാം തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്യപ്പെടുന്ന ആദ്യ പ്രതിമ. ഈ പ്രതിമ കാരണം ആ കവല 'സ്റ്റാച്യു ജംഗ്ഷൻ" എന്ന പേരിൽത്തന്നെ ഇന്നും അറിയപ്പെടുന്നു. ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു സ്ഥലപ്പേര് ഉണ്ടെന്നു തോന്നുന്നില്ല!
വിഗ്രഹങ്ങളോളം പഴക്കമുണ്ട് വിഗ്രഹ ഭഞ്ജനത്തിനും. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരുന്ന സേതു പാർവതീ ഭായി അമ്മ മഹാറാണിയുടെ മനോഹര പ്രതിമ പതിറ്റാണ്ടുകൾ മുമ്പ് തീവ്രവാദികൾ തകർത്തത് പ്രത്യയശാസ്ത്രപരമായ കാരണങ്ങൾ പറഞ്ഞാണ്. വിഗ്രഹ വിരോധവും വിഗ്രഹഭഞ്ജനവും വിശ്വാസ പ്രമാണമായി കൊണ്ടുനടക്കുന്നവരും ഏറെയാണ്. അതുകൊണ്ടാണ് മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ എത്രയോ കാലമായി അദ്ദേഹത്തിന്റെ ജന്മദേശമായ തിരൂരിൽ വെളിച്ചം കാണാതെ പൊതിഞ്ഞു കെട്ടി പൊടിയടിക്കുന്നത്.
രാജ്ഭവനിൽ അടുത്തയാഴ്ച രാഷ്ട്രപതി ദ്രൗപതി മുർമു അനാച്ഛാദനം ചെയ്യുന്നത് മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമയാണ്. കോച്ചേരിൽ രാമൻ നാരായണനെ രാഷ്ട്രപതിയാക്കണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് 'കേരള കൗമുദി" ആണെന്നത് ഈയവസരത്തിൽ എഴുതാതെ വയ്യ. യശ:ശരീരനായ പത്രപ്രവർത്തകൻ എൻ. രാമചന്ദ്രൻ എഴുതിയ മുഖപ്രസംഗത്തിലൂടെയാണ്, ആരും അതു വരെ ചിന്തിക്കാത്ത ആ ആശയം ശക്തമായ ആവശ്യമായി 'കേരള കൗമുദി" അന്ന് മുന്നോട്ടുവച്ചത്. അക്കാലത്തെ 'കിംഗ് മേക്കർ" കെ. കരുണാകരൻ ആ ആശയം യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. അങ്ങനെ, കേരളീയനായ ആദ്യത്തെ രാഷ്ട്രപതിയായി, കെ.ആർ. നാരായണൻ. കേരള രാജ്ഭവനിൽ കെ.ആർ. നാരായണന്റെ പ്രതിമ വേണമെന്ന ആഗ്രഹം മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റേത് ആയിരുന്നു. പ്രതിമ നിർമ്മാണത്തിന് മുൻകൈയെടുത്തത് ആരിഫ് മുഹമ്മദ് ഖാൻ, കേരള ഗവർണർ ആയിരിക്കുമ്പോൾ. ഇപ്പോൾ വിദേശത്തുള്ള ഇടുക്കി സ്വദേശി സിജോ ആണ് പ്രതിമയുടെ ശിൽപ്പി.
ഏതാണ്ട് ഒരു വർഷമായി രാഷ്ട്രപതിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു കേരള രാജ്ഭവനും കെ.ആർ. നാരായണന്റെ ശിൽപ്പവും. ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ തുടർനടപടികളെ തുടർന്ന് ഇപ്പോൾ ഇതാ രാം നാഥ് കോവിന്ദിന്റെ ആഗ്രഹവും ആരിഫ് മുഹമ്മദ് ഖാന്റെ ശ്രമവും സഫലമാവുന്നു. പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യുന്ന ശുഭമുഹൂർത്തത്തിൽ കോവിന്ദ് ജിയുടെയും ആരിഫ്ജിയുടെയും സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്നതിൽ ആർലേക്കർജി പ്രത്യേക ശ്രദ്ധ എടുത്തു എന്നതും എടുത്ത് പറയേണ്ടതുണ്ട്. രാഷ്ട്രപതിയുടെ ബഹുമാനാർഥം കേരള ഗവർണർ തലേന്ന് ഒരുക്കുന്ന അത്താഴേവിരുന്നിലും ഇരുവരും സംബന്ധിക്കുന്നുണ്ട്. രാഷ്ട്രപതി മുർമു കേരള രാജ് ഭവനിൽ തങ്ങുന്നത് ഇതാദ്യമാണ്. അവിടെ ഒരു പ്രതിഭയുടെ പ്രതിമ തരുന്നതും ഇതാദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |