സൗന്ദര്യവുമായി ബന്ധപ്പെടുത്താറുണ്ടെങ്കിലും ആരോഗ്യവുമായി ചേർത്ത് പലപ്പോഴും തലമുടിയുടെ കാര്യം പറഞ്ഞ് കേൾക്കാറില്ല. മോശം ഭക്ഷണക്രമം, തലയോട്ടിയിൽ വിയർപ്പും പൊടിയും കലർന്നുണ്ടാകുന്ന അഴുക്ക്, സമ്മർദ്ദം എന്നിവ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്ന് പലർക്കും അറിയാം. മുടികൊഴിച്ചിൽ, മുടിയുടെ നിറം മങ്ങൽ, മുടിയിഴകളുടെ ആരോഗ്യം ക്ഷയിക്കൽ എന്നീ പ്രശ്നങ്ങൾക്ക് പലപ്പോഴും പഴിചാരാറുള്ളത് അത്തരം കാരണങ്ങളിലേക്കാണ്. എന്നാൽ ആന്തരിക അവയവങ്ങൾക്കുണ്ടാകുന്ന തകരാറുകളും മുടിയിയുടെ മോശം മാറ്റങ്ങൾക്ക് കാരണമാകാം. ആയുർവേദവും ചൈനീസ് വൈദ്യശാസ്ത്രവുമെല്ലാം മുടിയുടെ ആരോഗ്യത്തെ വൃക്ക, കരൾ തുടങ്ങിയവയുടെ പ്രവർത്തനവുമായി ബന്ധിപ്പിക്കുന്നു. വിഷവസ്തുക്കളെ ശുദ്ധീകരിക്കുകയും ഹോർമോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം മുടിക്കാവശ്യമായ പോഷകങ്ങളും ഈ അവയവങ്ങൾ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ വൃക്കയുടെയും കരളിന്റെയും പ്രവർത്തനങ്ങളിലുണ്ടാകുന്ന മാറ്റം തലമുടിയിലും പ്രതിഫലിക്കുന്നു.
അമിതമായ മുടികൊഴിച്ചിൽ
അമിതമായി വിഷവസ്തുക്കളെത്തുന്നത് കരളിന്റെ പ്രവർത്തനത്തെ സമ്മർദ്ദത്തിലാക്കുകയും രക്തപ്രവാഹം മന്ദഗതിയിലാക്കുയും ചെയ്യുന്നു. അമിതമായ മുടികൊഴിച്ചിലിലൂടെ ശരീരം ഇതിന്റെ സൂചന നൽകുന്നു. ഈസ്ട്രൊജൻ ടെസ്‌റ്റോസ്‌റ്റിറോൺ തുടങ്ങിയ ഹേർമോണുകളെ സന്തുലിതമായി നിലനിർത്തുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. ഇത് തകരാറിലാകുമ്പോൾ ഹോർമോണുകളുടെ സന്തുലിതാവസ്ഥ നഷ്ടമാവുകയും അമിതമായ മുടികൊഴിച്ചിൽ ഉണ്ടാവുകയും ചെയ്യുന്നു.
ബീറ്റ്‌റൂട്ട്, നെല്ലിക്ക, മഞ്ഞൾ തുടങ്ങി കരളിനെ പിന്തുണയ്‌ക്കുന്ന ഘടകങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് രക്തശുദ്ധീകരണത്തിനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
അമിതമായി എണ്ണ മയമുള്ള തലയോട്ടി
കരളിന്, കൊഴുപ്പും വിഷവസ്തുക്കളും കാര്യക്ഷമമായി സംസ്‌കരിക്കാൻ കഴിയാതെ വരുമ്പോൾ, സെബാസിയസ് ഗ്രന്ഥികൾ ഒരു പരിഹാരമായി എണ്ണ അമിതമായി ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് തല കഴുകിയാലും തലയോട്ടിയിൽ എണ്ണമയം സ്ഥിരമായി കാണപ്പെടാൻ ഇടയാക്കും. അധിക എണ്ണ പലപ്പോഴും പൊടിയും മാലിന്യങ്ങളും ആകർഷിക്കുകയും തലയോട്ടിയുടെ ആരോഗ്യം വഷളാക്കുകയും മുടി അകാലത്തിൽ കൊഴിയാൻ കാരണമാവുകയും ചെയ്യുന്നു.
ഉലുവ, പാവയ്‌ക്ക, ഇലക്കറികൾ തുടങ്ങിയ കയ്പ്പുള്ള ആഹാരസാധനങ്ങൾ ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കുന്നത് ഈ പ്രശ്നം തടയാൻ സഹായിക്കുന്നു.
തലമുടി വരണ്ട് പൊട്ടുന്നത്
മുടിയിഴകൾ വരണ്ട് പൊട്ടുന്നത്, തുടർച്ചയായി അറ്റം പിളരുന്നത് തുടങ്ങിയവ വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളെ സന്തുലിതമാക്കാൻ വൃക്കകൾ സഹായിക്കുന്നു, ഇവയെല്ലാം മുടിയുടെ ശക്തിയിൽ നിർണായക പങ്ക് വഹിക്കുന്നു. ഈ ധാതുക്കൾ ശരിയായി ആഗിരണം ചെയ്യപ്പെടാതിരിക്കുകയോ മൂത്രത്തിലൂടെ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ, മുടിയുടെ ഇലാസ്തികതയും സ്വാഭാവിക തിളക്കവും നഷ്ടപ്പെടും.
മുടിയുടെ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ജലം നിർണായകമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിനൊപ്പം തണ്ണിമത്തൻ, വെള്ളരി, തേങ്ങാവെള്ളം എന്നിവയുടെ ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും മുടിയുടെ മൃദുത്വം നിലനിർത്തുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |