ആലപ്പുഴ: മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന കരുനാഗപ്പള്ളി സുധീഷ് എന്ന ആന, തെരുവ് നായ കുരച്ചതിനെത്തുടർന്ന് വിരണ്ടോടിയത് നഗരത്തെ പരിഭ്രാന്തിയിലാക്കി. ക്ഷേത്രത്തിൽ ഇന്നലെ രാവിലെ നടന്ന ശീവേലി എഴുന്നള്ളത്തിനു ശേഷമായിരുന്നു സംഭവം. സുധീഷിനെ തളയ്ക്കാനായി നിറുത്തവേ രണ്ട് നായ്ക്കൾ ആനയ്ക്കടുത്തേക്ക് കുരച്ചുകൊണ്ട് ഓടിയെത്തി. ഭയന്ന ആന വിരണ്ട് ക്ഷേത്രത്തിന് മുന്നിലേക്ക് ഓടി. ഈ സമയം അവിടെ പ്രഭാഷണം നടക്കുകയായിരുന്നു. ആന വിരണ്ടുവരുന്നത് കണ്ട് ഭക്തർ നാല് ഭാഗത്തേക്കും ചിതറി ഓടി. ക്ഷേത്ര ഗേറ്റിലൂടെ റോഡിലേക്കോടിയ ആന എ.വി.ജെ ജംഗ്ഷനിലൂടെ സാസ് ശാന്തി തിയേറ്റർ റോഡ് വഴി പഴയ തിരുമല റോഡിലൂടെ ചുങ്കം പാലത്തിലേക്ക് പോയി. പിറകെ ഓടിയ പാപ്പാൻമാർ അവിടെ വച്ച് ആനയെ ശാന്തനാക്കി അതേ റോഡിലൂടെ തിരിച്ച് ക്ഷേത്രത്തിൽ കൊണ്ടുവന്ന് തളച്ചു. നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ല. മുല്ലയ്ക്കൽ ക്ഷേത്രത്തിലും പരിസരത്തും തെരുവ് നായ്ക്കൾ ഭീഷണി പരത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |