വ്യവസായ ദുരന്ത നിവാരണത്തിൽ വിപ്ലവകരമായ കണ്ടെത്തൽ നടത്തിയതിനു പിന്നിൽ ഒരു മലയാളിയാണെന്ന് കേൾക്കുമ്പോൾ നമ്മുടെ അഭിമാനം വാനോളം ഉയരും. രാജ്യത്തെ നടുക്കിയ ഭോപ്പാൽ വിഷവാതക ദുരന്തത്തിനുശേഷം ഇത്തരം സംഭവങ്ങൾ വന്നാൽ എങ്ങനെ നേരിടാൻ കഴിയുമെന്ന ആശങ്കയായിരുന്നു എല്ലാവർക്കും. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുന്നു. കേരളത്തിലെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പ്രമോദ് പുഷ്കരന്റെ മനസിലുദിച്ച ഒരാശയമാണ് ഇങ്ങനെ വിടർന്നു വന്നത്. റോസേഴ്സ്(റിമോട്ട് സെൻസിംഗ് എനേബിൾഡ് ഓൺലൈൻ കെമിക്കൽ എമർജൻസി റെസ്പോൺസ് സിസ്റ്റം) എന്ന ഈ സംവിധാനം കണ്ടെത്തുക മാത്രമല്ല പ്രവർത്തിച്ച് കാണിച്ച് വിജയകരമാണെന്ന് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു. എറണാകുളം എഫ്.എ.സി.ടിയിലാണ് രാജ്യത്തെ ആദ്യത്തെ റോസേഴ്സ് സിസ്റ്റം സ്ഥാപിച്ചിരിക്കുന്നത്. വിഷ വാതകം ചോർന്നാൽ നിമിഷ നേരം കൊണ്ടാണ് പടരുക. എന്നാൽ ഫാക്ടറിയിലെ ടാങ്കിൽ നിന്ന് വാതകം ചോർന്നയുടൻ ഫാക്ടറിക്ക് ചുറ്റുമായി കാറ്റിന്റെ ദിശയും വേഗതയും അനുസരിച്ച് വാതകം വ്യാപിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ പരിസരവാസികളുടെ മൊബൈൽ ഫോണുകളിൽ സന്ദേശമെത്തും. ഈ പ്രദേശങ്ങളിലുള്ള മൊബൈൽ ടവറുകളിലുള്ള എല്ലാ മൊബൈൽ ഫോണിലേക്കും ഈ അറിയിപ്പെത്തുമെന്നതാണ് പ്രത്യേകത. അതോടെ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ തയ്യാറെടുപ്പ് നടത്താനാകും. തൽക്കാലം സന്ദേശമാണെങ്കിലും ഭാവിയിൽ ഫോണിൽ ഐ.വി.ആർ.എസ് കോൾ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
സന്ദേശം എല്ലാവരും പെട്ടെന്ന് കാണില്ലെന്നുള്ളതുകൊണ്ടാണിത്. കോമൺ അലർട്ടിനുള്ള അനുവാദത്തിനായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് അപേക്ഷിച്ചിട്ടുണ്ട്. സംവിധാനം പ്രാവർത്തികമാക്കിയെങ്കിലും രാജ്യത്തിനാകെ ഉപകാരമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ദുരന്ത നിവാരണ വിദഗ്ധനായ ഡോ. മുരളി തുമ്മാരുകുടി റോസേഴ്സ് പദ്ധതിയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു.
സുരക്ഷയ്ക്ക് പ്രാധാന്യം
ഭോപ്പാൽ ദുരന്തത്തിൽ ആയിരങ്ങൾ മരിച്ചു വീണ സംഭവം മനസിൽ നിന്ന് മായാതെ നിന്നതിനാൽ ഇതിന് പരിഹാരം കണ്ടെത്താൻ എന്തെങ്കിലും വഴികളുണ്ടോയെന്ന അന്വേഷണത്തിലായിരുന്നു പ്രമോദ് പുഷ്കരൻ. പ്രത്യേകിച്ച് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ എന്ന നിലയിൽ പത്ത് വർഷമായി പ്രവർത്തിക്കുന്നതിനാൽ തൊഴിലാളികളുടെയും ഫാക്ടറികളോട് അടുത്ത് താമസിക്കുന്നവരുടെയും സുരക്ഷ വലിയ ആശങ്കയായിരുന്നു. അതിനൊരു പരിഹാരം കണ്ടേ മതിയാകൂവെന്ന നിശ്ചയദാർഢ്യമാണ് മെക്കാനിക്കൽ എൻജിനിയറിംഗ് റാങ്കോടെ പാസായ പ്രമോദിന്റെ ആശയം യാഥാർഥ്യമാകാൻ കാരണം.
ആശയത്തിന് ചിറക് വച്ചത് 2016ൽ
രാസവാതക സുരക്ഷ സംബന്ധിച്ച് 2016ൽ നടന്ന ഒരു കോൺഫറൻസിലാണ് തന്റെ ആശയത്തിന് ചിറക് മുളച്ചത്. അറ്റോമിക് റേഡിയേഷൻ പുറത്തേക്ക് വന്നാൽ പെട്ടന്ന് ആളുകളെ അറിയിക്കാനുള്ള സംവിധാനം തമിഴ്നാട് കൽപ്പാക്കത്ത് ആണവ ഊർജ പ്ലാന്റിൽ ഹൈദ്രാബാദിലെ നാഷണൽ റിസർച്ച് സെന്റർ വികസിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടെയാണ് അത് എങ്ങനെയാണെന്ന് അറിയാൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് കൂടുതൽ അറിയാൻ അറ്റോമിക് റിസർച്ച് സെന്റർ ഉദ്യോഗസ്ഥനുമായി ചർച്ച നടത്തിയപ്പോഴാണ് നാഷണൽ റിസർച്ച് സെന്ററുമായി ബന്ധപ്പെടാൻ പറഞ്ഞത്. തുടർന്ന് ഡയറക്ടർക്ക് തന്റെ ആശയം അറിയിച്ച് ഒരു കത്തയച്ചപ്പോൾ നേരിട്ട് വന്ന് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടു. അന്ന് ലേബർ സെക്രട്ടറിയായിരുന്ന ടോം ജോസിനോട് കാര്യം പറഞ്ഞു. ഇതൊക്കെ നടക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം. അനുവാദം കിട്ടിയതോടെ രണ്ട് കെമിക്കൽ എൻജിനിയർമാരുമായി ഹൈദ്രാബാദിലേക്ക് പോയി. അവിടെയെത്തി നാലു ദിവസം ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തി. ഒടുവിൽ റേഡിയേഷൻ പുറത്തേക്ക് വന്നാൽ ആളുകളെ അറിയിക്കുന്ന സംവിധാനം നേരിട്ട് കാണാൻ ആവശ്യപ്പെട്ടു.
സംവിധാനം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു
തമിഴ്നാട്ടിൽ ഇന്ദിരാഗാന്ധി സെന്റർ ഫോർ അറ്റോമിക് റിസർച്ച് സെന്ററിലെത്തി അവിടെ സ്ഥാപിച്ചിരിക്കുന്ന സംവിധാനം നേരിട്ട് കണ്ട് ബോധ്യപ്പെട്ടു. മൂന്ന് വർഷം കഴിഞ്ഞപ്പോൾ അറിയിപ്പ് കിട്ടി. വിഷവാതകം പുറത്തു വന്നാൽ ജനങ്ങളെ അറിയിക്കുന്ന സംവിധാനം നടപ്പാക്കാമെന്ന് സമ്മതിച്ചു. 2019ൽ എം.ഒ.യു ഒപ്പിട്ടു. 2024ൽ റോസേഴ്സ് എന്ന പേരിൽ പുതിയ സംവിധാനം സ്ഥാപിച്ചു. ഏറ്റവും അപകടകരമായ രീതിയിലുള്ള എഫ്.എ.സി.ടി ഫാക്ടറിയിലാണ് ഇത് സ്ഥാപിച്ചത്. 20,000 ടൺ അമോണിയയാണ് ഇവിടെ സൂക്ഷിക്കുന്നത്. ഇവിടെ നിന്ന് വാതകം ചോർന്നാൽ പത്ത് കിലോമീറ്ററിനുള്ളിലുള്ളവരെല്ലാം മരണത്തിന് കീഴടങ്ങേണ്ടി വരും. ചെറിയ രീതിയിൽ വാതകം ചോർന്നാൽ അറിയാനുള്ള സംവിധാനമുണ്ടെങ്കിലും അത് പുറത്തേക്ക് പോകുന്നുണ്ടോയെന്നറിയാൻ ഒരു സംവിധാനവും ഇതുവരെയുണ്ടായിരുന്നില്ല. പുതിയ പദ്ധതി സ്ഥാപിച്ചതോടെ പത്ത് കിലോമീറ്ററിനുള്ളിലുള്ള മൊബൈൽ ടവറിലെ എല്ലാ ഫോണുകളിലേക്കും അപകട സന്ദേശമെത്തും. രാജ്യത്തെ തന്നെ ആദ്യത്തെ പദ്ധതിക്ക് നാല് കോടിയോളം രൂപയാണ് ചെലവായത്. ഇതിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറുകൾ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്. അതാണ് വില കൂടാൻ കാരണം. ഇത് ഇന്ത്യയിൽ തന്നെ ഉൽപാദിപ്പിക്കാനുള്ള സംവിധാനവും ശരിയായാൽ ചുരുങ്ങിയ ചെലവിൽ പദ്ധതി വ്യാപിപ്പിക്കാനാകും.
ഫാക്ടറികൾ പകുതിയും എറണാകുളത്ത്
അപകടകരമായ വിഷ വാതകങ്ങളും മറ്റു വസ്തുക്കളും കൈകാര്യം ചെയ്യുന്ന കേരളത്തിലെ വലിയ ഫാക്ടറികളിൽ പകുതിയും എറണാകുളം ജില്ലയിലാണ്. വൻ സുരക്ഷിതത്വം ആവശ്യമുള്ള 36 ഫാക്ടറികളാണുള്ളത്. ഏത് നിമിഷവും വലിയ അപകട ഭീഷണി നേരിട്ട് ജീവിക്കേണ്ടി വരികയെന്ന ഭീതിയെ എന്നന്നേക്കും ഒഴിവാക്കാൻ ഈ സംവിധാനം കൊണ്ട് സാധിക്കും. ഈ പദ്ധതി സ്ഥാപിച്ചതോടെ തൊഴിലാളികളും നാട്ടുകാരുമൊക്കെ വളരെ സന്തോഷത്തിലാണ്. ഭയമില്ലാതെ ജീവിക്കാമെന്നത് തന്നെയാണ് ഇവരുടെ ആത്മവിശ്വാസം വർധിക്കാൻ കാരണമായത്.
മറ്റു ഫാക്ടറികളിലും സ്ഥാപിക്കും
തലയ്ക്കു മീതെ വാൾ എന്ന രീതിയിൽ അപകടകരമായ വാതകം സൂക്ഷിക്കുന്ന ഫാക്ടടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും പരിസര വാസികൾക്കും സുരക്ഷയുറപ്പാക്കാൻ മറ്റു സ്ഥലങ്ങളിലും ഈ സംവിധാനം സ്ഥാപിക്കും. രാജ്യത്തെ മറ്റു ഫാക്ടറികളിലേക്കും ഈ സംവിധാനത്തിന്റെ പ്രയോജനം നൽകുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ തീരുമാനമെടുത്തേക്കും. സുരക്ഷാ സംവിധാനത്തിൽ കേരളം മാതൃകയാകുന്ന ഈ സാങ്കേതിക മികവിനെ സംബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇനിയൊരു ഭോപ്പാൽ ദുരന്തം എവിടെയും സംഭവിക്കരുതെന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം.
ഡിപ്പാർട്ട്മെന്റിനെ അഴിമതി മുക്തമാക്കി
താൻ ഡയറക്ടറായി ചാർജെടുക്കുമ്പോൾ വലിയ ആക്ഷേപങ്ങളും പരാതികളുമായിരുന്നു. ഫാക്ടറിയുടമകൾ ഓഫീസിലെത്തി ഉദ്യോഗസ്ഥരുടെ കാലു പിടിച്ച് വേണ്ടതുപോലെ കണ്ടാൽ മാത്രമേ കാര്യങ്ങൾ നടക്കൂവെന്ന് ആരോപണമുണ്ടായിരുന്നു. എന്നാൽ ഓഫീസിൽ വരാതെ തന്നെ ഓൺലൈനായി ഫാക്ടറി ലൈസൻസ് നൽകുന്നതിനുള്ള സംവിധാനമുണ്ടാക്കിയത് അഭിനന്ദനങ്ങൾക്കും കാരണമായി. കൂടാതെ നിസാര കാര്യം പറഞ്ഞ് ഫാക്ടറികൾ പരിശോധിച്ച് പ്രശ്നങ്ങളുണ്ടാക്കുന്ന ഉദ്യോഗസ്ഥൻമാരുടെ ഇടപെടലുകളും അവസാനിപ്പിച്ചു. തൊഴിൽ മന്ത്രിയും വ്യവസായ മന്ത്രിയും ഈ നടപടികൾക്ക് പിന്തുണ തന്നതോടെ തനിക്കെതിരേ ഉദ്യോഗസ്ഥ തലത്തിൽ നിന്നും മറ്റും നടത്തിയ പല നീക്കങ്ങളുടെയും കൊമ്പ് ഒടിഞ്ഞു. ഫാക്ടറികൾ സന്ദർശിക്കുമ്പോൾ ഉദ്യോഗസ്ഥൻമാർക്ക് ടാബ് നൽകിയതിലൂടെ പരിശോധന നടത്തി അവിടെ നിന്നു തന്നെ മാനേജ്മെന്റിന് നിർദ്ദേശങ്ങൾ നൽകാനുള്ള ഓൺലൈൻ സംവിധാനം നടപ്പാക്കി. ഇതോടെ എന്തൊക്കെയാണ് ഫാക്ടറിയിലെത്തിയാൽ ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് നിരീക്ഷിക്കാനും സാധിച്ചു. അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് ഫാക്ടറിയുടമകളെ ദ്രോഹിക്കുന്നത് ഇല്ലാതാക്കാനും ഇതുവഴി സാധിച്ചു. അനുവാദമില്ലാതെ ഫാക്ടറികൾ സന്ദർശിച്ച് ഉടമയെ സ്വാധീനിക്കാൻ കഴിയില്ല. വലിയ പരാതികളും പ്രശ്നങ്ങളും ഉള്ള സ്ഥലങ്ങളിൽ താൻ നേരിട്ടെത്തി പരിശോധന നടത്തും. എത്ര സ്വാധീനം ചെലുത്തിയാലും നിയമം പാലിച്ച് നടപ്പാക്കേണ്ടതൊക്കെ ചെയ്താലേ അനുമതി നൽകാറുള്ളൂ.
ഫയലൊന്നും ബാക്കി വയ്ക്കില്ല
അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ അന്നു തന്നെ ചെയ്ത് തീർത്തിട്ടേ വീട്ടിലേക്ക് പോകൂ. രാവിലെ എട്ടിന് ഓഫീസിലെത്തിയാൽ രാത്രി എട്ടിനാണ് മടങ്ങുന്നത്. തന്റെ മുമ്പിൽ വരുന്ന എല്ലാ ഫയലുകളും അതാത് ദിവസം തന്നെ തീർപ്പാക്കും. ഓഫീസിൽ വരാതെ ജില്ലയ്ക്ക് പുറത്ത് പോകേണ്ടി വന്നാൽ അടുത്ത ദിവസം തന്നെ എത്തി ഫയലുകൾ തീർപ്പാക്കിയ ശേഷം മാത്രമേ ഓഫീസിൽ നിന്ന് മടങ്ങൂ.
സുരക്ഷാ രഥം രംഗത്തിറക്കി
ഫാക്ടറികളിലും മറ്റു സ്ഥലങ്ങളിലും തൊഴിലെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് ജീവൻ വയ്പ്പിച്ചു. നേരത്തെ തൊഴിലാളികളെ പരിശീലന കേന്ദ്രത്തിൽ വരുത്തിയാണ് പരിശീലനം നൽകിയിരുന്നത്. പലപ്പോഴും തൊഴിലാളികളെ വിടുന്നതിൽ ഫാക്ടറിയുടമകൾ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതിന്റെ പരിഹാരമായി സുരക്ഷ ബസ് രംഗത്തിറക്കി. ഫാക്ടറികളിൽ പോയി തൊഴിലാളികളെ പരിശീലനം നൽകുന്ന സംവിധാനം ശക്തമാക്കി. കൂടാതെ ഐ.ടി.ഐ വിദ്യാർഥികൾക്കും തൊഴിൽ സംബന്ധമായ പരിശീലനം നൽകി. കുട്ടികളിൽ നേരത്തെ തന്നെ അവബോധം സൃഷ്ടിച്ചാൽ സുരക്ഷയ്ക്ക് പ്രാധാന്യം കിട്ടുമെന്നതിനാലാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പറ്റാവുന്ന തൊഴിലധിഷ്ഠിത സ്ഥാപനങ്ങളിൽ പരിശീലനം നൽകിയത്.
മരണ സംഖ്യ കുറഞ്ഞു
ഫാക്ടറികളിൽ തൊഴിലെടുക്കുന്നവർ അപകടത്തിൽ മരിക്കുന്നത് വളരെ കൂടുതലായിരുന്നു. കഴിഞ്ഞ പത്ത് വർഷത്തെ കണക്കെടുത്താൽ മരണസംഖ്യ വളരെയധികം കുറഞ്ഞു. തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പു വരുത്തണമെന്നതിൽ വിട്ടു വീഴ്ച ചെയ്യാറില്ല. തൊഴിലാളികളുടെ ക്ഷേമം, തൊഴിൽ സുരക്ഷ എന്നത് തന്റെ ഉറച്ച നിലപാടാണ്.
ഇന്ത്യൻ പ്രതിനിധിയായി ഇറ്റലിയിൽ
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ(ഐ.എൽ.ഒ) ക്ഷണം സ്വീകരിച്ച് ജൂൺ ഒന്നിന് ഇറ്റലിയിലേക്ക് പോയിരുന്നു. അവിടെ നടന്ന സെമിനാറിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധിയായാണ് എത്തിയത്. കേരളത്തിലെ ഫാക്ടറി മേഖലയിലെ സുരക്ഷിതത്വത്തിന് നൽകുന്ന പ്രത്യേക ശ്രദ്ധയും അതിനായി നൂതന സംവിധാനങ്ങൾ കണ്ടെത്തുന്നതുമൊക്കെ പരിഗണിച്ചാണ് ഐ.എൽ.ഒ പ്രമോദ് പുഷ്കരനെ ക്ഷണിച്ചത്. ഇതോടെ രാജ്യത്തിന് തന്നെ അഭിമാനമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ മാറി.
ബിരുദങ്ങൾ
1. മെക്കാനിക്കൽ
എൻജിനിയറിംഗ് ബിരുദം
2. ഡിപ്ലോമ ഇൻ
ഇൻഡസ്ട്രിയൽ സേഫ്റ്റി
3. മാസ്റ്റേഴ്സ് ഡിഗ്രി ഇൻ
ഇൻഡസ്ട്രിയൽ സേഫ്റ്റി
4. മാസ്റ്റേഴ്സ് ഡിഗ്രി ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ(എം.ബി.എ)
5. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ
ഇൻ ഡിസാസ്റ്റർ മാനേജ്മെന്റ്
6. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ
ഇലക്ട്രിക്കൽ സേ്ര്രഫി ആൻഡ്
സേഫ്റ്റി മാനേജ്മെന്റ്
7. ഡോക്ടർ ഓഫ് ഫിലോസഫി
(പി.എച്ച്.ഡി) തുടരുന്നു.
ഇതിനെല്ലാം പുറമേ ഏഴ് പ്രൊഫഷണൽ ഷോർട്ട് ടേം കോഴ്സസ് ആൻഡ് സർട്ടിഫിക്കേഷനുകളും കരസ്ഥമാക്കിയിട്ടുണ്ട്.
അംഗീകാരങ്ങൾ
വകുപ്പിന്റെ സേവനങ്ങൾ ഓൺലൈൻ ആയി നൽകിയതിലൂടെ മുഖ്യമന്ത്രിയുടെ ഇഗവേണൻസ് പുരസ്കാരം
തൊഴിലാളികളുടെ സുരക്ഷിതത്വം, ആരോഗ്യം സംബന്ധിച്ച് ആകാശവാണി, ദൂരദർശൻ എന്നിവയിലൂടെ നിരവധി പ്രഭാഷണങ്ങൾ നടത്തിയതിനും ദേശീയ, അന്തർദേശീയ മാഗസിനുകളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ അംഗീകാരമായും ഗവർണറുടെ സദ്ഭാവന പുരസ്കാരം ലഭിച്ചു.
ന്യൂഡൽഹിയിലെ ഐ.ഐ.എഫ്.എസ് എന്ന സംഘടന നൽകിയ ഭാരത് ജ്യോതി അവാർഡ്.
എൻ.ഐ.പി.എമ്മിന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥർക്കുള്ള എക്സലൻസ് അവാർഡ്.
തൊഴിൽ രംഗത്ത് ആരോഗ്യ, സുരക്ഷിതത്വ സംഭാവനകൾ പരിഗണിച്ച് ഐ.എൽ.ഒ, ഡി.ജി.യു.വി, ഐ.എസ്.എസ്.എ ജർമനി എന്നിവയിൽ നിന്നും നിരവധി അഭിനന്ദന പത്രങ്ങളും ലഭിച്ചിട്ടുണ്ട്.
കുടുംബം
ഭാര്യ ഡോ. ബി.എസ്. കല തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസറാണ്. മക്കൾ ഡോ.റോഷൻ, ഹരിൻ(എൻജിനിയർ).
തയ്യാറാക്കിയത്: പോൾ മാത്യു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |