ന്യൂഡൽഹിി: 4 ജി സേവനം ഭാഗികമായി നടപ്പാക്കിയതോടെ ബി.എസ്.എൻ.എല്ലിിന്റെ വരിക്കാരിൽ ആഗസ്റ്റ് മാസത്തിൽ വൻവർദ്ധനയാണ് ഉണ്ടായത്. ഇപ്പോഴിതാ ദീപാവലിയോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്പനി. ദീപാവലി ബൊനാൻസ 2025 എന്ന പേരിലുള്ള ഈ ഓഫറിൽ പുതിയ ബി.എസ്.എൻ.എൽ കണക്ഷൻ എടുക്കുന്നവർക്ക് വെറും ഒരു രൂപ ചെലവിൽ ഒരു മാസത്തേക്ക് പ്രതിദിനം 2 ജിബി ഹൈസ്പീഡ് ഇന്റർനെറ്റ് ലഭിക്കും. 4 ജി നെറ്റ്‌വർക്കിൽ അൺലിമിറ്റഡ് കോൾ, 100 എസ്.എം.എസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുന്ന മറ്റ് പ്രധാന ആനുകൂല്യങ്ങൾ.
നവംബർ 15നകം പുതിയ കണക്ഷൻ എടുക്കുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക, കെ.വൈ.സി നടപടി ക്രമങ്ങൾ പൂർത്തിയാക്കി സിം ആക്ടിവേറ്റ് ആകുന്ന ദിവസം മുതൽ 30 ദിവസത്തേക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. ആഗസ്റ്റിൽ ഇതേ മാതൃകയിൽ ബി.എസ്.എൻ.എൽ അവതരിപ്പിച്ച ഫ്രീഡം ഓഫർ വലിയ വിജയം കണ്ടിരുന്നു. ആ മാസം 1.3 ലക്ഷത്തിലധികം പുതിയ ഉപയോക്താക്കളെ ചേർക്കാൻ ഈ ഓഫർ ബി.എസ്.എൻ.എല്ലിനെ സഹായിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇതാദ്യമായാണ് ബിഎസ്എൻഎല്ലിന് ഇത്രയധികം വളർച്ച ഒരുമാസം ഉണ്ടാകുന്നത്. ഇതിനുമുൻപ് ഇത്ര ശക്തമായ പ്രതിമാസ വർദ്ധന വന്നത് ഈ വർഷം മാർച്ചിലാണ്. അന്ന് 50,000 പേരെയാണ് കമ്പനി നേടിയത്. സെപ്‌തംബർ 27ന് രാജ്യമാകെ 4ജി സേവനം നടപ്പാക്കിയതായി ബിഎസ്എൻഎൽ അറിയിച്ചിരുന്നു. ആഗസ്റ്റ് മാസത്തിൽ മൂന്നാം സ്ഥാനത്തായ എയർടെൽ 4,96000 പുതിയ ഉപഭോക്താക്കളെയാണ് നേടിയത്. വോഡഫോൺ ഐഡിയ (വി) ആകട്ടെ തൊട്ടുമുൻപത്തെ മാസത്തേതിലും കുറവ് രേഖപ്പെടുത്തി. 3.09 ലക്ഷമാണ് വി കണക്ഷൻ സ്വന്തമാക്കിയത്. എന്നാൽ ആകെ കണക്ഷനുകളുടെ എണ്ണമെടുക്കുമ്പോൾ നാലാമതാണ് ബിഎസ്‌എൻഎൽ. 47.9 കോടിയാണ് ജിയോ കസ്റ്റമേഴ്‌സ്. ഭാരതി എയർടെല്ലിനാകട്ടെ 39.1 ആണ്. വി 20.3 കോടി. എന്നാൽ ബിഎസ്‌എൻഎല്ലിന് 9.17 കോടി ഉപഭോക്താക്കളാണുള്ളത്.
2024 ജൂലായിൽ മറ്റ് കമ്പനികൾ പ്ളാൻ തുക വർദ്ധിപ്പിച്ചതോടെയാണ് ബിഎസ്എൻഎല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്കുണ്ടായത്. ജൂലായ് മുതൽ 2024 ഒക്‌ടോബർ വരെ 6.78 മില്യൺ ഉപഭോക്താക്കൾ ബിഎസ്എൻഎല്ലിന് വർദ്ധിച്ചു. ആറ് മുതൽ എട്ട് മാസത്തിനിടെ ബിഎസ്‌എൻഎൽ 4ജി ടവറുകൾ 5ജി ആയി മാറ്റുമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |