ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ കേരളം കൈവരിച്ചിട്ടുള്ള അപൂർവ നേട്ടം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. രാജ്യത്തെ പല സംസ്ഥാനങ്ങൾക്കും നമ്മൾ മാതൃകയുമാണ്. പക്ഷെ അതിനനുസരിച്ചുള്ള പരിഗണനയും പിന്തുണയും പലപ്പോഴും കിട്ടാറില്ലെന്നതാണ് സത്യം. രാജ്യം മുഴുവനും സ്വകാര്യ സർവകലാശാലകളുണ്ടായിട്ടും കേരളത്തിൽ അവ തുടങ്ങുന്നതിനുള്ള കേന്ദ്രത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചെങ്കിലും കേന്ദ്രത്തിന്റെയും യു.ജി.സിയുടെയും പരിശോധന നീളുകയാണ്. യു.ജി.സിയുടെ കരട് ചട്ടക്കൂടനുസരിച്ചാണ് നിയമം ഉണ്ടാക്കിയതെന്നും മനഃപൂർവം അനുമതി നൽകാത്തതാണെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു.
മറ്റു സംസ്ഥാനങ്ങളിലില്ലാത്ത പട്ടികവിഭാഗ സംവരണവും ഫീസിളവും സ്‌കോളർഷിപ്പും കേരളത്തിലെ നിയമത്തിലുണ്ട്. 40 ശതമാനം സീറ്റുകൾ സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് നീക്കിവച്ചതിന്റെ സാധുതയിൽ നിയമസഭയുടെ സബ്‌ജക്ട് കമ്മിറ്റി ആശങ്ക അറിയിച്ചിരുന്നു. പ്രവേശനത്തിന് വാസസ്ഥലം ബാധകമാക്കരുതെന്ന് പി.ജി മെഡിക്കൽ കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതാണ്. പ്രവേശനത്തിൽ പിന്നാക്ക സംവരണം വേണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഒ.ബി.സി 27 ശതമാനം, എസ്.സി 15 ശതമാനം, എസ്.ടി 7.5 ശതമാനം വീതം സംവരണത്തിനാണ് ശുപാർശ. കേരളത്തിലെ ബില്ലിൽ പട്ടികജാതി സംവരണമുണ്ട്.
സ്വകാര്യ സർവകലാശാല തുടങ്ങാൻ കോഴിക്കോട്ട് മർക്കസും മലപ്പുറത്ത് എം.ഇ.എസും തൃശൂരിൽ 500 കോടി മുതൽ മുടക്കിൽ നെഹ്‌റു ഗ്രൂപ്പും താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ട് 350 കോടി രൂപ മുടക്കിൽ ജെയിൻ ഗ്രൂപ്പും കൊച്ചിയിൽ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതുപോലെ തൃശൂരിൽ അവിടത്തെ രൂപതയും ഗുജറാത്തിൽ സർവകലാശാലയുള്ള അദാനി ഗ്രൂപ്പും സ്വകാര്യ സർവകലാശാല തുടങ്ങാൻ താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തു സമസ്തയ്ക്കും തിരുവനന്തപുരത്തു ഹൈദരാബാദിലെ മല്ലറെഡ്ഡി സർവകലാശാലയ്ക്കും ഇക്കാര്യത്തിൽ താത്പര്യമുണ്ട്. കോഴിക്കോട്ടും പാലക്കാട്ടും മെഡിക്കൽ കോളേജുകളുള്ള മലബാർ ഗ്രൂപ്പിനും താത്‌പര്യമുണ്ട്. രാജ്യത്ത് മൊത്തം 517 സ്വകാര്യ സർവകലാശാലകളുണ്ട്. കഴിഞ്ഞവർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 44 സ്വകാര്യ സർവകലാശാലകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കാത്തത് നിർഭാഗ്യകരമാണ്.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണപരമായ നിരവധി മാറ്റങ്ങളുണ്ടാക്കുന്ന സ്വകാര്യ സർവകലാശാല വിഷയത്തിൽ കേന്ദ്രത്തിന്റെ ഉദാസീനതയെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
കേന്ദ്രത്തിന്റെ അനുമതി കിട്ടുമെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ ചട്ടങ്ങൾ തയ്യാറാക്കിയിരുന്നു. മെഡിക്കൽ, എൻജിനിയറിംഗ്, നിയമം, ഫാർമസി, പാരാമെഡിക്കൽ എന്നിങ്ങനെ വിവിധ പഠന ശാഖകളുള്ള മൾട്ടി ഡിസിപ്ളിനറി സർവകലാശാലകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. ട്രഷറിയിൽ 25 കോടി നിക്ഷേപവും പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാം. കേന്ദ്രത്തിന്റെ അനുമതി കിട്ടിക്കഴിഞ്ഞാൽ കേരളത്തിന്റെ സ്വപ്നപദ്ധതി സഫലമാകും. ആധുനിക കാലത്തിനനുസരിച്ചുള്ള വിഷയങ്ങൾ പഠിച്ചാലേ ഇന്ത്യയ്ക്കകത്തായാലും പുറത്തായാലും ജോലിസാദ്ധ്യതയുള്ളൂ. അതുപോലെ എയിംസ് വിഷയത്തിലും കേരളത്തിന്റെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. പല സംസ്ഥാനങ്ങൾക്കും കേന്ദ്രം എയിംസ് അനുവദിച്ചെങ്കിലും കേരളത്തിന്റെ കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. അടുത്തവർഷം മാർച്ചിൽ അനുവദിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ. സ്വകാര്യ സർവകലാശാല വിഷയത്തിൽ കേന്ദ്രം അനുമതി നൽകിയാൽ വിദേശ സർവകലാശാലകളിലേക്കുള്ള ഒഴുക്കിനും തടയിടാനാകും. കേന്ദ്രാനുമതി ഇനിയും വൈകില്ലെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |