ഒരു വീട്ടിലെ ഗൃഹനാഥന്റെ പേഴ്സ് കാണാതായി. അതിൽ വലിയൊരു തുക ഉണ്ടായിരുന്നു. കുറച്ചു മുമ്പുവരെ അത് മുറിയിൽ വച്ച സ്ഥാനത്തുണ്ടായിരുന്നു. ഗൃഹനാഥനും ഭാര്യയും മക്കളും ചേർന്നു പേഴ്സിനുവേണ്ടി വീടു മുഴുവൻ തിരഞ്ഞെങ്കിലും എങ്ങും കണ്ടില്ല. അതിനിടയിൽ ഗൃഹനാഥന്റെ ഏഴു വയസുകാരനായ ഇളയ മകൻ പറഞ്ഞു, 'അപ്പുറത്തെ വീട്ടിലെ ചേട്ടൻ ഇത്തിരി മുമ്പ് ഇവിടെ വന്നിരുന്നു." അതുവരെ സ്നേഹത്തോടെ മാത്രം കണ്ടിരുന്ന അപ്പുറത്തെ വീട്ടിലെ കുട്ടിയെ ആ നിമിഷം മുതൽ വീട്ടുകാർ സംശയിക്കാൻ തുടങ്ങി. അവന്റെ ഇരിപ്പിലും നടപ്പിലും സംസാരത്തിലും എല്ലാം ഒരു കള്ളലക്ഷണമുണ്ടെന്ന് അവർക്കുതോന്നി. 'കണ്ടില്ലേ, അവന്റെയൊരു നോട്ടം. സംശയമില്ല, അവൻ തന്നെയാണ് എടുത്തത്" എന്നവർ ഉറപ്പിച്ചു. ആ കുട്ടിയോടുള്ള സ്നേഹവും വിശ്വാസവും നഷ്ടമായി. ദേഷ്യവും അകൽച്ചയും ആ കുട്ടിയുടെ വീട്ടിലുള്ളവരോടെല്ലാം കാണിക്കാൻ തുടങ്ങി. അങ്ങനെ പേഴ്സ് നഷ്ടമായ വീട്ടുകാരുടെ മാത്രമല്ല അയൽ വീട്ടുകാരുടെയും മനഃസമാധാനവും ഇല്ലാതെയായി.
അങ്ങനെയിരിക്കെ ഒരു ദിവസം ഗൃഹനാഥ വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കുന്നതിനിടയിൽ നഷ്ടപ്പെട്ട പേഴ്സ് സോഫയുടെ വിടവിൽ നിന്നും കണ്ടെടുത്തു. അടുത്തനിമിഷം തന്നെ അയൽവാസിയായ ആ കുട്ടിയോടുള്ള അവരുടെ മനോഭാവവും മാറി. അവൻ പഴയതുപോലെ നല്ലവനും നിരപരാധിയും നിഷ്കളങ്കനുമായി. നമ്മുടെ മനോഭാവത്തെയും പെരുമാറ്റത്തെയും പ്രവൃത്തികളെയുമെല്ലാം തെറ്റിലേക്ക് നയിക്കുന്ന ഒന്നാണ് മുൻവിധി. മുൻവിധിയോടെ കാര്യങ്ങളെ കാണുമ്പോൾ ആദ്യം തന്നെ മനസിൽ ഒരു തീരുമാനം ഉറയ്ക്കും. പിന്നെ ആ തീരുമാനത്തിന്റെ വെളിച്ചത്തിലായിരിക്കും നമ്മൾ എല്ലാറ്റിനെയും വീക്ഷിക്കുന്നത്. ആ വീക്ഷണം പലപ്പോഴും തെറ്റായിരിക്കും.
സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ മറ്റുള്ളവരിൽ ആരോപിക്കുന്നതാണു മുൻവിധി. യാഥാർത്ഥ്യം മനസിലാക്കാൻ അതു നമ്മളെ സഹായിക്കില്ലെന്നു മാത്രമല്ല അതു നമ്മുടെ വീക്ഷണത്തെ വികലമാക്കുകയും ചെയ്യും. പല നിറം കണ്ണാടിയിലൂടെ ലോകത്തെ നോക്കിക്കാന്നുന്നതു പോലെയാണത്. 'നീല ലോകം, കറുത്തലോകം, പച്ചലോകം" എന്നൊക്കെ പറയും. യഥാർത്ഥലോകം എന്താണെന്ന് അറിയാനും കഴിയില്ല മുൻവിധിയോടെ സമീപിച്ചാൽ ഒന്നിനെക്കുറിച്ചും ശരിയായ അറിവുണ്ടാകില്ല. എല്ലാറ്റിനെയും അതാതിന്റെ തലത്തിൽ കാണാൻ കഴിയണം. തുറന്ന മനസോടെ നോക്കിക്കാണാൻ പഠിക്കണം. അപ്പോൾ മാത്രമേ സത്യം എന്താണെന്ന് അറിയാൻ കഴിയൂ. ശ്രദ്ധയോടും വിവേകത്തോടും കാര്യങ്ങളെ പഠിക്കുക. അതിനുശേഷം ഒരു തീരുമാനത്തിൽ എത്തുക. അതാണു ശരിയായ മാർഗ്ഗം.
മുൻവിധിയോടെ പ്രവർത്തിക്കുന്നതു പ്രതിസന്ധികളെ ഒഴിവാക്കാൻ സഹായിക്കുമെന്നു വിചാരിക്കുന്നവരുണ്ട്. വാസ്തവത്തിൽ മുൻവിധി അല്ല, ശ്രദ്ധയാണു വേണ്ടത്. മുൻവിധി തെറ്റായ മനോഭാവമാണ്; ശ്രദ്ധ ശരിയായ മനോഭാവവും. മുൻവിധിയോടെ പ്രവർത്തിക്കുമ്പോൾ പല പുതിയ അറിവുകളും നമുക്കു നഷ്ടമാകും. എന്നാൽ, ശ്രദ്ധയോടെ കർമ്മം ചെയ്യുമ്പോൾ പുതിയ അറിവുകളും പുതിയ കാഴ്ചപ്പാടുകളുമുണ്ടാകും. മുൻവിധിയില്ലാതെ, ശ്രദ്ധയോടും പക്വതയോടും വിവേകത്തോടും, ലോകത്തെയും സാഹചര്യങ്ങളെയും അനുഭവങ്ങളെയും നമ്മെത്തന്നെയും അറിയാനും വിലയിരുത്താനും കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |