''ഇന്ന്, ശാശ്വതമെന്നു കരുതാവുന്ന ഒന്നു രണ്ട് കഥകളായാലോ! പണ്ടത്തെ മുത്തശ്ശിക്കഥകൾ പോലെ കേട്ടാൽ മതി. ഒരമ്മക്ക് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഒരു പ്രത്യേക വരം കിട്ടി! ആ അമ്മയ്ക്കും, അവരുടെ മൂന്നുപെൺമക്കൾക്കും മനുഷ്യരുടെ ദൈനംദിന ജീവിതത്തിൽ, ആയുഷ്ക്കാലം നിർണ്ണായക സ്വാധീനമുണ്ടായിരിക്കും, ഇതാണാവരം! എന്നാൽ, ആരാണീ അമ്മയും, മക്കളുമെന്നു വല്ലപിടിയും കിട്ടിയോ? അത്ര പെട്ടെന്നൊന്നും പിടികിട്ടുമെന്നു തോന്നുന്നില്ല, കാരണം, ആ അമ്മയുടെ മൂത്ത മകളൊരു മിടുമിടുക്കിയാണ്. എന്നാൽ, അവൾ, അമ്മയുമായി വിരോധത്തിലുമാണ്! എന്നാലും, അവളുമായാണല്ലോ നമ്മിൽ മിടുക്കുള്ള പലർക്കും ചങ്ങാത്തം! ഇനിയും പിടികിട്ടിയില്ലേ? ആ അമ്മയുടെ പേരാണ് 'താല്പര്യം". അതായത്, ഇംഗ്ലീഷിലെ, 'interest". അപ്പോൾ, ആരാണാമൂത്ത മകൾ? 'അശ്രദ്ധ". എന്നാലും, 'അശ്രദ്ധ"യിൽ മാത്രം 'താല്പര്യ"മുള്ള പോലെ പ്രവർത്തിക്കുന്നവരുമുണ്ടല്ലോ? അമ്മയും, മകളുമല്ലേ! അപ്പോൾ, മറ്റു മക്കളോ? സംശയമെന്താ, 'ശ്രദ്ധ"യും, 'സൂക്ഷ്മത"യും! ലക്ഷ്യബോധമുള്ള ജീവിതത്തിൽ 'താല്പര്യം" നിലനിറുത്തി മുന്നേറുന്നവർ, 'ശ്രദ്ധ"യുമായും, 'സൂക്ഷ്മത"യുമായും കൈകോർക്കും. അലക്ഷ്യജീവിതത്തിലാണ് 'താല്പര്യ"മെങ്കിൽ, 'അശ്രദ്ധ"യെ പുണർന്നു തന്നെ പ്രവർത്തിക്കും! ഇത്രയേയുള്ളു. അപ്പോൾ 'അരുമ മക്കളുടെ" അച്ഛനാരാണ്? സംശയമെന്താ, 'ബുദ്ധി". അശ്രദ്ധമായി ഓരോന്നു കാട്ടിക്കൂട്ടുന്നവർക്ക്, ബുദ്ധിയില്ലാത്തതു കൊണ്ടല്ലല്ലോ അവർ അബദ്ധങ്ങളിൽ നിന്നും അബദ്ധങ്ങളിലേക്ക് ചെന്നുപെടുന്നത്. അത് അശ്രദ്ധയെ മുറുകെ പിടിച്ചിരിക്കുന്നതിനാലല്ലേ! എന്നാൽ, ശ്രദ്ധയോടെയുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നവരോ? വിജയം, അവരെ തിലകക്കുറി ചാർത്താൻ തൊട്ടരുകിൽ തന്നെ തയ്യാറായി നിൽക്കുകയല്ലേ! അതുകൊണ്ടാണ് ഞാനെപ്പോഴും പറയുന്നത്, ജീവന് പ്രാണവായു പോലെയാണ്, പ്രവൃത്തിക്ക് ശ്രദ്ധ. ശ്രദ്ധയില്ലാത്തൊരു പ്രവൃത്തിയും ലക്ഷ്യത്തിലെത്തില്ല."" ഇത്രയും പറഞ്ഞുകൊണ്ട് പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ, എല്ലാവരും തുടർന്നുള്ള വാക്കുകൾ കേൾക്കാനിരിക്കുന്ന ഭാവത്തിലായിരുന്നു. അതിന്റെ സംതൃപ്തിയോടെ, വാത്സല്യപൂർവം, സദസ്യരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''നമ്മുടെ പ്രവൃത്തികൾ ശ്രദ്ധയോടെ ആണെങ്കിലത് ലക്ഷ്യത്തിലെത്തുമെന്നു പറഞ്ഞതുപോലെ, തുല്യപ്രാധാന്യമുള്ളൊരു സംഗതിയാണ് വ്യക്തിജീവിതത്തിൽ 'സൂക്ഷ്മത"യുണ്ടായിരിക്കണമെന്നതും. 'സൂക്ഷ്മത"എന്ന വാക്കിന് 'സൂക്ഷ്മമായ ശ്രദ്ധ", 'സൂക്ഷ്മമായ നിരീക്ഷണം", 'ചെറിയ വ്യത്യാസങ്ങളെ തിരിച്ചറിയാനുള്ള കഴിവ് " എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. ഇത് വളരെ ചെറിയ കാര്യങ്ങളെപ്പോലുംശ്രദ്ധിച്ച്, ചതിക്കുഴികളിലൊന്നും വീഴാതെ സ്വൈര ജീവിതംനയിക്കുന്നതിനെയാണ് ലക്ഷ്യമിടുന്നത്. അപ്രകാരമുള്ളൊരു ധന്യജീവിതത്തിന്റെ ഉടമയെ, നൂറ്റാണ്ടുകൾക്കുശേഷവും ഒരു ജനത ദൈവതുല്യനായി ആരാധിക്കുന്നു! അത് മറ്റാരുമല്ല, ഭാരതത്തിന് 'തിരുക്കുറൾ" സമ്മാനിച്ച തമിഴകത്തിന്റെ തിരുവള്ളുവരാണ്. അദ്ദേഹം, വാസുകിയെന്ന മഹിളാരത്നത്തെ വിവാഹം കഴിച്ച് കുടുംബജീവിതം ആരംഭിച്ചപ്പോൾ, അവരോടു പറഞ്ഞുവത്രെ, അദ്ദേഹത്തിന് ദിവസവും ഊണ് കൊടുക്കുമ്പോൾ, അടുത്ത് ഒരു കിണ്ടിയിൽ വെള്ളവും, ഒരു സൂചിയും വെയ്ക്കണമെന്ന്. അത് എന്തിനെന്നുപോലും ചോദിക്കാക്കാതെ, അവർ അക്ഷരം പ്രതി അപ്രകാരം അനുഷ്ഠിച്ചു! ഒന്നും രണ്ടും വർഷമല്ല, നീണ്ടയൊരു അമ്പതുകൊല്ലക്കാലം. എന്നാൽ, അദ്ദേഹം, ഒരു പ്രാവശ്യം പോലും അത് ഉപയോഗിച്ചതുമില്ല. ഒടുവിൽ, അദ്ദേഹത്തിന്റെ സഹധർമ്മിണി അസുഖത്താൽ കിടപ്പായി. അങ്ങനെ കഴിയുമ്പോൾ, തിരുവള്ളുവർ അവരോടു ചോദിച്ചുവത്രെ, ജീവിതത്തിൽ, തന്റെ ഏതെങ്കിലും പ്രവൃത്തി അവർക്ക് വേദനയുണ്ടാക്കിയിട്ടുണ്ടോയെന്ന്. അപ്പോൾ, വാസുകി ഒരു പുഞ്ചിരിയോടെ ചോദിച്ചു, എന്തിനായിരുന്നു അപ്രകാരം കിണ്ടിയിൽ വെള്ളവും, സൂചിയും വെയ്പിച്ചതെന്നും, ഒരു പ്രാവശ്യം പോലും ഉപയോഗിക്കാതെ വീണ്ടും, വീണ്ടും അത് തന്നെക്കൊണ്ട് ചെയ്യിച്ചതെന്നും. അപ്പോൾ, അദ്ദേഹം പറഞ്ഞു, താൻ ഊണുകഴിക്കുമ്പോൾ, അബദ്ധവശാൽ വല്ലവറ്റും താഴെ വീണാൽ, അത്, സൂചിയിൽ കുത്തിയെടുത്ത് കിണ്ടിയിലെ വെള്ളത്തിൽ കഴുകി ഉപയോഗിക്കാനായിരുന്നു. എന്നാൽ, വാസുകി വിളമ്പിയതിലെ സൂക്ഷ്മത കൊണ്ടും, അദ്ദേഹം ഊണുകഴിച്ചതിലെ സൂക്ഷ്മതകൊണ്ടും ഒരിക്കൽപ്പോലും അത് ഉപയോഗിക്കേണ്ടി വന്നില്ലത്രെ! ഇതാണ് ദാമ്പത്യ ജീവിതത്തിൽ പാലിക്കേണ്ട സൂക്ഷ്മത! മനസിലായോ? എന്നാലും, ഭാര്യയുടെ കൈയിൽ സൂചികൊടുക്കുന്നതൊക്കെ നന്നായിട്ടൊന്ന് ആലോചിച്ചിട്ടു മതി"" സദസിലുയർന്ന കൂട്ടച്ചിരിയിൽ പ്രഭാഷകനും കൂടിച്ചേർന്നു!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |