ആലപ്പുഴ: സീസണിലെ ഒന്നാം വിളയുടെ നെല്ല് സംഭരണത്തിനുള്ള കർഷക രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും പുതുക്കിയ സംഭരണ വിലയോ, നയമോ പ്രഖ്യാപിക്കാതെ സർക്കാർ. ഇതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കർഷകർ. ആഗസ്റ്റിലാണ് സംഭരണത്തിനുള്ള രജിസ്ട്രേഷൻ സപ്ളൈകോ ആരംഭിച്ചത്. വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. എന്നിട്ടും , സപ്ളൈകോയും കൃഷി വകുപ്പും മൗനം പാലിക്കുകയാണ്.
കൂലി വർദ്ധന നടപ്പായതോടെ ഉൽപ്പാദന ചെലവ് കൂടിയിട്ടുണ്ട്.
നെല്ലിന് കിലോയ്ക്ക് 69 പൈസയാണ് കഴിഞ്ഞ വർഷം കേന്ദ്രം വർദ്ധിപ്പിച്ചത്. അതനുസരിച്ച് ഇത്തവണ കേന്ദ്ര വിഹിതമായി 23.69 പൈസയും നിലവിലെ സംസ്ഥാനത്തെ പ്രോത്സാഹന ബോണസായ 5.20 പൈസയും ചേർത്ത് 28.89 പൈസയെങ്കിലും ലഭിക്കണം. കേന്ദ്രവർദ്ധന നടപ്പാക്കുന്നതിലോ പ്രോത്സാഹന ബോണസ് വർദ്ധിപ്പിക്കുന്നതിലോ സംസ്ഥാനം നയം വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സംഭരണവുമായി ബന്ധപ്പെട്ട് മുമ്പില്ലാത്തവിധം കർശന നിബന്ധനകൾ സപ്ളൈകോ ഉൾപ്പെടുത്തുകയും ചെയ്തു.
കേന്ദ്രം തുക വർദ്ധിപ്പിക്കുന്നതനുസരിച്ച് പ്രൊഡക്ഷൻ ഇൻസന്റീവ് വെട്ടിക്കുറയ്ക്കുന്ന സംസ്ഥാനത്തിന്റെ കീഴ് വഴക്കമാണ് ഉയർന്ന വില ലഭിക്കുന്നതിന് തടസമായത്.
നെല്ല് സംഭരിച്ചാൽ 48 മണിക്കൂറിനകം പണം നൽകണമെന്നാണ് 2019 ൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ധാരണപത്രമെങ്കിലും നാളിതുവരെ നടപ്പായിട്ടില്ല.
നെല്ല് സംഭരണം
(ഒന്നാം വിള രജിസ്ട്രേഷൻ)
കർഷകർ: 21,589
വിസ്തൃതി: 35,335 ഹെക്ടർ
``നെൽ വില വർദ്ധിപ്പിക്കാനോ, നയം പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറാകാത്തതിനെതിരെ 29ന് ആലപ്പുഴയിൽ പ്രതിഷേധ സമരം സംഘടിപ്പിക്കും``
- സോണിച്ചൻ പുളിങ്കുന്ന്,
സെക്രട്ടറി ,നെൽകർഷക
സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |