അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കുന്ന രോഗാവസ്ഥയാണ് 'ഓസ്റ്റിയോപൊറോസിസ്." എല്ലുകളുടെ സാന്ദ്രത ക്രമത്തിലധികം കുറയുന്നതാണ് ഇതിനു കാരണം. കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കില്ല എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ചെറിയ വീഴ്ചയിൽപ്പോലും എല്ലുകൾ പൊട്ടുന്നതിനെ തുടർന്ന് നടത്തുന്ന പരിശോധനയിലായിരിക്കും പലപ്പോഴും ഓസ്റ്റിയോപൊറോസിസ് കണ്ടെത്തുന്നത്. എക്സ്റേ, ഡെക്‌സാ സ്‌കാൻ തുടങ്ങിയ അസ്ഥി സാന്ദ്രതാ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാനാവും.
ഇന്ത്യയിൽ അസ്ഥിക്ഷയം പൊതു ആരോഗ്യപ്രശ്നമായി കണക്കാക്കേണ്ടതുണ്ട്. നാല്പതു വയസ് പിന്നിട്ട സ്ത്രീകളിലാണ് ഓസ്റ്റിയോപൊറോസിസ് മുമ്പ് പ്രകടമായിരുന്നതെങ്കിൽ, ഈ പ്രായമെത്തുന്ന മൂന്നിലൊന്നു വീതം പേർക്ക് അസ്ഥിക്ഷയം ഉണ്ടാകുന്നുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. അമ്പത് വയസിനു മുകളിലുള്ള 20 ശതമാനം പുരുഷന്മാരെയും രോഗം ബാധിക്കുന്നുണ്ട്. എന്നാൽ, ജീവിതശൈലീ മാറ്റത്തെ തുടർന്ന്, മുപ്പതു കഴിഞ്ഞ സ്ത്രീകളിലും പുരുഷന്മാരിലും ഇപ്പോൾ അസ്ഥിക്ഷയം കണ്ടുവരുന്നുവെന്നതാണ് ആശങ്കാജനകം. അഞ്ചു വർഷത്തിനകം രോഗികളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ചികിത്സ എങ്ങനെ?
ആരംഭഘട്ടത്തിൽത്തന്നെ രോഗനിർണയം നടത്തിയാൽ ജീവിതശൈലീ മാറ്റങ്ങളിലൂടെയും ആഹാരക്രമീകരണത്തിലൂടെയും രോഗത്തെ നിയന്ത്രിക്കാം. വ്യായാമത്തോടൊപ്പം അസ്ഥികളുടെ ആരോഗ്യത്തെ പുഷ്ടിപ്പെടുത്തുന്ന ആഹാരക്രമം സ്വീകരിക്കണം. ഡോക്ടറുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ ഗുളികകളും കഴിക്കാം.
രോഗം മൂർച്ഛിച്ച അവസ്ഥയിൽ, അസ്ഥിസാന്ദ്രത കുറയുന്നത് തടയുന്ന മരുന്നുകളും കുത്തിവയ്പുകളും സ്വീകരിക്കേണ്ടിവരും. രോഗത്തിന്റെ തീവ്രത അനുസരിച്ച് നിശ്ചിത ഇടവേളകളിൽ കുത്തിവയ്പ് എടുക്കേണ്ടതായി വരും. അസ്ഥിരൂപീകരണത്തെ പരിപോഷിപ്പിക്കാനുള്ള മരുന്നുകളും ഇപ്പോൾ ലഭ്യമാണ്.
പ്രതിരോധിക്കാൻ വ്യായാമം
അസ്ഥികളുടെ ആരോഗ്യത്തിന് കഠിന സ്വഭാവമുള്ള വ്യായാമങ്ങൾ ഉത്തമമാണ്. ഭാരം ഉയർത്തൽ, നീന്തൽ, ഓട്ടം, വേഗത്തിലുള്ള നടത്തം, നൃത്തം എന്നിവ അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. ദിവസേന 45 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കണം. പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ കെ എന്നിവ അടങ്ങിയ സമീകൃത ആഹാരക്രമം സ്വീകരിക്കുന്നതും രോഗത്തെ അകറ്റിനിറുത്തും. ഇറച്ചി, മുട്ട, പാൽ, തൈര്, ഇലക്കറികൾ, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ദിവസവും പത്തു മുതൽ പതിനഞ്ച് മിനിറ്റ് വരെ ശക്തമല്ലാത്ത സൂര്യപ്രകാശം ഏല്‍ക്കുന്നത് എല്ലുകളുടെ സാന്ദ്രത കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഡി ശരീരത്തിൽ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും.
മദ്യപാനം, പുകവലി, മോശം ആഹാരശീലം എന്നിവ ഒഴിവാക്കണം. 35 വയസിനു മുകളിലുള്ളവരിൽ അസ്ഥിസാന്ദ്രതാ പരിശോധന നടത്തുന്നത് ഓസ്റ്റിയോപൊറോസിസ് നേരത്തെ കണ്ടെത്താൻ സഹായിക്കും.
(ഓർത്തോപീഡിക്സ് എം.എസ് നേടിയ ശേഷം എഫ്.എ.എസ്.എം, ആർത്രോസ്കോപ്പി ആൻഡ് സ്പോർട്സ് സ്പോർട്സ് മെഡിസിനിൽ ഇറ്റലിയിൽ നിന്ന് ഫെലോഷിപ്പ് എന്നിവ കരസ്ഥമാക്കിയ ലേഖകൻ, ഷോൾഡർ സർജറി ആൻഡ് ജോയിന്റ് റിപ്ളെയിസ്‌മെന്റ് സ്പെഷ്യലിസ്റ്റ് ആണ്. ഫോൺ: 6282745556)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |