SignIn
Kerala Kaumudi Online
Tuesday, 21 October 2025 1.08 AM IST

പടിക്കൽ കലമുടയ്ക്കുന്നവരും തിരുമാലികളും

Increase Font Size Decrease Font Size Print Page
as

ജാത്യാലുള്ളത് തൂത്താൽ പോകില്ല! പടിക്കൽ വച്ച് കലമുടയ്ക്കുക, കാറ്റുള്ളപ്പോൾ തൂറ്റാതെ തമ്മിലടിക്കുക തുടങ്ങിയവയൊക്കെ കേരളത്തിലെ കോൺഗ്രസുകാരുടെ ശീലമോ ശാപമോ? നീണ്ട പത്തുകൊല്ലത്തോളം ഭരണത്തിനു പുറത്ത് വെയിലും മഴയുംകൊണ്ടതും പൊലീസിന്റെ തല്ലു വാങ്ങിയതും ജയിലിൽ കിടന്നതുമൊക്ക ശീലമായിപ്പോയി. ഇനിയുമൊരു പത്തുകൊല്ലം കൂടി അതൊക്കെ സഹിക്കാനും ക്ഷമിക്കാനും തയ്യാറാണെന്നു തോന്നും, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനോക്കുമ്പോഴുമുള്ള ശീലം കണ്ടാൽ! ഭരണത്തിൽ മൂന്നാമൂഴം തേടുന്ന സഖാക്കളുടെ കൈയിൽ വിജയത്തിന്റെ സ്വർണക്കപ്പ് വീണ്ടും അവർതന്നെ സമ്മാനിക്കുമോ എന്നാണ് ശുദ്ധഗതിക്കാരായ കോൺഗ്രസുകാരുടെ ആശങ്ക! മഴ കാക്കുന്ന വേഴാമ്പലിനെപ്പോലെ കാത്തുകാത്തിരുന്നാണ് ഒടുവിൽ കെ.പി.സി.സിയിൽ ആദ്യഘട്ട പുനഃസംഘടന വന്നത്. അതും, യു.ഡി.എഫിന്റെ ശബരിമല സംരക്ഷണ പ്രചാരണ ജാഥകളുടെ മദ്ധ്യത്തിൽ. അഞ്ച് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്ത് 13 പേർ. 28 ജനറൽ സെക്രട്ടറിമാരുടെ സ്ഥാനത്ത് 58 പേർ. ആറുപേരെക്കൂടി ഉൾപ്പെടുത്തിയതോടെ രാഷ്ട്രീയ കാര്യസമിതി അംഗങ്ങളുടെ എണ്ണം 40. കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക ഉടനെ വരും. അവരുടെ എണ്ണം നൂറ് കടന്നേക്കും. ജംബോ കമ്മിറ്റി അതോടെ 'ജംബോ സർക്കസ് കമ്മിറ്റി" ആകുമെന്നാണ് സഖാക്കളുടെ പരിഹാസം.

കെ.പി.സി.സി. ഭാരവാഹികളുടെ യോഗം ചേരാൻ സ്റ്റേഡിയം ബുക്ക് ചെയ്യേണ്ടി വരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്വന്തം പാർട്ടിയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക ആദ്യം എണ്ണി നോക്കാൻ ശിവൻകുട്ടിയോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഉപദേശം. ജംബോ കമ്മിറ്റിയൊക്ക കോൺഗ്രസിന്റെ ആഭ്യന്തര വിഷയം. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക് എന്തു കാര്യം?​ പക്ഷേ, വെളുക്കാൻ തേച്ചത് പാണ്ടും, നാട്ടിലെ പാട്ടുമായാലോ?

ശബരിമല അയ്യപ്പന്റെ സ്വർണം ചെമ്പാക്കി മാറ്റിയതിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ ആരംഭിച്ചത് നാല് ശബരിമല സംരക്ഷണ പ്രചാരണ ജാഥകൾ. അതിൽ കാസർകോട്ടുനിന്ന് ആരംഭിച്ച ജാഥയുടെ ക്യാപ്ടനായിരുന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരനോട് ഈ കൊടുംചതി വേണ്ടായിരുന്നു. അതും ജാഥയുടെ 'നടു മദ്ധ്യത്തിൽ" വച്ച്. ഭാരവാഹി പട്ടിക പുറത്തുവന്നപ്പോൾ, മുരളിയുടെ കക്ഷത്തിരുന്നയാളുടെ ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു. ഒറ്റാൽ വച്ച് പിടിക്കാൻ ശ്രമിച്ച മറ്റൊരു ജനറൽ സെക്രട്ടറി സ്ഥാനവും സ്വാഹ! പക്ഷേ, രാഷ്ട്രീയ തന്ത്രശാലിയായിരുന്ന കെ. കരുണാകരന്റെ മകനല്ലേ ആൾ?​ അതിന്റെ ഗുണം കാണാതിരിക്കുമോ? തന്നെ തേച്ചൊട്ടിച്ചതിൽ ഉടനെ പൊട്ടിത്തെറിക്കാനൊന്നും പോയില്ല. ജാഥ ചെങ്ങന്നൂരിൽ അവസാനിക്കുന്നതു വരെ അതേപ്പറ്റി 'കമാ" എന്ന് മിണ്ടിയില്ല.

പിന്നീടായിരുന്നു നമ്പർ! ആരോടും മിണ്ടാതെ നേരേ വച്ചുപിടിച്ചു,​ ഗുരുവായൂരിലേക്ക്. പിറ്റേന്ന്, തുലാം ഒന്നിന് ഗുരുവായൂരപ്പ ദർശനമായിരുന്നു ലക്ഷ്യം. പക്ഷേ, പുറത്ത് കാട്ടുതീ പോലെ പടർന്നത്, അന്നു വൈകിട്ട് പന്തളത്തെ സമാപന സമ്മേളനം മുരളി ബഹിഷ്കരിച്ചെന്ന വാർത്ത! കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ ആകെ ബേജാറിൽ. ചാനലുകളിൽ ബഹിഷ്കരണ വാർത്ത നിറയുമ്പോഴും അതൊന്നും നിഷേധിക്കാതെ മുരളി. അന്ന് ഉച്ചയോടെ ദേശീയ നേതൃത്വം കിണഞ്ഞു ശ്രമിച്ച് മുരളിയെ വശത്താക്കി. നൽകിയ ഉറപ്പുകൾ എന്തൊക്കെയെന്ന് കണ്ടറിയണം. എന്തായാലും സമാപന സമ്മേളനത്തിൽ വൈകിയെങ്കിലും അദ്ദേഹം എത്തിയതോടെ നേതാക്കളുടെ നെഞ്ചിലെ കല്ലിറങ്ങി. മുരളിയും ഹാപ്പി!

ഒരു ദിവസം മുഴുവൻ ചാനലുകളിൽ നിറഞ്ഞു നിന്നതിന്റെ പബ്ളിസിറ്റി ചില്ലറയാണോ? പക്ഷേ, തൊമ്മൻ അയഞ്ഞപ്പോൾ ചാണ്ടി മുറുകി. ക്രിസ്ത്യാനികളായ ചാണ്ടി ഉമ്മനെയും യൂത്ത് നേതാവ് അബിൻ വർക്കിയെയും തഴഞ്ഞതിൽ കലിപൂണ്ട് ഓർത്തഡോക്സ് സഭ. ഇരുവരും സഭയുടെ നല്ല മക്കളാണെന്നും, വഴിയേ പോകുന്നവർക്കെല്ലാം കയറി കൊട്ടാവുന്ന ചെണ്ടയല്ലെന്നും മുന്നറിപ്പും! പുനഃസംഘടനയിൽ താൻ 'ഇത്രയേറെ സംതൃപ്തനായ" സമയം വേറേയില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആപ്പ്. പ്രതികരണം തേടിയ മാദ്ധ്യമങ്ങളോട് കലി തുള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോരന് വീണ്ടും കഞ്ഞി കുമ്പിളിലെന്ന് പാർട്ടിയിലെ പിന്നാക്ക വിഭാഗം. പോരേ പൂരം! സെക്രട്ടറി നിയമനം വരുമ്പോൾ എല്ലാം 'കോംപ്ളിമെന്റ്സാ"ക്കാമെന്ന് സമാധാനിപ്പിച്ച് നേതൃത്വം.



സ്വർണം ചെമ്പാവുന്ന കാലമാണ്. കമ്പോളത്തിൽ പവന്റെ വില ലക്ഷത്തോളമെത്തി. എന്നിട്ടും മലയാളികൾക്ക് സ്വർണത്തോടുള്ള ഭ്രമം കുറഞ്ഞോ? വിവാഹ കമ്പോളത്തിലെ വിലപേശൽ കുറഞ്ഞോ? സ്ത്രീധനമായി കൂടുതൽ സ്വർണത്തിന് ആർത്തി കാട്ടാതിരിക്കാൻ വരനും മാതാപിതാക്കളും തയ്യാറാവുമോ? അങ്ങനെ ആർത്തി മൂത്തവരെ പുറന്തള്ളാൻ പെൺകുട്ടികളും മാതാപിതാക്കളും തന്റേടം കാട്ടുമോ? എങ്കിൽ, സാധാരണക്കാരായ എത്രയോ പെൺകുട്ടികൾ പുഞ്ചിരിയോടെ മംഗല്യസൂത്രമണിഞ്ഞേനെ! പെൺമക്കളുള്ള എത്രയോ മാതാപിതാക്കളുടെ കണ്ണീരും ആധിയും ശമിച്ചേനെ.

സ്ത്രീ തന്നെ ധനമെന്ന് കരുതുന്ന പുരോഗമനാശയമുള്ള ചെറുപ്പക്കാരുടെയും സമൂഹത്തിന്റെയും കാലം വരുമെന്ന് പ്രത്യാശിക്കാം. പക്ഷേ, യുവതികൾക്ക് പ്രവേശനമില്ലാത്ത ശബരിമല ക്ഷേത്രത്തിലെ സ്വർണം രായ്ക്കുരാമാനം കടത്തിയതും സ്വർണപ്പാളികൾ ചെമ്പാക്കിതും പുരുഷന്മാരാണ്. ഭഗവാന് എന്തിന് ഇത്രും സ്വർണം? ആ സ്വർണം ഇളക്കി മാറ്റിയശേഷം സ്വർണം പൂശിയാൽ മതി. ഇളക്കിയ സ്വർണം വിറ്റ് കാശാക്കാം. അയ്യപ്പന്റെ സ്വർണത്തിന്റെ ഒളി മങ്ങിയിട്ടില്ലെന്ന് ഭക്തരെ ബോദ്ധ്യപ്പെടുത്താം!

അതുകൊണ്ടാണല്ലോ, 1998-ൽ ഘടിപ്പിച്ച സ്വർണപ്പാളികൾ 2019-ൽ ഇളക്കിമാറ്റി ചെന്നൈയിൽ കൊണ്ടുപോയി പകരം സ്വർണം പൂശിയത്. ആറുകൊല്ലം കഴിഞ്ഞ്, നിലവിലെ ദേവസ്വം ബോർഡ് ഭരണസമിതി ക്ഷേത്ര വാതിലുകളും മറ്റും ഇളക്കി അന്നത്തെ അതേ തിരുടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മുഖാന്തരം തന്നെ വീണ്ടും ചെന്നൈയിലെത്തിച്ച് അതേ സ്ഥാപനത്തിൽ കൊണ്ടുപോയി സ്വർണം പൂശിയതിനു പിന്നിലെ ലക്ഷ്യം വഴിപാടോ കൂട്ടുകച്ചവടമോ? അയ്യപ്പന്റെ കണ്ണുകൾ മൂടിക്കെട്ടാനാവില്ല. അതിന്റെ തെളിവുകൾ കണ്ടുതുടങ്ങി. കള്ള തിരുമാലികൾ അഴിയെണ്ണുമോ?



മലയാള സിനിമയ്ക്ക് ദേശീയ പുരസ്കാരം കൊണ്ടുവന്ന എം.ടിയുടെ 'നിർമ്മാല്യം" എന്ന ചിത്രത്തിൽ വെളിച്ചപ്പാടിന്റെ വേഷമിട്ട പി.ജെ. ആന്റണി,​ താൻ ആരാധിക്കുന്ന വിഗ്രഹത്തിന്റെ മുഖത്ത് നിയന്ത്രണം വിട്ട് കാർക്കിച്ചു തുപ്പുന്ന രംഗമുണ്ട്. 'നിർമ്മാല്യം" ഇന്നാണ് സിനിമയാക്കിയിരുന്നതെങ്കിൽ ഈ രംഗം ചിത്രീകരിക്കാനാവുമോ എന്ന,​ കഥാകാരൻ ടി. പദ്മനാഭന്റെ ചോദ്യം ഉയരുന്നത് നമ്മുടെ ഇന്നത്തെ ഇടുങ്ങിയ ചിന്താഗതിയുടെയും അസഹിഷ്ണുതയുടെയും നേർക്കാണ്. ഫിലിം സെൻസർ ബോർഡ് മുതൽ ദേശീയ പാഠപുസ്തക ഗവേഷണ സമിതികളുടെ വരെ തലപ്പത്തിരിക്കുന്നവരിലാണ് ഈ അസഹിഷ്ണുത കൂടുതൽ പ്രകടം!

പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ രാജാക്കന്മാരുടെ ഭരണചരിത്രം തമസ്കരിക്കുന്നത് ഇതിന്റെ ഭാഗമാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'ജാനകി v/s കേരള" എന്ന ചിത്രത്തിൽ നിന്ന് ജാനകിയുടെ പേര് മാറ്റണമെന്ന് ദേശീയ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് ആവശ്യപ്പെട്ടത് ജാനകി എന്നത് സീതാദേവിയുടെ പര്യായമായതിനാലാണത്രെ! പ്രദർശനത്തിനു തയ്യാറായ 'ഹാൽ" എന്ന ചിത്രത്തിലെ 'ബീഫ് ബിരിയാണി"യാണ് വലിയ അപകടമായി ബോർഡ് ഏറ്റവും ഒടുവിൽ കണ്ടെത്തിയത്. അതിനു പറയുന്ന കാരണം,​ മതസൗഹാർദ്ദം തകരുമെന്നും! ഇവരല്ലേ മത സൗഹാർദ്ദം തകർക്കുന്നത് ?

നുറുങ്ങ്:

 ദേവസ്വം ബോർഡിന്റെ നിലയ്ക്കലെ പെട്രോൾ പമ്പിൽ മാത്രം 40 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയെന്ന് ഹൈക്കോടതി.

○ അമ്പലം വിഴുങ്ങികൾ പെട്രോളും വിഴുങ്ങിക്കാണും!

(വിദുരരുടെ ഫോൺ: 99461 08221)

TAGS: VIRUDHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.