ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിറുത്തുമെന്ന് മോദി തനിക്ക് ഉറപ്പു നൽകിയെന്ന് ട്രംപ് പറഞ്ഞതിനെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീപ് ജയ്‌സ്വാൾ നിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ സംസാരിച്ചിട്ടില്ലെന്ന് ജയ്സ്വാൾ വ്യക്തമാക്കി. രാവിലെ വാർത്താക്കുറിപ്പിൽ ഇക്കാര്യം വിശദീകരിച്ച വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിലും ഇക്കാര്യം ആവർത്തിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സംഭാഷണവും നടന്നിട്ടില്ലെന്ന് ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു, ഫോൺ വഴിയോ അല്ലാതെയോ അത്തരത്തിൽ ഒരു സംഭാഷണം ഉണ്ടായതായി തനിക്കറിയില്ലെന്ന് ജയ്‌സ്വാൾ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്നുെ റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്പ്പാണ് ഈ നീക്കമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. വെെറ്റ് ഹൗസിലെ പരിപാടിക്കിടെയാണ് ഇക്കാര്യം അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
'റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഉറപ്പുനൽകി. അതൊരു വലിയ ചുവടുവയ്പ്പാണ്. ഇനി ചെെനയെയും ഇതേ കാര്യം ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും'-ട്രംപ് വ്യക്തമാക്കി. ഇറക്കുമതി ഉടനടി നിർത്താൻ ഇന്ത്യയ്ക്ക് കഴിയില്ലെന്നും ഇതിന് ചെറിയ പ്രക്രിയ ഉണ്ടെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യയുടെ എണ്ണയിൽ നിന്നുള്ള വരുമാനം വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളിലാണ് യുഎസ്. ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചാൽ ആഗോള ഊർജ നയതന്ത്രത്തിൽ ഒരു വഴിത്തിരിവാകും. റഷ്യയിലെ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെയും ഇത് സ്വാധീനിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |