SignIn
Kerala Kaumudi Online
Monday, 20 October 2025 7.31 AM IST

ചരിത്രം സ്പന്ദിക്കുന്ന പത്രത്താളുകൾ

Increase Font Size Decrease Font Size Print Page

a

1948 ജനുവരി 30-ന് മഹാത്മഗാന്ധി വെടിയേറ്റ് മരിച്ചതിന്റെ പിറ്റേന്ന് ഇറങ്ങിയ മലയാള പത്രം വിനോദ് വീണ്ടും വായിക്കാനെടുക്കുമ്പോൾ, രാഷ്ട്രത്തിനായി പോരാടിയ ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് വീണ്ടും കനംവയ്ക്കുന്നു. സ്വാതന്ത്യ സമരകാലത്ത് രാഷ്ട്രത്തിനായി ജീവൻ ത്യജിക്കേണ്ടി വന്ന മഹാത്മാവിന്റെ വിയോഗവവാർത്ത അന്നത്തെ പത്രത്തിലൂടെ വായിക്കുമ്പോൾ, കാലത്തിന്റെ ഒഴുക്കിൽ മറഞ്ഞുപോയ വ്യക്തികളുടെയും ചരിത്ര സംഭവങ്ങളുടെയും ഓർമ്മകളിലേക്ക് ഇന്റർനെറ്റിനെക്കാൾ വേഗത്തിലെത്താൻ ഒരുപക്ഷേ പൊൻകുന്നം സ്വദേശി വാളിപ്ലാക്കൽ എം.ജി വിനോദിന് സാധിച്ചേക്കും!

ഒരു ദിവസം മാത്രമാണ് ദിനപത്രങ്ങൾക്ക് ആയുസ് കല്പിക്കപ്പെട്ടിട്ടുള്ളതെങ്കിലും 70 വർഷം മുമ്പിറങ്ങിയ, ചരിത്രസംഭവങ്ങളടങ്ങിയ പത്രം മുതൽ വിനോദിന്റെ അലമാരയിൽ ഭദ്രമായുണ്ട്; മണ്മറഞ്ഞ ചരിത്രത്തിന്റെ ഓർമകളും പേറി. അതുല്യമായ പത്രശേഖരണം വിനോദ് തുടങ്ങിയത് സ്കൂൾ കാലഘട്ടത്തിലാണ്. അന്ന് സ്റ്റാമ്പുകൾ ശേഖരിക്കുന്ന ഹോബി ഇന്നത്തെ വലിയ രീതിയിലുള്ള പത്രശേഖരണത്തിലേക്ക് കടക്കുകയായിരുന്നു. മുൻകാലങ്ങളിലുണ്ടായ ഓരോ സംഭവങ്ങളും എങ്ങനെയാണ് പത്രത്തിൽ അവതരിപ്പിച്ചത് എന്നറിയാനുള്ള ആഗ്രഹമാണ്, വിപുലമായി പത്രം ശേഖരിക്കുന്നതിലേക്കു നയിച്ചത്. ഇന്റർനെറ്റും മൊബൈൽ ഫോണും എത്തുന്നത്തിനു മുമ്പ് വാർത്തയുടെ മുഖ്യസ്രോതസ് ദിനപത്രങ്ങളായിരുന്നു. അതുകൊണ്ടുതന്നെ പത്രങ്ങൾ സമൂഹത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുമെന്നും വിനോദ് വിശ്വസിക്കുന്നു.

വിനോദിന്റെ ശേഖരത്തിലുള്ളത് എത്രയോ ചരിത്രസംഭവങ്ങളുടെ നേർസാക്ഷ്യങ്ങളാണ്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തിയ വാർത്തയും, സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ റിപ്പോർട്ടും, 1964-ൽ ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും, എ.പി.ജെ അബ്ദുൾ കലാമിന്റെ സത്യപ്രതിജ്ഞയുടെ വാർത്തയുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. ഇന്ധിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റു മരിച്ച സംഭവം, കേരളത്തിലെ ആദ്യ സർക്കാർ അധികാരമേറ്റത്, 2001- ലെ പാർലമെന്റ് ആക്രമണം, സുനാമി, ജപ്പാനിലെ ഭൂചലനം, പെരുമൺ ട്രെയിൻ ദുരന്തം തുടങ്ങി ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ.കെ. നായനാർ, വയലാർ രാമവർമ്മ, കെ. കരുണകാരൻ, സത്യസായി ബാബ, പ്രേംനസീർ എന്നിവരുടെ വിയോഗ വാർത്തകളും ശേഖരത്തിലുണ്ട്.

1956 നവംബർ 1 കേരളപ്പിറവി ദിനത്തിൽ പ്രസിദ്ധീകരിച്ച 'കേരളകൗമുദി"യും ഇക്കൂട്ടത്തിലെ മുഖ്യ ആകർഷണമാണ്. 20 പേജുള്ള പത്രത്തിന്റെ ഒന്നാം പേജിൽ കേരളത്തിന്റെ ഭൂപടമാണ് നൽകിയിരിക്കുന്നത്. കാലപ്പഴക്കത്താൽ ശേഖരത്തിലുള്ള പല പത്രങ്ങളും നശിച്ചുപോയെങ്കിലും, ബാക്കിയുള്ളവ ലാമിനേറ്റ് ചെയ്താണ് സൂക്ഷിച്ചിരിക്കുന്നത്. ചരിത്ര സംഭവങ്ങൾ അടങ്ങിയ പത്രങ്ങൾ ഓരോന്നും ശേഖരിച്ചും,​ പഴയവ തേടിപ്പിടിച്ചുമാണ് പത്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചത്. അമേരിക്കൻ പത്രമായ 'സെന്റ് ലൂയിസ് പോസ്റ്റ് ഡിസ്പാച്ചി"ന്റെ കോപ്പിയുമുണ്ട്. ആദ്യകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നതും,​ പിന്നീട് അച്ചടി നിലച്ചതുമായ പത്രങ്ങളും കന്നട, തമിഴ് ഉൾപ്പെടെ അന്യഭാഷകളിലുള്ള പത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഡിജിറ്റൽ യുഗത്തിൽപ്പോലും പത്രത്തിന്റെ പ്രാധാന്യമറിഞ്ഞ്, ഇന്നത്തെ തലമുറയ്ക്ക് തന്റെ ശേഖരം ഉപകരിക്കുമെന്ന് വിനോദ് ഉറച്ചു വിശ്വസിക്കുന്നു.


നാണയങ്ങളും

റേഡിയോകളും

പത്രങ്ങളുടെ ശേഖരണത്തിനു പുറമെ നാണയങ്ങളുടെയും ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളുടെ കറൻസികളുടെയും വിവിധ കാലഘട്ടത്തിലെ റേഡിയോകളുടെയും വിപുല ശേഖരവും വിനോദിനുണ്ട്. സാങ്കേതികവിദ്യ ഇത്രയധികം പുരോഗമിക്കുന്നതിനു മുമ്പ് വീട്ടകങ്ങളിൽ താരമായിരുന്ന റോഡിയോ ഇന്ന് കടകളിൽ നിന്നുപോലും അപ്രത്യക്ഷമായി. എന്നാൽ,​ പഴയ റേഡിയോകളുടെ വിവിധ മോഡലുകളും മറ്റ് ശബ്ദോപകരണങ്ങളും വിനോദിന്റെ ശേഖരത്തിലുണ്ട്. രണ്ടായിരത്തിലധികം ഓഡിയോ കസറ്റുകൾ , റെക്കാർഡ് പ്ലെയറുകൾ, ഓഡിയോ പ്ലെയറുകൾ, 250- ൽ അധികം പാട്ടുകളുടെ റെക്കാർഡുകൾ,​ വി.സി.ആർ, വാക്ക്മാൻ, സാറ്റലൈറ്റ് റേഡിയോ, ഉച്ചഭാഷിണികൾ, ഗ്രാമഫോണുകൾ, പഴയ ക്യാമറകൾ, പോസ്റ്റ് ഓഫീസുകളിൽ ഒരു കാലത്ത് സജീവമായിരുന്ന ടെലിഗ്രാം മെഷീൻ, ക്ലോക്കുകൾ എന്നിവയെല്ലാം സംരക്ഷിച്ചിട്ടുണ്ട്.

വിനോദിന്റെ ശേഖരത്തിലെ ഈ അപൂർവ ഉപകരണങ്ങളിൽ പലതും ഇപ്പോഴും പ്രവർത്തിക്കുന്നവയാണ്. ഇലക്ട്രിക് ഉപകരണങ്ങളായതിനാൽ കേടുവരാതിരിക്കാൻ ഇടയ്ക്കിടെ പ്രവർത്തിപ്പിച്ചു വയ്ക്കേണ്ടതും അനിവാര്യമാണെന്ന് വിനോദ് പറയുന്നു. ഇതിനൊപ്പം 1885 മുതൽ 2010 വരെ ഇന്ത്യയിൽ മാറി വന്ന നാണയങ്ങൾ, സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ, അറബ് രാജ്യങ്ങളിലെ നോട്ടുകൾ, സ്റ്റാമ്പുകൾ എന്നിവയും ശേഖരിക്കുന്നുണ്ട്. ഇലക്ട്രീഷ്യനായ വിനോദിന്റെ ശേഖരത്തിന് ഭാര്യ പുഷ്പലതയും,​ മക്കളായ ആര്യയും ആർച്ചയും അജയ്‌യും നൽകുന്ന പിന്തുണ വലുതാണ്.

TAGS: VG VINOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.