ഛണ്ഡീഗഡ്: കുടുംബം തന്നെ കൊല്ലാൻ പദ്ധതിയിടുന്നെന്ന് ആരോപിച്ച് മരണത്തിന് മുൻപ് യുവാവ് റെക്കോർഡ് ചെയ്ത വീഡിയോ പൊലീസിന് ലഭിച്ചു. പഞ്ചാബ് മുൻ ഡിജിപി മുഹമ്മദ് മുസ്‌തഫ, മുൻ മന്ത്രി റസിയ സുൽത്താന എന്നിവരുടെ മകൻ അകീൽ അക്തർ റെക്കോർഡ് ചെയ്ത വീഡിയോയാണ് പൊലീസിന് ലഭിച്ചത്. വീഡിയോ റെക്കോർഡ് ചെയ്ത് ദിവസങ്ങൾക്കം അദ്ദേഹം മരണപ്പെട്ടു. വീട്ടിനുളളിൽ അബോധാവസ്ഥയിലാണ് ആദ്യം അകീലിനെ കണ്ടെത്തിയത്. പിന്നീട് മരണപ്പെടുകയായിരുന്നു. അമിതമായ മയക്കുമരുന്ന് ഉപയോഗമാണ് മരണകാരണമെന്ന് കുടുംബം അവകാശപ്പെട്ടിരുന്നു.
വീഡിയോയിൽ, തന്റെ പിതാവിന് ഭാര്യയുമായി അവിഹിത ബന്ധമുള്ളതായി യുവാവ് ആരോപിക്കുന്നു. തന്നെ കൊല്ലാനോ വ്യാജ കേസിൽ കുടുക്കാനോ ഉള്ള ഗൂഢാലോചനകൾ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്റെ അമ്മയും സഹോദരിയും അതിൽ പങ്കാളികളാണെന്നും യുവാവ് വീഡിയോയിൽ ആരോപിക്കുന്നു. വ്യാജ കേസിൽ തടങ്കലിൽ വച്ചു, പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു, ബിസിനസ് വരുമാനം നഷ്ടപ്പെടുത്തി തുടങ്ങി ആരോപണങ്ങളാണ് കുടുംബത്തിനെതിരെ അകീൽ നടത്തിയത്. തന്നെ ശാരീരികമായി കുടുംബം ഉപദ്രവിച്ചെന്നും പറയുന്നുണ്ട്.
35 കാരനായ അകീൽ തന്റെ മരണത്തിന് മുൻപ് റെക്കോർഡ് ചെയ്‌ത 16 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അയൽക്കാരനായ ഷംസുദ്ദീൻ ചൗദരിയാണ് പൊലീസിന് നൽകിയത്. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ മറ്റൊരു വീഡിയോയിൽ അകീൽ തന്നെ കുടുംബത്തിനെതിരെ നടത്തിയ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. മുൻപ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും അടിസ്ഥാന വിരുദ്ധമാണെന്നും താൻ മാനസികമായി അസ്വസ്ഥനായിരുന്നപ്പോൾ ചിത്രീകരിച്ച വീഡിയോ ആണെന്നും അദ്ദേഹം വെളിപ്പെടുത്തി.
താൻ സ്കീസോഫ്രീനിയ എന്ന രോഗത്തിന് ചികിത്സയിലായിരുന്നെന്നും കുടുംബം തന്നെ നന്നായി പരിചരിച്ചിരുന്നെന്നും അകീൽ പറയുന്നു. “എന്റെ സഹോദരി എനിക്ക് മരുന്ന് തരുമായിരുന്നു. അവൾ എനിക്ക് വിഷം തരികയാണെന്ന് കരുതി ഞാൻ അത് കഴിച്ചിരുന്നില്ല.'” അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |