മുഖ്യമന്ത്രി ഒഴികെ 16 മന്ത്രിമാരും രാജിവച്ചു, പുതിയ ടീമിന്റെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സമ്പൂർണ അഴിച്ചുപണി ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ 16 മന്ത്രിമാരും രാജിവച്ചു. വരാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കാതിരിക്കാൻ പുത്തൻ പ്രതിച്ഛായ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ അപ്രതീക്ഷിത നീക്കം.
പുതിയ മന്ത്രിമാർ ഇന്നുരാവിലെ 11.30ന് സത്യപ്രതിജ്ഞ ചെയ്യും. അതേസമയം, രാജിവച്ച മന്ത്രിമാരിൽ ചിലർ പുതിയ ടീമിലും ഇടംപിടിക്കുമെന്ന് സൂചനയുണ്ട്. അതിനാൽ, ഇവരുടെ രാജിക്കത്ത് ഗവർണർക്ക് മുഖ്യമന്ത്രി കൈമാറിയില്ലെന്ന് അറിയുന്നു.
ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ വസതിയിൽ ബി.ജെ.പി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി സുനിൽ ബൻസാലിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിനു ശേഷമാണ് മന്ത്രിമാരോട് രാജി ആവശ്യപ്പെട്ടത്. സമുദായ സന്തുലിതാവസ്ഥ പാലിച്ചും യുവാക്കളും പരിചയസമ്പന്നരായ നേതാക്കളും അടങ്ങിയതുമായിരിക്കും പുതിയ മന്ത്രിസഭയെന്ന് ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
മന്ത്രിമാരുടെ എണ്ണം കൂടും
182 അംഗ ഗുജറാത്ത് നിയമസഭയിൽ 27 മന്ത്രിമാർവരെ ആകാം. പുന:സംഘടനയിൽ മന്ത്രിമാരുടെ എണ്ണം കൂട്ടാനിടയുണ്ട്. മുഖ്യമന്ത്രിയും മാറുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിലനിറുത്തി. അതേസമയം, 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് മാറ്റമുണ്ടാകുമെന്ന് സൂചനയുണ്ട്.
ആം ആദ്മി സ്വാധീനം തടയാൻ
1. സംസ്ഥാനത്ത് ആംആദ്മി പാർട്ടിയുടെ സ്വാധീനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാകാതിരിക്കാൻ കൂടി ലക്ഷ്യമിട്ടാണ് സമ്പൂർണ അഴിച്ചുപണി
2. 2015ലെ പട്ടീദാർ സംവരണ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ ആംആദ്‌മി നേതാവ് ഗോപാൽ ഇത്താലിയയ്‌ക്ക് ല്യൂവാ-പട്ടീദാർ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ട്
3. ആംആദ്‌മി ശക്തി കേന്ദ്രങ്ങളായ സൗരാഷ്‌ട്രയിൽ നിന്നുള്ള റിവാബ ജഡേജ, ജയേഷ് റഡാഡിയ, ഉദയ് കങ്കാഡ് തുടങ്ങിയ യുവ എം.എൽ.എമാർക്ക് പുന:സംഘടനയിൽ അവസരം ലഭിച്ചേക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |