സ്ത്രീകളില്‍ കൂടുതലായി കാണപ്പെടുന്ന കാന്‍സര്‍ ആണ് സ്തനാര്‍ബുദം. അതുകൊണ്ടുതന്നെ എല്ലാ വര്‍ഷവും ഒക്ടോബര്‍, സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസമായി ആചരിക്കുക വഴി ജനങ്ങള്‍ക്ക് രോഗലക്ഷണങ്ങളെയും ചികിത്സാരീതികളെയും കുറിച്ചുള്ള അവബോധം നല്‍കുക എന്നതാണ് ലോക ആരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിക്കാനാകുമെന്നും അതിനെ അതിജീവിക്കാനാകുമെന്നുള്ള സന്ദേശം നല്‍കാനും നിലവിലുള്ള രോഗികള്‍ക്ക് ധൈര്യം പകരാനും രോഗത്തെ അതിജീവിച്ചവര്‍ക്ക് ഒത്തുചേരാനും അവസരം ഒരുക്കിക്കൊണ്ട് സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുക എന്നതാണ് പിങ്ക് മാസാചരണത്തിലൂടെ (ഒക്ടോബര്‍) ഉദ്ദേശിക്കുന്നത്.
ശരീരത്തിലെ കോശങ്ങളില്‍ ഉണ്ടാകുന്ന ചില ജനതക വ്യതിയാനങ്ങളാണ് അര്‍ബുദ രോഗബാധയ്ക്കുള്ള പ്രധാന കാരണമെന്നിരുന്നാലും സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍, അമിതവണ്ണം, വ്യായാമക്കുറവ്, കൊഴുപ്പു നിറഞ്ഞ ഭക്ഷണശൈലി, പ്രസവം, മുലയൂട്ടല്‍ എന്നിവയുടെ അഭാവം, വൈകിയുള്ള ആര്‍ത്തവവിരാമം, അധികമായുള്ള ഹോര്‍മോണ്‍ മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ സ്തനാര്‍ബുദത്തിന് കാരണമാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയാണ്.
സ്വന്തമായുള്ള സ്തന പരിശോധനയിലൂടെ പ്രാരംഭ ദിശയില്‍ തന്നെ സ്തനാര്‍ബുദം കണ്ടുപിടിക്കുവാന്‍ സാധിക്കും. വേദനയുള്ളതോ ഇല്ലാത്തതോ ആയ മുഴകള്‍, സ്തനങ്ങളിലെ കല്ലിപ്പ്, തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, മുലഞെട്ട് അകത്തേക്ക് വലിയുക, രക്തമയമുള്ളതോ അല്ലാത്തതോ ആയ ശ്രവം പുറത്തേക്ക് വരിക, കക്ഷത്തിലോ കഴുത്തിലോ ഉള്ള തടിപ്പുകള്‍ എന്നിവ കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഒരു വിദഗ്ധ പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് വളരെ പ്രാരംഭ ദശയില്‍ തന്നെ സ്തനാര്‍ബുദം സ്‌ക്രീനിംഗിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കും. അതുവഴി രോഗം ഭേദമാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഡോക്ടറുടെ അടുത്ത് എത്തിക്കഴിഞ്ഞാല്‍ വളരെ ലളിതമായ പരിശോധനകളിലൂടെ രോഗനിര്‍ണ്ണയം സാദ്ധ്യമാണ്. വേദന രഹിതവും ചെലവ് കുറഞ്ഞതുമായ എക്‌സ്-റേ മാമോഗ്രാം ആണ് ഏറ്റവും അനുയോജ്യം. അതോടൊപ്പം തന്നെ ബയോപ്‌സി അഥവാ കുത്തി പരിശോധനയും രോഗനിര്‍ണ്ണയത്തിന്റെ സാദ്ധ്യത കൂട്ടുന്നു. അള്‍ട്രാസൗണ്ട് എം ആര്‍ മാമോഗ്രാം എന്നിവയും രോഗനിര്‍ണ്ണയത്തിനുള്ള മറ്റു പരിശോധനാ രീതികളാണ്.
സ്തനാര്‍ബുദം നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞാല്‍ ചികിത്സ, അസുഖത്തിന്റെ സ്റ്റേജിനേയും ട്യൂമറിന്റെ പത്തോളജിക്കല്‍ ഉപവിഭാഗങ്ങളേയും (Receptor status) അടിസ്ഥാനപ്പെടുത്തി ആയിരിക്കും തീരുമാനിക്കുന്നത്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, ഹോര്‍മോണ്‍ ചികിത്സ, ഇമ്മ്യൂണോ തെറാപ്പി, ടാര്‍ജറ്റഡ് തെറാപ്പി എന്നിവയാണ് പ്രധാനമായും വരുന്ന ചികിത്സാരീതികള്‍. ഇവയില്‍ എല്ലാ രീതികളും എല്ലാ രോഗികളിലും ആവശ്യമില്ല. പത്തോളജിക്കല്‍ ഉപവിഭാഗങ്ങളെയും സ്റ്റേജിനെയും അനുസരിച്ച് ആവശ്യമായവ മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
പ്രാരംഭ ദിശയില്‍ തന്നെ സ്തനാര്‍ബുദം കണ്ടെത്തിക്കഴിഞ്ഞാല്‍ വളരെ ലളിതമായ ചികിത്സാരീതികളിലൂടെ തന്നെ അസുഖം പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കും. കാലതാമസം നേരിട്ടാല്‍ മറ്റു അവയവങ്ങളിലേക്ക് അര്‍ബുദം ബാധിക്കുവാനും ചികിത്സയെ സങ്കീര്‍ണ്ണമാക്കാനുമുള്ള സാദ്ധ്യത കൂട്ടുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സ്വാന്തന പരിചരണത്തിലൂടെ ഒരു പരിധിവരെ രോഗനിയന്ത്രണം സാദ്ധ്യമാകുന്നതാണ്.
ഇതിനേക്കാളുപരി രോഗിയുടെ ആത്മവിശ്വാസവും കുടംബത്തിന്റെ മാനസിക പിന്തുണയും ഈ കാലയളവില്‍ ഏറെ ഗുണം ചെയ്യും. രോഗനിര്‍ണ്ണയത്തിനു ശേഷം ഇത് പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും എന്ന വസ്തുത രോഗി മനസ്സിലാക്കിയാല്‍ തന്നെ പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. ലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാത്തുനില്‍ക്കാതെ 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ കൃത്യമായ ഇടവേളകളില്‍ സ്തനാര്‍ബുദത്തിന്റെ സ്‌ക്രീനിംഗ് നടത്തുന്നതും പ്രതിരോധ മാര്‍ഗ്ഗങ്ങളെ പറ്റി അവബോധരാവുകയും ചെയ്യുക. സ്വയം പരിശോധിച്ച് നോക്കുമ്പോള്‍ സ്തനങ്ങളില്‍ മുഴയോ, നിറ വത്യാസമോ, വലിപ്പ വത്യാസമോ തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് മറ്റു സംശയ നിവാരണം നടത്തേണ്ടത് അനിവാര്യമാണ്.
Dr Anupriya P Medical Oncologist SUT Hospital, Pattom
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |