SignIn
Kerala Kaumudi Online
Saturday, 18 October 2025 12.27 PM IST

നിബന്ധന മാറ്റി വനഭൂമിയിൽ പട്ടയം

Increase Font Size Decrease Font Size Print Page
as

നിയമങ്ങൾ നിർമ്മിക്കുന്നത് ഒരു സമൂഹത്തിന്റെ നിലനിൽപ്പിനും കെട്ടുറപ്പിനും ആവശ്യമാണ്. മനുഷ്യന്റെ ജീവിതം ഉയർത്തുക എന്ന ലക്ഷ്യമാണ് എല്ലാ നിയമങ്ങളുടെയും അടിസ്ഥാനം. എന്നാൽ ചില നിയമങ്ങൾ കാലാന്തരത്തിൽ മനുഷ്യജീവിതം സങ്കീർണവും പ്രശ്നഭരിതവുമാക്കാൻ ഇടയാക്കും. ഇത്തരം നിയമങ്ങളിൽ കാലഘട്ടത്തിന് അനുസൃതമായ മാറ്റവും വ്യക്തതയും യഥാസമയം വരുത്തിയില്ലെങ്കിൽ അത് ഒട്ടേറെ കുരുക്കുകൾക്കും കോടതി വ്യവഹാരങ്ങൾക്കും ഇടയാക്കും. പ്രത്യേകിച്ച്,​ ഭൂമിയുടെ ഉടമസ്ഥാവകാശം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അവ്യക്തത ഏതു രീതിയിലും വ്യാഖ്യാനിക്കപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അതുണ്ടാക്കുന്ന പ്രശ്നങ്ങൾ മനുഷ്യജീവിതം ദുഷ്‌കരമാക്കുന്നതിനു തുല്യമാണ്. ഇടുക്കി ജില്ലയോളം തന്നെ പഴക്കമുള്ളതാണ് അവിടത്തെ ഭൂമിയുടെ പട്ടയ പ്രശ്നവും. അരനൂറ്റാണ്ടിലേറെയായി താമസിക്കുന്ന വീടും വസ്‌തുവും വനഭൂമിയിൽ ഉൾപ്പെട്ടതാണെന്നതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങൾ കഴിയുന്ന ജില്ല കൂടിയാണ് ഇടുക്കി.

കെട്ടിടങ്ങളുടെ വിസ്‌തൃതി പരിഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനം ദീർഘകാലമായി നിലനിന്നിരുന്ന ഇടുക്കിയിലെ സങ്കീർണമായ ഒരു പ്രശ്നത്തിനാണ് തിരശ്ശീലയിട്ടിരിക്കുന്നത്. 1977-നു മുമ്പ് വനഭൂമി കൈവശം വച്ചിട്ടുള്ള ഇരുപതിനായിരത്തോളം പേർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇത്തരത്തിൽ ഭൂമി ഉള്ളവർക്ക് അത് പതിച്ചുനൽകാൻ കേന്ദ്ര സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. റവന്യു, വനം വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കു ശേഷമാവും വനഭൂമിക്ക് 1993-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകുക. ഭൂമി കൈവശമുള്ളവർ ഇവിടെ വാണിജ്യാവശ്യങ്ങൾക്കും മറ്റുമായി ചെറിയ കടകളും മറ്റും നിർമ്മിച്ചിരുന്നു. വീട് നിർമ്മാണം, കാർഷികാവശ്യം, ചെറിയ കടകൾ എന്നിവയ്ക്ക് പട്ടയം നൽകാൻ 2009-ൽ റവന്യു വകുപ്പ് ഉത്തരവിറക്കിയെങ്കിലും കെട്ടിടങ്ങളുടെ വിസ്‌തൃതി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ലായിരുന്നു. അതിനാൽ എത്ര വിസ്‌തൃതിയുള്ള കടകൾക്കു വരെ പട്ടയം അനുവദിക്കാമെന്ന് വ്യക്തമാക്കണമെന്ന് അന്നത്തെ ജില്ലാ കളക്ടർ സർക്കാരിന് കത്ത് നൽകിയിരുന്നു.

ഇതിനു പുറമെ,​ നിയമത്തിൽ പരാമർശമില്ലാത്തതിനാൽ ചെറിയ കടകൾക്ക് പട്ടയം നൽകാമെന്ന 2009-ലെ സർക്കാർ ഉത്തരവ് ഹൈക്കോടതി ഒരു കേസിൽ റദ്ദാക്കുകയും ചെയ്തിരുന്നു. തുടർന്ന് വർഷങ്ങളായി വനഭൂമിയിലെ പട്ടയം അനുവദിക്കൽ തടസപ്പെട്ടുകിടക്കുകയായിരുന്നു. ഈ പ്രശ്നം ദീർഘകാലമായുണ്ടെങ്കിലും കേന്ദ്ര വന സംരക്ഷണ നിയമങ്ങൾ ചൂണ്ടിക്കാട്ടി വനം വകുപ്പ് എതിർത്തിരുന്നതിനാൽ വനഭൂമിയിലെ പട്ടയം അനുവദിക്കൽ നീണ്ടുപോയി. 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമിയിൽ താമസമാക്കിയവർക്ക് അനുകൂലമായി കേന്ദ്രം നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു. ഇതാണ് കെട്ടിടങ്ങളുടെ വിസ്‌തൃതി നോക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കാമെന്ന തീരുമാനം സർക്കാർ കൈക്കൊള്ളാൻ ഇടയാക്കിയത്. കൈവശ ഭൂമിയിൽ പലരും കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. വിസ്‌തൃതിയുടെ കാര്യമൊന്നും ആരും നിർദ്ദേശിച്ചിട്ടില്ലാത്തതിനാൽ അതൊന്നും നോക്കാതെയാണ് അന്ന് കെട്ടിടങ്ങൾ വച്ചത്.

ചെറിയ കടകൾക്കാണ് 2009-ൽ പട്ടയത്തിന് സർക്കാർ അനുവാദം നൽകിയത് എന്ന തരത്തിൽ നടന്ന പ്രചാരണങ്ങൾ ഇടുക്കി ജില്ലയിൽ ഏറെ പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. മന്ത്രിസഭയുടെ പുതിയ തീരുമാനത്തോടെ ഇതെല്ലാം ഒറ്റയടിക്ക് പരിഹരിക്കപ്പെടുമെന്നതിനാൽ ഈ സർക്കാർ നടപടി വളരെ സ്വാഗതാർഹമാണ്. നിയമങ്ങളിൽ മനുഷ്യനെ കുരുക്കുന്ന നിബന്ധനകൾ നിർമ്മാണവേളയിൽത്തന്നെ ഒഴിവാക്കാനും അവ്യക്തതയ്ക്ക് ഇട നൽകാതെ നിയമങ്ങൾ സൃഷ്ടിക്കാനും ജനപ്രതിനിധികൾ കൂടുതൽ സമയം ചെലവഴിച്ചാൽ അതാകും അവർ ജനങ്ങൾക്കു നൽകുന്ന ഏറ്റവും വലിയ സേവനം. നിയമസഭയിൽ മിക്കവാറും ഒരു ചർച്ചയും കൂടാതെയാണ് ഭൂരിപക്ഷം ബില്ലുകളും പാസാക്കപ്പെടുന്നത്. നിയമ നിർമ്മാണംകൊണ്ട് ഉദ്ദേശിച്ച ഫലം ജനങ്ങൾക്ക് ലഭിക്കാതെ പോകുന്നതിന്റെ കാരണവും മറ്റൊന്നല്ല.

TAGS: PATTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.