പ്രകൃതിസൗന്ദര്യം നിറഞ്ഞുകവിഞ്ഞ നാടാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം ലഭിച്ചതിന്റെ പ്രധാന കാരണവും അതുതന്നെ. കായലും പുഴകളും നെൽവയലുകളും കേരളത്തിന്റെ സൗന്ദര്യം വർദ്ധിപ്പിച്ചിരുന്നു. അതിനെല്ലാം ഇപ്പോൾ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നു. വിതയ്ക്കുന്ന ഘട്ടത്തിൽ പച്ചക്കടലും കൊയ്‌ത്തുകാലത്ത് സ്വർണക്കടലും പോലെ തോന്നിച്ചിരുന്ന വയൽക്കാഴ്ചകൾ മാഞ്ഞുകൊണ്ടിരിക്കുന്നു. നെൽക്കൃഷി നഷ്ടമായതോടെ വയലുകളുടെ മുഖച്ഛായ മാറുകയും വ്യാപകമായി നികത്തപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്. നെൽക്കൃഷിക്കാരുടെ ദുരിതങ്ങളും പ്രശ്നങ്ങളും അധികാരികൾ വേണ്ടരീതിയിൽ മനസിലാക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നില്ല. നഷ്ടം സഹിച്ചും മണ്ണിനോടുള്ള സ്നേഹംകൊണ്ട് നെൽക്കൃഷി ചെയ്യുന്നവർ സമരത്തിന്റെ വക്കിലാണ്.
നെൽവില വർദ്ധിപ്പിക്കാനോ നയം പ്രഖ്യാപിക്കാനോ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഈ മാസം 29ന് നെൽകർഷക സംരക്ഷണ സമിതി ആലപ്പുഴയിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നെൽവിലയും സംഭരണ നയവും സർക്കാർ പ്രഖ്യാപിക്കാത്തതാണ് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നത്. സീസണിലെ ഒന്നാം വിളയുടെ നെല്ല് സംഭരണത്തിനുള്ള കർഷക രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഇപ്പോൾപ്പോലും പുതുക്കിയ സംഭരണ വില സർക്കാർ തീരുമാനിച്ചിട്ടില്ല. സംഭരണ നയത്തിന്റെ കാര്യത്തിലും അവ്യക്തത തുടരുകയാണ്.
ഒന്നാം വിള രജിസ്ട്രേഷൻ പ്രകാരം 21,589 കർഷകരാണുള്ളത്. നെല്ല് കൃഷി ചെയ്യുന്നതിന്റെ വിസ്‌തൃതി 35,335 ഹെക്ടറും. നെല്ലു സംഭരിച്ചാൽ 48 മണിക്കൂറിനകം പണം നൽകണമെന്നാണ് 2019-ൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ധാരണാപത്രത്തിലുള്ളത്. ആ വ്യവസ്ഥ പോലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
ആഗസ്റ്റ് മാസത്തിലാണ് നെൽ സംഭരണത്തിലെ രജിസ്ട്രേഷൻ സപ്ളൈകോ ആരംഭിച്ചത്. മൂന്നുമാസമായിട്ടും പുതുക്കിയ സംഭരണ വിലയോ നയമോ പ്രഖ്യാപിക്കാൻ സർക്കാരിനായിട്ടില്ല. സപ്ളൈകോയും കൃഷിവകുപ്പും ഇക്കാര്യത്തിൽ ഉദാസീനമായ മൗനം പാലിക്കുന്നു. നെൽക്കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന കർഷകർ സഹികെട്ടാണ് സമരത്തിനൊരുങ്ങുന്നത്. കൂലി വർദ്ധന നടപ്പായതോടെ ഉത്‌പാദനച്ചെലവ് ഗണ്യമായി കൂടിയിട്ടുണ്ട്. നെല്ലിന് കിലോയ്ക്ക് 69 പൈസയാണ് കഴിഞ്ഞ വർഷം കേന്ദ്രം വർദ്ധിപ്പിച്ചത്. അതനുസരിച്ച് ഇത്തവണ കേന്ദ്രവിഹിതമായി 23.69 പൈസയും നിലവിലെ സംസ്ഥാനത്തെ പ്രോത്സാഹന ബോണസായ 5.20 പൈസയും ചേർത്ത് 28.89 പൈസയെങ്കിലും ലഭിക്കണം. കേന്ദ്ര വർദ്ധന നടപ്പിലാക്കുന്നതിലോ പ്രോത്സാഹന ബോണസ് വർദ്ധിപ്പിക്കുന്നതിലോ സംസ്ഥാനം നയം വ്യക്തമാക്കിയിട്ടില്ല. നെൽക്കൃഷി വ്യാപകമാക്കണമെന്നും വയലുകൾ തരിശിടരുതെന്നും സർക്കാർ ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷെ കൃഷിചെയ്യുന്നവരുടെ ദയനീയ സ്ഥിതി പരിഹരിക്കാതെ ഇതെങ്ങനെ നടപ്പാകും?
സമൃദ്ധമായ തെങ്ങിൻതോപ്പുകളും പൊൻകതിർക്കുലകളുടെ ചാഞ്ചാട്ടവുമായിരുന്നു ഗ്രാമീണ കർഷകരുടെ മുഖശ്രീ കൂട്ടിയിരുന്നത്. ഞാറ്റുവേലപ്പാട്ടും കൊയ്‌ത്തുപാട്ടും വെള്ളംതേവു പാട്ടുമൊക്കെ അരങ്ങൊഴിഞ്ഞിരിക്കുന്നു. യന്ത്രസംവിധാനങ്ങൾ വയലുകളിൽ കർഷകരുടെ സഹായത്തിനെത്തിയിട്ടുണ്ടെങ്കിലും നഷ്ടബോധവും നിരാശയും കർഷകരുടെ മുഖത്ത് നിഴലിക്കുന്നു. നഷ്ടം സഹിച്ചായാലും ചെയ്തുപോരുന്നത് തുടരാൻ നിർബന്ധിതരാണ് മിക്കവരും. അവരെ യഥാസമയം സഹായിക്കേണ്ട ചുമതല കൃഷിവകുപ്പിനും സർക്കാരിനുമുണ്ട്. അതു വൈകുന്നത് അനീതിയാണ്. ചേറിലും വെള്ളത്തിലും കൃഷിയിറക്കുന്നവരെ സമരത്തിലേക്കു തള്ളിവിടുന്നത് ശരിയല്ല. എന്തിനും ഏതിനും സമരം വേണ്ടിവരുന്നത് കഷ്ടമാണ്. നെൽ സംഭരണവിലയും നയവും ഉടൻ പ്രഖ്യാപിക്കാൻ അധികൃതർ തയ്യാറാകണം. ദാഹിച്ചു നട്ടംതിരിഞ്ഞാലേ തൊണ്ട നനയ്ക്കാൻ വെള്ളം കൊടുക്കൂ എന്ന അവസ്ഥ മാറിയേ തീരൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |