കേന്ദ്ര പദ്ധതികളുടെ ഗുണദോഷങ്ങൾ വിശകലനം ചെയ്യാതെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ ശക്തമായി എതിർത്ത് കോടികളുടെ ഫണ്ട് നഷ്ടപ്പെടുത്തും. നാടിന് പ്രയോജനപ്പെടുന്ന പദ്ധതിയെങ്കിലും കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി ആയതിനാൽ ദുരഭിമാനത്തിന്റെ പേരിൽ കണ്ണടച്ച് എതിർക്കുകയാണ് പല സംസ്ഥാനങ്ങളും. കേന്ദ്ര പദ്ധതിയെ അംഗീകരിക്കാതെ ഫണ്ട് ലഭിക്കില്ലെന്നാകുമ്പോൾ മറ്റു ഗത്യന്തരമില്ലാതെ അംഗീകരിക്കാൻ നിർബ്ബന്ധിതരാകുമ്പോഴേക്കും കോടികളുടെ ഫണ്ട് നഷ്ടപ്പെട്ടിരിക്കും. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച 'പി.എം ശ്രീ" പദ്ധതി (പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) കേരളത്തിൽ നടപ്പാക്കുന്നതിലും ഇതേ രീതി ആവർത്തിച്ചെങ്കിലും ഒടുവിൽ ദുരഭിമാനം വെടിഞ്ഞ് പ്രായോഗികതയിലേക്ക് എത്താൻ സർക്കാർ തയ്യാറായിരിക്കുകയാണ്. എന്നാൽ ലാപ്സായി പോകേണ്ട കോടികളുടെ കേന്ദ്ര ഫണ്ട് സ്വീകരിക്കാൻ തീരുമാനിച്ച സർക്കാരിന് സ്വന്തം മുന്നണിയിൽ നിന്നുതന്നെ എതിർപ്പ് നേരിടേണ്ടി വന്നിരിക്കുകയാണിപ്പോൾ. ഇതിനെതിരെ നിലപാട് കടുപ്പിച്ച സി.പി.ഐയുടെ എതിർപ്പിനെ കാര്യമാക്കാതെ മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. മന്ത്രിസഭയിൽ വിഷയം രണ്ടുതവണ ചർച്ചയ്ക്ക് വന്നപ്പോഴും പി.എം ശ്രീ പദ്ധതിയെ ശക്തമായി എതിർത്ത സി.പി.ഐ യെ അനുനയിപ്പിക്കാമെന്നാണ് സി.പി.എം കരുതുന്നത്. മന്ത്രിസഭയിൽ ചർച്ചപോലും നടത്താതെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പി.എം ശ്രീ പദ്ധതിക്ക് കേരളത്തിൽ പരവതാനി വിരിച്ചതോടെ ബേജാറിലായ സി.പി.ഐ യുടെ എതിർപ്പ് ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങാനാകും സാദ്ധ്യത. പദ്ധതിയിൽ ഒപ്പിടാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിന് മുഖ്യമന്ത്രിയും സി.പി.എമ്മും സമ്മതം നൽകിയതോടെ സി.പി.ഐ യുടെ എതിർപ്പ് ഏതറ്റം വരെ പോകുമെന്നത് കണ്ടറിയേണ്ടതാണ്. ഇന്ന് (ബുധൻ) നടക്കുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയ്ക്കെത്തുമ്പോൾ സി.പി.ഐ എതിർപ്പറിയിച്ചാൽ അതിനെ വിഗണിച്ച് മുന്നോട്ട് പോകാനാകും സർക്കാർ ശ്രമിക്കുക.
കാവിവത്ക്കരണത്തോട് സുല്ലിട്ടു ?
വിദ്യാഭ്യാസ പദ്ധതിയിലെ കാവിവത്ക്കരണം കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞാണ് കേന്ദ്ര വിദ്യാഭ്യാസനയങ്ങളെ കേരളം ഇതുവരെ പടിക്ക് പുറത്ത് നിറുത്തിയിരുന്നത്. കേന്ദ്ര പദ്ധതികൾ അംഗീകരിച്ചാൽ പുതിയ കേന്ദ്ര വിദ്യാഭ്യാസനയം നടപ്പാക്കേണ്ടി വരുമെന്ന് പറഞ്ഞ് കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പദ്ധതി നടപ്പാക്കിയാൽ സ്കൂളിനു മുന്നിൽ 'പി.എം ശ്രീ സ്കൂൾ" എന്ന ബോർഡ് സ്ഥാപിക്കേണ്ടി വരും. പദ്ധതിയിൽ സംസ്ഥാനം ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളുടെ ഫണ്ട് വിഹിതം ലഭിക്കാതായതോടെയാണ് കാവിവത്ക്കരണ ആരോപണം മാറ്റിവച്ച് കേരളത്തിന് വഴങ്ങേണ്ടി വരുന്നത്. സമഗ്ര ശിക്ഷ കേരളം (എസ്.എസ്.കെ ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണ്. കേന്ദ്രത്തിൽ നിന്ന് 1466 കോടി ലഭിക്കാനുണ്ടെന്നാണ് മന്ത്രി വി.ശിവൻകുട്ടി പറയുന്നത്. ഈ നില തുടർന്നാൽ വിദ്യാഭ്യാസ പദ്ധതികൾ കൂടുതൽ അവതാളത്തിലാകുമെന്ന് വന്നതോടെയാണ് കേരളത്തിന്റെ മനം മാറ്റം.
കടുത്ത എതിർപ്പുമായി സി.പി.ഐ
പദ്ധതിയിൽ അംഗമാകുന്നത് സംബന്ധിച്ച വിഷയം നേരത്തെ രണ്ടുതവണ മന്ത്രിസഭാ യോഗം ചർച്ചചെയ്തെങ്കിലും സി.പി.ഐ യുടെ എതിർപ്പിനെ തുടർന്ന് പിൻവാങ്ങിയിരുന്നു. എന്നാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനുമായി ചർച്ച നടത്തിയ മന്ത്രി ശിവൻകുട്ടി പദ്ധതി നടപ്പാക്കാൻ സി.പി.ഐ യുടെ എതിർപ്പ് മറികടന്ന് കേന്ദ്രവുമായി സന്ധിചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സാങ്കേതികത്വം പറഞ്ഞ് പാവപ്പെട്ട കുട്ടികൾക്കായി ചിലവഴിക്കേണ്ട തുക വേണ്ടെന്ന് വയ്ക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് മന്ത്രി തീരുമാനത്തെ ന്യായീകരിച്ചത്. ആരോഗ്യ, ഉന്നത വിദ്യാഭ്യാസ, കാർഷിക മേഖലകളിൽ ഈ കേന്ദ്രഫണ്ട് വാങ്ങിയെന്നതും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ആർ.എസ്.എസ് നയങ്ങളടങ്ങിയ ദേശീയ വിദ്യാഭ്യാസ നയമാണ് പി.എം ശ്രീയിലൂടെ നടപ്പാക്കുന്നതെന്നും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പത്രവാർത്തയിലൂടെയാണ് സർക്കാർ തീരുമാനം അറിഞ്ഞത്. ദേശീയവിദ്യാഭ്യാസ നയത്തിന്റെ ഉള്ളടക്കം കൂടി അംഗീകരിച്ചാണോ കരാറുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യം മന്ത്രിസഭയിൽ ചർച്ച ചെയ്തിട്ടില്ലെന്നും മന്ത്രി കെ. രാജനും പ്രതികരിച്ചു. സി.പി.ഐ മുഖപത്രത്തിൽ സി.പി.ഐ അനുകൂല അദ്ധ്യാപക സംഘടനയായ ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ തിങ്കളാഴ്ച എഴുതിയ ലേഖനത്തിലും സർക്കാർ നിലപാടിനെ കടുത്തഭാഷയിൽ വിമർശിച്ചു.
സംസ്ഥാനത്ത് 336
സ്കൂളുകൾക്ക് പ്രയോജനം
രാജ്യത്ത് സർക്കാർ മേഖലയിലുള്ള 14,500 വിദ്യാലയങ്ങളുടെ വികസനമാണ് പി.എം ശ്രീ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. ഒരു ബ്ളോക്ക് റിസോഴ്സ് സെന്ററിന് (ബി.ആർ.സി) കീഴിൽ പരമാവധി 2 സ്കൂളുകൾക്ക് പദ്ധതിയിൽ ഇടം ലഭിക്കും. പദ്ധതിയിൽ കേരളം പങ്കാളിയായാൽ 168 ബി.ആർ.സി കളിലായി 336 സ്കൂളുകൾക്ക് ഗുണകരമാകും. പ്രതിവർഷം 85 ലക്ഷം മുതൽ 1 കോടി വരെ വിവിധ പദ്ധതികൾക്ക് ലഭിക്കും. സ്കൂളുകളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുക, നവീകരണ പദ്ധതികൾ നടപ്പാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നൂതന പാഠ്യ പദ്ധതി, കുട്ടികളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ ഉൾപ്പെടുത്തിയ ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്, പ്രാദേശിക ഇന്റേൺഷിപ്പ്, ധൈഷണികശേഷി വർദ്ധിപ്പിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് ലൈബ്രറി ഗ്രാന്റ്, സ്പോർട്സ് ഗ്രാന്റ് തുടങ്ങിയവയും അനുവദിക്കും. സ്മാർട്ട് ക്ളാസ് മുറികളും ഡിജിറ്റൽ ലൈബ്രറി സംവിധാനങ്ങളും ഒരുക്കും. കുട്ടികളെ തൊഴിൽ ചെയ്യാൻകൂടി പ്രാപ്തരാക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നായി 12,505 സ്കൂളുകളാണ് പി.എം ശ്രീ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ആവിയായിപ്പോയ
എതിർപ്പുകൾ
ശക്തമായി എതിർത്തശേഷം കേന്ദ്രത്തിന് സംസ്ഥാനം വഴങ്ങുന്നത് ഇതാദ്യമായല്ല. 2018 ൽ 'ആയുഷ്മാൻ ഭാരത്" പദ്ധതിയെ തട്ടിപ്പ് പദ്ധതിയെന്ന് ഡോ. തോമസ് ഐസക് വിശേഷിപ്പിച്ചെങ്കിലും പിന്നാലെ കേരളം അതിൽ അംഗമാകുന്ന കാഴ്ചയാണ് കണ്ടത്. പ്രതിവർഷം 6000 രൂപ വീതം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്ന പി.എം കിസാൻ നിധി പദ്ധതിയുടെ അവസ്ഥയും ഇതായിരുന്നു. ഒടുവിൽ അതും അംഗീകരിക്കാതെ പറ്റില്ലെന്നായി. 'പി.എം വിശ്വകർമ്മ യോജന'യെ ആർ.എസ്.എസ് പദ്ധതിയെന്ന് വിശേഷിപ്പിച്ച് അതിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പോലും വിട്ടുനിന്ന സർക്കാർ പിന്നീട് അതും നടപ്പാക്കി. ഏറ്റവുമൊടുവിൽ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 'ആയുഷ്മാൻ ആരോഗ്യമന്ദിർ' എന്ന് നാമകരണം ചെയ്യണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് തള്ളിക്കളഞ്ഞിരുന്നു. ഒരു കാരണവശാലും നടപ്പാക്കില്ലെന്നാണ് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞത്. എന്നാൽ ആരോഗ്യമേഖലയുടെ സമഗ്ര വികസനത്തിനുള്ള കോടികളുടെ കേന്ദ്ര സഹായം നഷ്ടപ്പെടുമെന്നായപ്പോൾ കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങാതെ മറ്റു വഴിയില്ലെന്നായി. പി.എം ശ്രീയിലും ഇതാണ് ആവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |